ഞങ്ങളുണ്ട് വിളിപ്പാടകലെ : സഹായഹസ്തവുമായി സദാ സന്നദ്ധരായി കേരള പോലീസ്

കുട്ടികളുൾപ്പടെ ഇനി ആർക്കും എവിടെയും എപ്പോഴും അടിയന്തിര സഹായത്തിനായി കേരള പോലീസിനെ സമീപിക്കാം. ഒരു വിളിപ്പാടകലെ പോലീസുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ 112 എന്ന നമ്പറിലേക്കു വിളിച്ചാൽ മതി. പോലീസിന്റെ സേവനം ഉടൻ ലഭ്യമാകും. എമർജൻസി റസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്റെ പ്രചാരണാർഥമാണ്, പാമ്പ് കടിയേറ്റു ഷെഹ്‍ല എന്ന വിദ്യാർത്ഥി മരിച്ച സംഭവം പശ്ചാത്തലമാക്കി ‘ഞങ്ങളുണ്ട് വിളിപ്പാടകലെ' എന്ന ചെറു വീഡിയോ പോലീസ് പുറത്തിറക്കിയിരിക്കുന്നത്. കേരള പൊലീസ് സോഷ്യൽ മീഡിയ സെല്ലാണ് വിഡിയോ നിർമ്മിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ഏതൊരാൾക്കും അവശ്യ ഘട്ടങ്ങളിൽ സഹായത്തിനായി ടോൾ ഫ്രീ നമ്പറായ 112 ഉപയോഗിക്കാം. അടിയന്തിര സഹായങ്ങൾ ലഭ്യമാകാത്തതിനെത്തുടർന്നു നിരവധി മരണങ്ങൾ സംഭവിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് കേരളം പോലീസ് തുടക്കം കുറിച്ചത്. പൊലീസ് ആസ്ഥാന മന്ദിരത്തിലെ കോൾ സെന്ററിൽ ലഭിക്കുന്ന വിളികൾ പ്രാധാന്യം പരിഗണിച്ച് പ്രാദേശികമായി കൈമാറുകയും പെട്ടെന്നു തന്നെ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.ഫയർഫോഴ്സ്, ആരോഗ്യ ആവശ്യങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സേവനങ്ങൾ എന്നിവയും ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോയുടെ ആശയാവിഷ്ക്കാരം നിർവഹിച്ചിരിക്കുന്നത് – പി.എസ്. സന്തോഷ്, എഡിറ്റിങ് – ബിമൽ വി.എസ്., ഛായാഗ്രഹണം – രഞ്ചിത്ത് കുമാർ ആർ.എസ്.
https://www.facebook.com/Malayalivartha


























