പൗരത്വ ഭേദഗതി ബില്ല് പാസ്സാക്കിയതിനെതിരെ സമരം ചെയ്തതിന് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച ശേഷവും പോരാട്ടവീര്യം ചോരാതെ ഡല്‍ഹി ജാമിയ മില്ലിയ വിദ്യാര്‍ത്ഥികള്‍

പൗരത്വ ഭേദഗതി ബില്ല് പാസ്സാക്കിയതിനെതിരെ സമരം ചെയ്തതിന് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച ശേഷവും പോരാട്ടവീര്യം ചോരാതെ ഡല്‍ഹി ജാമിയ മില്ലിയ വിദ്യാര്‍ത്ഥികള്‍. ഇന്നലെ നടത്തിയ സമരത്തിന് നേരെയാണ് പൊലീസ് അതിക്രമം നടത്തിയത്. ആസ്മരോഗിയായ വിദ്യാര്‍ത്ഥിയെ പോലും ക്രൂരമായി മര്‍ദ്ദിച്ചെന്ന് സമരക്കാര്‍ ആരോപിക്കുന്നു. നിരവധി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ വിട്ടയയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. ചിലരെ ഇന്നലെ വിട്ടയച്ചതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ വീണ്ടും ആരംഭിക്കുകയായിരുന്നു.
സര്‍വ്വകലാശാല പ്രവേശന കവാടത്തിന് മുന്നില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് മുദ്രാവാക്യം വിളികളുമായി എത്തിയിരിക്കുന്നത്. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ശരീരത്തിലുണ്ടായ പാടുകള്‍ കാണിക്കാന്‍ ഷര്‍ട്ട് ഊരിയാണ് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ പങ്കെടുത്തത്. ഇവര്‍ക്ക് പിന്തുണയുമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സര്‍വ്വകലാശാല അനുമതി ഇല്ലാതെയാണ് പൊലീസ് ക്യാംമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ അക്രമിച്ചത്. ഇതോടെ ഇന്നലെ രാത്രി വൈകിയും ഡല്‍ഹിയില്‍ വന്‍പ്രതിഷേധങ്ങള്‍ ഉണ്ടായി. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയച്ചതിന് ശേഷം മാത്രമാണ് ഇന്ന് പുലര്‍ച്ചെ സമരക്കാര്‍ പിരിഞ്ഞ് പോയത്. കല്‍ക്കാജി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥികളില്‍ ചിലരെ ഇനിയും വിട്ടയച്ചിട്ടില്ല.
ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് പരസ്യപിന്തുണ അറിയിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തി. ഇത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ പോലീസ് നടത്തിയ അക്രമങ്ങളുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് കട്ജു തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. 'കാത്തിരുന്ന വിപ്ലവം വരുന്നെന്ന് ഉറപ്പുനല്‍കുന്നു' എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. പിന്നാലെ പൊലീസ് അക്രമത്തിനെതിരെ ജാമിയ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ രംഗത്തെത്തി. സമരത്തിന് വിദ്യാര്‍ത്ഥികള്‍ ഒറ്റയ്ക്കല്ലെന്നും താനടക്കം നിരവധി പേര്‍ ഒപ്പമുണ്ടെന്നും അവര്‍ പ്രതികരിച്ചു.
അതിനിടെ അലിഗര്‍ മുസ്്‌ലിം സര്‍വ്വകലാശാലയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുമെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് മുന്നറിയിപ്പ് നല്‍കി. ജാമിയ സമരത്തിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അലീഗറിലും പോലീസ് ആക്രമണം അഴിച്ചു വിട്ടിരുന്നു. ഇന്നലെ രാത്രി തന്നെ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സിക്രട്ടറി ഇടി. മുഹമ്മദ് ബഷീര്‍ എം പി ഡല്‍ഹിയിലെത്തി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചു.
മര്‍ദ്ദിച്ചും ഭയപ്പെടുത്തിയും ഒരു സമൂഹത്തെയും പരാജയപ്പെടുത്താന്‍ കഴിയുമെന്ന് ഹിന്ദുത്വ ഭരണകൂടം തെറ്റിദ്ധരിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്റെ കരുത്തും പോരാട്ടത്തിന്റെ ഇസ്സത്തുമുള്ള ജനതയാണിത്. അവര്‍ എല്ലാം അതിജയിക്കും എന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കേരളത്തില്‍ എസ്.എഫ്.ഐയും കെ.എസ്.യുവും എം.എസ്.എഫും രംഗത്തെത്തി. ഇന്നലെ രാത്രി ഡിവൈഎഫ്‌ഐയും കെ.എസ്.യുവും രാജ് ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പൊലീസ് ജലപീരങ്കി ഉപയോഗിച്ചാണ് അതിനെ നേരിട്ടത്. രാജ്യമാകെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ ഭരണകൂടം അയയുമെന്ന സൂചനയാണ് ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha

























