ആറ്റുനോറ്റ് കിട്ടിയ അഞ്ചുമക്കൾ, ജനിച്ച് മൂന്നു മാസത്തിനുള്ളില്‍ മൂന്നുമക്കളും മരിച്ചു, ഒരു മകന്‍ എട്ടാം വയസ്സിലും; പിന്നെ ഉണ്ടായിരുന്ന ഒരു മകളെ പൊന്നുപോലെ നോക്കി, പക്ഷെ ദൈവം അവളെയും തട്ടിയെടുത്തതോടെ ആ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു; ഭാര്യ വീട്ടിലേക്കെന്ന് സഹോദരങ്ങളോട് പറഞ്ഞ് ഇറങ്ങിയ ദമ്പതികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി; അനാഥമായി മൂച്ചിക്കുന്ന് വീട്; നടുക്കംവിട്ടുമാറാതെ നാട്ടുകാരും ബന്ധുക്കളും

ലാളിച്ചു കൊതി തീരും മുന്‍പേ മരിച്ചുപോയ മക്കള്‍ക്കു പിന്നാലെ അച്ഛനും അമ്മയും കൂടി യാത്രയായി. അഞ്ചു മക്കളും മരിച്ചതിന്റെ വിഷമത്തില്‍ നീറിക്കഴിയുകയായിരുന്ന പാലക്കാട് കരിമ്ബ പൂളക്കുണ്ട് ചെറുള്ളി മൂച്ചിക്കുന്ന് വീട്ടില്‍ എം.ആര്‍. രാധാകൃഷ്ണന്‍ (49), ഭാര്യ കെ.വി. ലത (41) എന്നിവരെ ഇന്നലെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇന്നലെ രാവിലെയാണു പൂതനൂരിലെ ലതയുടെ വീട്ടില്‍നിന്ന് ഇരുവരും എറണാകുളത്തേക്കു പോയത്. ചെറുള്ളിയിലെ വീട്ടിലേക്കു പോകുകയാണെന്നാണു പറഞ്ഞിരുന്നത്. 11 മണിക്കു മുന്‍പായി രാധാകൃഷ്ണന്‍ അഞ്ചു സഹോദരങ്ങളുമായും ഫോണില്‍ സംസാരിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് രണ്ടു മൃതദേഹങ്ങളെക്കുറിച്ചു നാട്ടുകാര്‍ എളമക്കര പൊലീസില്‍ വിവരം അറിയിച്ചത്. ടാപ്പിങ് തൊഴിലാളിയായിരുന്ന രാധാകൃഷ്ണനും ഭാര്യയും കുറച്ചു മാസമായി എറണാകുളത്തായിരുന്നു. ഇവരുടെ അഞ്ചു മക്കളില്‍ മൂന്നു പേര്‍ ജനിച്ച് മൂന്നു മാസത്തിനുള്ളില്‍ മരിച്ചു. ഒരു മകന്‍ ലിജിത്ത് (അപ്പു) എട്ടാം വയസ്സില്‍ മരിച്ചു. അവസാന പ്രതീക്ഷയായിരുന്നു ലിമ്യ എന്ന മകള്‍. അവള്‍ വളര്‍ന്നെങ്കിലും നിത്യരോഗിയായിരുന്നു. ഉള്ളതെല്ലാം ചെലവഴിച്ചും നാട്ടുകാരുടെ സഹായത്തോടെയും ചികിത്സിച്ചെങ്കിലും അഞ്ചു മാസം മുന്‍പ്, പതിനെട്ടാം വയസ്സില്‍ ലിമ്യയും മരിച്ചതോടെ രാധാകൃഷ്ണനും ലതയും മാനസികമായി തകര്‍ന്നു. മൂന്നു മാസം മുന്‍പു രാധാകൃഷ്ണന്റെ അമ്മയും മരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























