ക്രൂരമായ മര്‍ദനത്തിന് ശേഷം ജനനേന്ദ്രിയത്തിലും പിന്‍ ഭാഗത്തും പൊള്ളലേൽപ്പിച്ച് വയലിൽ ഉപേക്ഷിച്ചു; തിരുവനന്തപുരത്ത് തിരുവല്ലത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു ആൾക്കൂട്ട കൊലപാതകം കൂടി. തിരുവനന്തപുരത്ത് തിരുവല്ലത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. തിരുവല്ലത്തിനടുത്ത് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് മര്‍ദിച്ച മുട്ടയ്ക്കാട് സ്വദേശി അജേഷ് എന്ന യുവാവാണ് മരിച്ചത്.
ക്രൂരമായ മര്‍ദനത്തിന് ശേഷം യുവാവിന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പിക്കുകയായിരുന്നു. അജേഷിന്റ വീട്ടില്‍ വച്ചായിരുന്നു ആക്രമണം. ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.
40,000 രൂപയും മൊബൈല്‍ ഫോണും അജേഷ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പ്രധാന പ്രതിയായ ജിനേഷ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ അജേഷിനെ പിടിച്ചുകൊണ്ടുപോയി വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദിച്ചത്. നടുറോഡില്‍ നിന്ന് സംഘം ചേര്‍ന്ന് പിടിച്ചുകൊണ്ടുപോയി വീട്ടിലെത്തിച്ച ശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
അജേഷിന്റെ വീട്ടില്‍ തന്നെ മോഷണം പോയ ഫോണ്‍ ഉണ്ടെന്ന് ആരോപിച്ച് പരിശോധന നടത്താനെത്തിയവരാണ് മര്‍ദിച്ചത്. ഫോണ്‍ കിട്ടാതെ വന്നതോടെ കമ്പുകൊണ്ട് അടിച്ച ശേഷം വീട്ടിലുണ്ടായിരുന്നു വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും വച്ച് പൊള്ളിച്ചു. മര്‍ദനത്തിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച അജേഷ് വയലിലെത്തി അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ച ശേഷം പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണ് അജേഷ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍മാരും അജേഷിന്റെ അയല്‍വാസിയായ ഒരു യുവാവും അടക്കം അഞ്ച് പേരെയാണ് റിമാന്‍ഡ് ചെയ്തത്. തിരുവല്ലം സ്റ്റേഷനില്‍പ്പെട്ട വണ്ടിത്തടം ജങ്ഷനില്‍ വച്ചാണ് സംഭവം നടന്നത്.
പോലീസ് സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ;
ബസ്സ് സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയപ്പോള്‍ മലപ്പുറം സ്വദേശിയായ യുവാവിന്റെ 40000 രൂപയും മൊബൈല്‍ ഫോണും അടങ്ങുന്ന ബാഗ് മോഷണം പോയി. ഈ സംഭവം അടുത്തുള്ള ഓട്ടോക്കാരെ അറിയിച്ചപ്പോള്‍ അവര്‍ അവിടെ സ്ഥിരം മോഷണം നടത്തുന്ന യുവാവാണ് എന്നാരോപിച്ച് യുവാവിനെ പിന്‍തുടര്‍ന്ന് പിടിക്കുകയും യുവാവിനെ മര്‍ദ്ദിക്കുകയും വെട്ടുകത്തി ചൂടാക്കി യുവാവിന്റെ ജനനേന്ദ്രിയത്തിലും പിന്‍ ഭാഗത്തും പൊള്ളിക്കുകയും തുടര്‍ന്ന് പാപ്പാന്‍ചാണിയിലുള്ള ഒരു വയലില്‍ ഉപേക്ഷിച്ചിട്ട് പോവുകയും ചെയ്തു എന്നും സംഭവത്തെ കുറിച്ച് പോലീസ് പറയുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്തരത്തിൽ എട്ട് സംഭവങ്ങളാണ് കേരളത്തിൽ നടന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ കോയ എന്നയാളും ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മോഷണം ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു, കൊല്ലം അഞ്ചലിൽ ഇതര സംസ്ഥാന തൊഴിലാളി മാണിക് റോയ്, കോട്ടക്കലിൽ മർദ്ദനത്തെ തുടർന്ന് ജീവനൊടുക്കിയ സാജിദ്, ഒരു ഗർഭസ്ഥ ശിശു, രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവരും കേരളത്തിൽ ആൾക്കൂട്ട കൊലപാതകത്തിന്‍റെ ഇരകളാണ്.
https://www.facebook.com/Malayalivartha

























