യുവാവ് കുഴിയിൽ വീണു മരിച്ച സംഭവം; റോഡുകളുടെ പണി വേഗത്തിലാക്കാൻ ഒരുങ്ങി അധികൃതർ

റോഡിലെ കുഴിയിൽ വീണു യുവാവ് മരിക്കാനിടയായതിനെത്തുടർന്നു നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കാൻ അധികൃതർ നടപടിയെടുത്തു. ജല അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി നിർമ്മിച്ച കുഴികളാണ് അടയ്ക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ റോഡുകൾ ഗതാഗത യോഗ്യമാക്കുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിലായി പാലാരിവട്ടം മുതൽ ഇടപ്പള്ളി വരെയുള്ള ഭാഗത്തെ മൂന്ന് കുഴികൾ ജല അതോറിറ്റി അസിസ്റ്റന്‍റ് എൻജിനീയറുടെ നേതൃത്വത്തിൽ മൂടി.
കൂനമ്മാവ് സ്വദേശി യദുലാലിനാണ് കുഴിയിൽ വീണു ദാരുണാന്ത്യം സംഭവിച്ചത്. യദുലാലിന്‍റെ മരണത്തിനിടയാക്കിയ കുഴിക്ക് സമാനമായി പാലാരിവട്ടം മെട്രോ സ്റ്റേഷന് മുന്നിൽ നിന്ന് നൂറ് മീറ്റർ അകലെയായി ഉണ്ടായിരുന്ന കുഴിയും അധികൃതർ ഇന്നലെ രാത്രി അടച്ചു. പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി കിട്ടാതിരുന്നതാണ് അറ്റകുറ്റപ്പണി വൈകാൻ കാരണമെന്നു ജല അതോറിറ്റി അധികൃതർ ആരോപിച്ചു. എന്നാൽ അനുമതി കിട്ടാൻ വൈകുന്നത് ജല അതോറിറ്റി ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. റോഡിലെ കുഴിയിൽ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തിൽ നാല് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























