ഭാര്യമാർ ഓഫീസിൽ ഭർത്താക്കൻമാർക്ക് രക്ഷയില്ല; പോലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാർ വനിതാ കമ്മിഷനിൽ

പോലീസ് ക്യാമ്പുകളിൽ മാനസിക പീഡനം ഉണ്ടെന്ന ആരോപണം ഉയരാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി.മാനസിക പീഡനം സഹിക്കാനാവാതെ പോലീസ് ഉദ്യോഗസ്ഥർ ആത്മഹത്യാ ചെയ്യുന്നതാ യുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. ഇപ്പോഴിതാ ഭർത്താക്കൻ മാർക്കു മാനസിക പീഡനം നേരിടുന്നു എന്ന ആരോപണവുമായി ഭാര്യമാർ തന്നെ രംഗത്തെത്തിയിരിക്കുന്നു.
മേലുദ്യോഗസ്ഥൻ ഭർത്താക്കൻമാരെ മാനസികമായി പീഡിപ്പിക്കുന്നതായാരോപിച്ച് 12 കീഴുദ്യോഗസ്ഥരുടെ ഭാര്യമാരാണ് വനിതാ കമ്മിഷന് പരാതി നൽകിയത് . കാസർകോട് പോലീസിലെ വാർത്താവിനിമയവിഭാഗം ഇൻസ്പെക്ടർക്കെതിരേയാണ് പരാതി. തിങ്കളാഴ്ച തെളിവെടുപ്പിന് ഹാജരാകാൻ ഇൻസ്പെക്ടർക്ക് നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ലെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ അറിയിച്ചു. ഈ സാഹചര്യത്തിൽ പരാതിയെക്കുറിച്ചന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് ഡി.ശില്പയ്ക്ക് കമ്മിഷൻ നിർദേശം നൽകി.
ജനുവരി 24-ന് നടക്കുന്ന അടുത്ത സിറ്റിങ്ങിൽ ഹാജരാകാൻ ഇൻസ്പെക്ടറോട് നിർദേശിച്ചിട്ടുണ്ട്. ജില്ലാ പോലീസ് ആസ്ഥാനത്താണ് ഇദ്ദേഹത്തിന്റെ ഓഫീസ്. അവിടെയുണ്ടാകുമെന്ന ധാരണയിൽ വനിതാ കമ്മിഷൻ പ്രതിനിധിയെ അയച്ചെങ്കിലും ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ ഓഫീസിൽ എസ്.ഐ.മാരും സിവിൽ പോലീസ് ഓഫീസർമാരുമായി 28 ജീവനക്കാരാണുള്ളത്. ഇതിൽ 12 പേരുടെ ഭാര്യമാരാണ് പരാതി നൽകിയത്.
പരാതിക്കാരിൽ ആറുപേർ തിങ്കളാഴ്ച ഹാജരായി മൊഴിനൽകി. ഭർതൃപിതാവ് കുഴഞ്ഞുവീണതായി വിവരമറിയിച്ചിട്ടും ഭർത്താവിനെ വീട്ടിൽപ്പോകാനനുവദിച്ചില്ലെന്നും സമയത്തിന് ആസ്പത്രിയിലെത്തിക്കാൻ കഴിയാഞ്ഞതിനാൽ ഭർതൃപിതാവ് മരിച്ചെന്നും ഒരാൾ മൊഴിനൽകി. സോജൻ എന്ന പോലീസുകാരനെതിരേ ഇല്ലാത്തകാര്യങ്ങൾ പറഞ്ഞ് മുകളിലേക്ക് റിപ്പോർട്ട് നൽകി. ഇതേത്തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരത്ത് പരിശീലനത്തിനയച്ചു. പരിശീലനത്തിനിടെ പരിക്കേറ്റ സോജൻ മരിച്ചു. പീഡനം സഹിക്കാനാകാതെ രണ്ടുപേർ സ്ഥലംമാറ്റംവാങ്ങി പോയി. ജോലികഴിഞ്ഞ് വീട്ടിൽ വന്നാലും ഭർത്താക്കൻമാർ കടുത്ത വിഷാദത്തിലാണ്. ഉറക്കമില്ലായ്മയുണ്ട്. ഉറക്കത്തിൽ ഞെട്ടിയെഴുന്നേൽക്കുന്നതും പതിവാണെന്ന് പരാതിയിൽ പറയുന്നു.
എറണാകുളം സ്വദേശിയാണ് ഇൻസ്പെക്ടർ. 2018-ലാണ് ഇവിടെ ചുമതലയേറ്റത്. ഓഗസ്റ്റിൽ കോതമംഗലത്തേക്ക് സ്ഥലംമാറ്റംകൊടുത്തെങ്കിലും കോടതിയിൽനിന്ന് സ്റ്റേവാങ്ങി കാസർകോട്ടുതന്നെ തുടരുകയാണ്. നിത്യച്ചെലവിന് പണമാവശ്യപ്പെടുന്നു, നിസ്സാരകാര്യത്തിനുപോലും വിശദീകരണമാവശ്യപ്പെട്ട് മെമ്മോ നൽകുന്നു, മറുപടികൊടുത്താലും കിട്ടിയില്ലെന്നുപറഞ്ഞ് പീഡിപ്പിക്കുന്നു, സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും തടയുന്നു, ദൂരസ്ഥലത്ത് ഡ്യൂട്ടിക്ക് പോകേണ്ട വിവരം അവസാനനിമിഷമാണ് അറിയിക്കുന്നത് തുടങ്ങി നിരവധി ആരോപങ്ങളാണ് ഉയരുന്നത്
എന്നാൽ സേന എന്നനിലയ്ക്ക് ജോലിയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് ചിലർ തനിക്കെതിരേ പരാതിപ്പെട്ടതെന്ന് ഇൻസ്പെക്ടർ പ്രതികരിച്ചു. മേലുദ്യോഗസ്ഥർക്ക് പലതവണ ഇവർ പരാതി നൽകിയിരുന്നു. അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. പോലീസിൽ ഏറ്റവും അത്യാവശ്യരേഖയായ ജനറൽ ഡയറി എഴുതുന്നതിൽ ഗുരുതരവീഴ്ച വരുത്തിയവർക്കെതിരേ റിപ്പോർട്ട് നൽകാതിരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























