കോൺഗ്രസ് മാനത്തു നോക്കി നടക്കേണ്ടി വരും; കേരളത്തിൽ സിപിഎമ്മുമായി ചേർന്നായിരിക്കും ഇനി ലീഗിന്റെ സമരങ്ങളെല്ലാം; ബിജെപിക്കെതിരെ അതി ശക്തമായ നിലപാട് എടുക്കുന്നത് കോൺഗ്രസിനെക്കാളും ഇടതു പക്ഷം

മുസ്ലീം ലീഗ് ഇടതു പാളയത്തിലേക്കോ? പൗരത്വനിയമത്തിനെതിരെ സി പി എമ്മുമായി ചേർന്ന് സമരം ചെയ്യാനുള്ള തീരുമാനം എടുത്തത് ലീഗാണ്. പിണറായി വിജയനും പി.കെ. കുഞ്ഞാലികുട്ടിയുമായി ഫോണിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒരുമിച്ചുള്ള സമരം എന്ന ആശയം ഉരുത്തിരിഞ്ഞത്. തുടർന്ന് ചെന്നിത്തലയെ കൊണ്ട് ലീഗ് സമ്മതിപ്പിച്ചു.
ദേശീയ തലത്തിൽ സി പി എം ദുർബലമാണെങ്കിലും കേരളത്തിൽ അതിശക്തമായ പേരോട്ടമാണ് പാർട്ടിക്കുള്ളതെന്ന് ലീഗ് കരുതുന്നു. ദേശീയ തലത്തിൽ കോൺഗ്രസ് ദുർബലമാണ്. കേരളത്തിലും കോൺഗ്രസിന്റെ അവസ്ഥ ദുർബലമാണ്.
അതേസമയം ഇന്ന് രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന പൗരത്വനിയമത്തിനെതിരെയുള്ള സമരത്തിൽ സർക്കാരുമായി കൈകോർക്കാനുള്ള തീരുമാനത്തിന് എ എ സി സിയുടെ പച്ചക്കൊടി കിട്ടി. സി പി എമ്മുമായി ചേർന്ന് സമരം ചെയ്യുന്നതിൽ ഒരു തെറ്റുമില്ലെന്ന് എ ഐ സിസി നേതൃത്വം ചെന്നിത്തലയെ അറിയിച്ചു. ദേശീയ തലത്തിൽ സിപിഎം യു പി എക്കുള്ളിലാണ്. ഇതോടെ എ ഗ്രൂപ്പിന്റെ വായടപ്പിക്കാൻ ഐ ഗ്രൂപ്പിന് കഴിഞ്ഞു.
ലീഗിന്റെ ആവശ്യം രമേശ് ചെന്നിത്തല അംഗീകരിച്ചതിൽ കോൺഗ്രസിനുള്ളിൽ അമർഷമുണ്ട്. 2021 ൽ കേരളത്തിൽ മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുന്ന ചെന്നിത്തലക്ക് ലീഗിനെ പിണക്കി കൊണ്ട് ഒരു തീരുമാനത്തിലെത്താൻ കഴിയില്ല. ലീഗിന്റെ കട്ടസപ്പോർട്ട് കൂടാതെ ചെന്നിത്തലക്ക് മുന്നോട്ടു ഒരടി വയ്ക്കാൻ കഴിയില്ലെന്നതാണ് സത്യം.
ചൊവ്വാഴ്ച ചില മുസ്ലീം സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ലീഗ് ഇടതുപിന്തുണയോടെ സമരം നടത്താൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാരിനെതിരെ കർശന നിലപാട് സ്വീകരിക്കുന്നതിൽ പി.കെ.കുഞ്ഞാലികുട്ടി ഉൾപ്പെടെയുള്ള ലീഗിന്റെ ദേശീയ നേതാക്കൾ പരാജയമാണെന്ന അഭിപ്രായം നേരത്തെയുണ്ട്. മുത്തലാക്ക് ബില്ലിൽ കുഞ്ഞാലിക്കുട്ടി സ്വീകരിച്ച മെല്ലെപോക്ക് നയത്തിനെതിരെ വ്യാപകമായ ആക്ഷേപം നിലവിലുണ്ട്. അതിനിടയിലാണ് പൗരത്വനിയമം വന്നത്. പൗരത്വ നിയമത്തിനെതിരെ കുഞ്ഞാലിക്കുട്ടിയും ലീഗും സ്വീകരിച്ചത് കർശന നിലപാടാണ്.
കേരളത്തിൽ ഇതിനെതിരെ സമയം ചെയ്യാൻ ലീഗിനോ കോൺഗ്രസിനോ സി പി എമ്മിന്റെ സഹായം വേണ്ട. എന്നിട്ടും സമരത്തിന് സി പി എമ്മിനെ കൂട്ടുപിടിച്ചത് എന്തിനാണെന്നാണ് ചോദ്യം.
തീവ്ര മുസ്ലീം സംഘടനകൾ ഇടതുപക്ഷവുമായി യോജിച്ച് നിൽക്കുന്നവരാണ്. അവരെ നിലയ്ക്ക് നിർത്താൻ കൂടിയാണ് ലീഗ് സിപി എമ്മിനെ കൂട്ടുപിടിച്ചത്.
നല്ല സംഘടനാ സംവിധാനമുള്ള കോൺഗ്രസ് ലീഗിന്റെ വാക്കു കേട്ട് സി പി എമ്മിനെ സമരത്തിൽ കൂട്ടിയത് എ ഗ്രൂപ്പ് കോൺഗ്രസ് നേതാക്കളിൽ വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. എ ഗ്രൂപ്പ് നേതാക്കൾ സമരത്തിന് പോകേണ്ടതില്ലെന്നു വരെ അഭിപ്രായം ഉയർന്നിട്ടുണ്ട്.
വിദേശ യാത്രാ വിവാദത്തിന്റെ പേരിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രതികൂട്ടിൽ നിർത്തിയ സമയത്താണ് ഒരുമിച്ചുള്ള സമരം എത്തിയത്. അതോടെ രമേശ് ചെന്നിത്തലക്ക് മിണ്ടാട്ടമില്ലാതായി. പിണറായി രക്ഷപ്പെട്ടെന്ന് ചുരുക്കം. കേരളത്തിൽ സിപിഎമ്മുമായി ചേർന്നായിരിക്കും ഇനി ലീഗിന്റെ സമരങ്ങളെല്ലാം. കാരണം ബിജെപിക്കെതിരെ അതി ശക്തമായ നിലപാട് എടുക്കുന്നത് കോൺഗ്രസിനെക്കാളും ഇടതു പക്ഷമാണ്.
https://www.facebook.com/Malayalivartha

























