പി.സി തോമസിനെതിരെ പരാതിയുമായി സ്ഥാപന ഉടമ രംഗത്ത്
പി.സി തോമസിനെതിരെ പരാതിയുമായി സ്ഥാപന ഉടമ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ബോര്‍ഡുകള്‍ തയ്യാറാക്കിയ വകയില്‍ കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ് പണം തരാതെ കബളിപ്പിച്ചെന്ന പരാതിയുമായി സ്ഥാപന ഉടമ രംഗത്ത്. അങ്കമാലി എയിഞ്ചല്‍ അഡ്വര്‍ടൈസിങ് സ്ഥാപന ഉടമ എം.ഡി. വര്‍ഗീസാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിച്ച പി.സി. തോമസിന് ബോര്‍ഡുകള്‍ നിര്‍മിച്ച് നല്കിയ വകയില്‍ 16,54,050 രൂപ ലഭിക്കാനുണ്ടെന്ന പരാതിയുമായി രംഗത്തെത്തിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ അങ്കമാലി പൊലിസിനോട് അന്വേഷണം നടത്താന്‍ അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജുഡീഷ്യല്‍ കോടതി നിര്‍ദേശം നല്‍കിയതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ തനിക്ക് വിഷയത്തില്‍ നേരിട്ട് ബന്ധമില്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പബ്ലിസിറ്റി കമ്മിറ്റിയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും തോമസ് പറഞ്ഞു. കോടതി നിര്‍ദേശമനുസരിച്ച് കേസന്വേഷണം ആരംഭിച്ചതായി അങ്കമാലി സി.ഐ പറഞ്ഞു.
https://www.facebook.com/Malayalivartha