ഭഗവാന്റെ നെറ്റിയിലെ ആ പ്രകാശം മാത്രം മതി... ശബരിമല യുവതീ പ്രവേശനം ഒരിക്കല്‍ക്കൂടി ചര്‍ച്ചയാകുമ്പോള്‍ നിലപാടുകള്‍ തുറന്ന് പറഞ്ഞ് യേശുദാസ്; സാക്ഷാല്‍ ധര്‍മ്മശാസ്താവാണ് ശബരിമലയില്‍ ഇരിക്കുന്നത് അതിനാല്‍ പരീക്ഷണം വേണ്ട; യുവതികള്‍ ശബരിമലയിലേക്ക് പോകരുതെന്ന് പറയുന്നത് അയ്യപ്പന്‍ നോക്കുമെന്നതു കൊണ്ടല്ല

ശബരിമലയും ഗാനഗന്ധര്‍വന്‍ കെജെ യേശുദാസും തമ്മിലുള്ള ബന്ധം ശബരിമല സന്ദര്‍ശിക്കുന്ന ഓരോരുത്തര്‍ക്കും മനസിലാകുന്നതാണ്. അയ്യപ്പന്റെ ഉറക്ക് പാട്ടായ ഹരിവരാസനം പാടിയിരിക്കുന്നത് യേശുദാസാണ്. ശബരിമലയില്‍ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് മൈക്കിലൂടെ കേള്‍പ്പിക്കുന്ന കീര്‍ത്തനമാണ് ഹരിവരാസനം. ഇത് നിത്യപൂജയുടെ ഒരു ഭാഗം കൂടിയാണ്. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികര്‍മ്മികള്‍ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേല്‍ശാന്തി നട അടയ്ക്കും.
അയ്യപ്പന്റെ രൂപഭാവങ്ങളെ വര്‍ണ്ണിക്കയും പ്രകീര്‍ത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തില്‍ ആദിതാളത്തില്‍ മധ്യമാവതി രാഗത്തില്‍ സംസ്‌കൃതപദങ്ങളാല്‍ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ് പാദങ്ങളാണ് ഉള്ളത്. അതില്‍ ഏഴുപാദം മാത്രമാണ് ശബരിമല ശാസ്താവിനെ ഉറക്കുവാന്‍ നടതുറന്നിരിക്കുന്ന ദിവസങ്ങളില്‍ രാത്രി 10.55 ന് പാടാറുള്ളത്. ഹരിവരാസനത്തിനു ശേഷം ശബരിമലയില്‍ ശരണം വിളിക്കരുത് എന്നൊരു വിശ്വാസവും നിലനിന്നു പോരുന്നു.
സ്വാമി വിമോചനാനന്ദ് 1955 ല്‍ ശബരിമലയില്‍ ആദ്യമായി ഈ കീര്‍ത്തനം ആലപിച്ചതിനുശേഷം, ഇക്കാലമത്രയും ഹരിവരാസനം പാടിയാണു ക്ഷേത്രനടയടയ്ക്കുന്നത്. സ്വാമി വിമോചനാനന്ദയുടെ പരിശ്രമഫലമായി ഹരിവരാസനം അയ്യപ്പന്റെ ഉറക്കുപാട്ടായി അംഗീകരിക്കപ്പെട്ടു. ഈ കൃതിയുടെ സംക്ഷിപ്ത രൂപം സ്വാമി അയ്യപ്പന്‍ എന്ന മലയാള ചലച്ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. യേശുദാസും ജയവിജയന്‍മാരും ചേര്‍ന്നാണ് ഹരിവരാസനം പാടിയത്. 1975 ല്‍ സ്വാമി അയ്യപ്പന്‍ എന്ന സിനിമ പുറത്തിറങ്ങിയതോടെ ആണ് ഈ കീര്‍ത്തനം ജനശ്രദ്ധ ആകര്‍ഷിച്ചത്. പിന്നീടിങ്ങോട്ട് യേശുദാസിന്റെ പാട്ടാണ് അയ്യപ്പന്റെ ഉറക്ക് പാട്ടായ് കേള്‍പ്പിക്കുന്നത്.
ശബരിമലയിലെ ദുവതീ പ്രവേശന വിവാദം സാത്വികനായ യേശുദാസിനേയും വല്ലാതെ വേദനിപ്പിച്ചു. ശബരിമലയുടെ പേരിലുള്ള വിവാദം അവസാനിപ്പിക്കണമെന്നാണ് യേശുദാസിന്റെ ആഗ്രഹം. യുവതീ പ്രവേശനത്തെ സംബന്ധിച്ച് തന്റെ ഉള്ളിലുള്ളത് തുറന്ന് പറയുകയാണ് യേശുദാസ്.
ശബരിമലയില്‍ ഒരു കാരണവശാലും യുവതികളെ പ്രവേശിപ്പിക്കരുതെന്നാണ് യേശുദാസ് വ്യക്തമാക്കുന്നത്. യുവതികള്‍ക്ക് പോകാന്‍ വേറെ എത്രയോ ക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ടെന്നെന്നും അവര്‍ക്ക് അവിടേക്ക് പോകാമല്ലോയെന്നും യേശുദാസ് പറഞ്ഞു.
ചെന്നൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് യേശുദാസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ശബരിമലയില്‍ യുവതി പ്രവേശനം പാടില്ലെന്നും യുവതികള്‍ ശബരിമലയിലേക്ക് പോകരുതെന്ന് പറയുന്നത് അയ്യപ്പന്‍ നോക്കുമെന്നതുകൊണ്ടല്ലെന്നും യേശുദാസ് കൂട്ടിച്ചേര്‍ത്തു.
സാക്ഷാല്‍ ധര്‍മ്മശാസ്താവാണ് ശബരിമലയില്‍ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ധര്‍മ്മമേ അവിടെ നടക്കൂ. കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയില്‍ നിന്നും വരുന്ന ഒരു പ്രകാശം മാത്രം മതി ഈ ലോകത്തെ ആട്ടാനും നിലനിര്‍ത്താനുമെന്നും ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം മുമ്പും പറഞ്ഞിരുന്നു.
ശബരിമലയില്‍ യുവതീ പ്രവേശനത്തെ ഇപ്പോള്‍ സര്‍ക്കാരും പോലീസും അനുകൂലിക്കുന്നില്ല. അതിനാല്‍ തന്നെ പ്രതിഷേധക്കാരുമില്ല. ഫലമോ ശബരിമലയില്‍ ഭക്തരുടെ അഭൂതപൂര്‍വമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വരുമാനത്തിലും കാര്യമായ വര്‍ധനവുണ്ട്.
https://www.facebook.com/Malayalivartha


























