രക്ഷിതാക്കള്‍ ശകാരിച്ചതിന് വീട് വിട്ടുപോയ വിദ്യാര്‍ഥിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് കണ്ടെത്തി

പത്തനംതിട്ടയ്ക്കടുത്ത് മേക്കൊഴൂരില്‍ നിന്നും ബുധനാഴ്ച അര്‍ധരാത്രി കാണാതായ 15-കാരനെ,പത്തനംതിട്ട പോലീസ് നേരം പുലരുന്നതിനു മുമ്പ് കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പ്പിച്ചു. രക്ഷിതാവ് വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് രാത്രി 12. 30-ഓടെയാണ് പത്താംക്ലാസ് വിദ്യാര്‍ഥി വീട് വിട്ടുപോയി എന്ന വിവരം പത്തനംതിട്ട പോലീസിനു ലഭിച്ചത്.
എസ്‌ഐ പ്രജീഷ്, എഎസ്‌ഐ ഹുമയൂണ്‍, സിപിഒ സറഫുദ്ദീന്‍, സജികുമാര്‍, രഞ്ജിത്, രഘു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മറ്റൊരു തിരോധാന കേസിന്റെ അന്വേഷണത്തിനായി ചിറ്റാറിലായിരുന്നു. ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് അവര്‍ പെട്ടെന്ന് പത്തനംതിട്ടയിലേക്ക് തിരിച്ചെത്തി. പത്തനംതിട്ട ഡിവൈഎസ്പി സജീവ്, സിഐ ന്യൂമാന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
മേക്കൊഴൂര്‍ ഉള്ള കുട്ടിയുടെ വീട്ടിലെത്തി നാട്ടുകാരുടെ സഹായത്തോടുകൂടി പ്രദേശത്ത് തിരച്ചില്‍ നടത്തി. അതേസമയം തന്നെ മറ്റ് സ്റ്റേഷനുകളിലേക്കും പട്രോളിംഗ് മൊബൈലുകളിലേക്കും വയര്‍ലെസ് മുഖേന വിവരങ്ങള്‍ കൈമാറുകയും ചെയ്തു. റെയില്‍വേ പോലീസിനേയും വിവരങ്ങള്‍ അറിയിക്കുകയും ചെയ്തു.
മേക്കൊഴൂര്‍ സഹകരണ ബാങ്കിലെ കാമറ പരിശോധിച്ചതില്‍ രാത്രി 9.35-ന് വിദ്യാര്‍ഥി മണ്ണാറക്കുളഞ്ഞി ഭാഗത്തേക്ക് നടന്നു പോകുന്നതായി കാണാന്‍ കഴിഞ്ഞു. കുട്ടി പോയ സമയത്തേക്കുറിച്ചും ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ചും ഇതോടെ ധാരണയുണ്ടായി. രാത്രി 11.30-ന് എസ്‌ഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ചിറ്റാറിലേക്ക് പോകുമ്പോള്‍, ഒരു കുട്ടി കുമ്പളാംപൊയ്കയില്‍ നിന്നും ഒരു പമ്പാബസില്‍ കയറി പോകുന്നതായി കണ്ടിരുന്നു. ആ വിദ്യാര്‍ഥിയുമായി ഈ കുട്ടിയ്ക്ക് സാമ്യമുണ്ടെന്നും, ഇതേ തരത്തിലുള്ള വസ്ത്രമാണ് ആ കുട്ടി ധരിച്ചിരുന്നതെന്നും സംഘം പെട്ടെന്ന് തിരിച്ചറിഞ്ഞു.
ഉടന്‍തന്നെ നിലയ്ക്കല്‍, പമ്പ, സന്നിധാനം കണ്‍ട്രോള്‍ റൂമുകളെയും പോലീസ് സ്റ്റേഷനുകളേയും വിവരമറിയിച്ചു. ഫോട്ടോയും മറ്റും വാട്‌സാപ്പില്‍ അയച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് പമ്പാ സിഐ വിജയന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കുട്ടിയെ പമ്പയില്‍ നിന്നു കണ്ടെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha


























