സംസ്ഥാന വ്യാപക ഹര്‍ത്താല്‍ തുടരുന്നു... കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കല്ലേറുണ്ടായി... സംസ്ഥാനത്ത് മൊത്തം 100ല്‍ അധികംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു; അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ് കണ്‍ട്രോള്‍ റൂമുകളില്‍ ഫയര്‍ഫോഴ്‌സ് സ്‌ട്രൈക്കിംഗ് സംഘത്തെ വിന്യസിച്ചു.. ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളോ, വഴിതടയലോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പിയുടെ അതീവജാഗ്രതാ നിര്‍ദേശം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകള്‍ ഉള്‍പ്പെടുന്ന സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താല്‍ തുടരുന്നു. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കല്ലേറുണ്ടായി. സംസ്ഥാനത്ത് മൊത്തം 100ല്‍ അധികംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മിക്ക ജില്ലകളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.മലപ്പുറം തിരൂരില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കടകള്‍ അടപ്പിക്കാനും, വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്ത് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. മൂന്നാറിലും ആലുവയിലും കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി.
അതേസമയം, ഹര്‍ത്താലിന്റെ ഭാഗമായി കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരെ കരുതല്‍ തടങ്കലിലാക്കി.പാലക്കാട് ജില്ലയില്‍ കെഎസ്‌ആര്‍ടിസി ബസ് തടയാന്‍ ശ്രമിച്ച ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ട് പേരും പോലീസ് കസ്റ്റഡിയിലാണ്.കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ 13 പേര്‍ കരുതല്‍ തടങ്കലിലാണ്. കണ്ണൂരില്‍ ഇതുവരെ സ്ഥിതി ശാന്തമാണെന്നാണ് റിപ്പോട്ട്. സ്വകാര്യ ബസുകള്‍ ഓടുന്നില്ല. കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നുണ്ട്. ജില്ലയില്‍ ആകെ ഇതുവരെ 50 പേരെ കരുതല്‍ തടങ്കലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ ചക്കരക്കല്‍, പരിയാരം, എടക്കാട്, പാനൂര്‍, മട്ടന്നൂര്‍, മുരിങ്ങോടി എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ ടയര്‍ കത്തിച്ചു.
ആലുവയില്‍ കെഎസ്‌ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ആലുവ - മൂന്നാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. എറണാകുളത്തും നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നടത്തുണ്ട്. അതേസമയം ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കി. സംഘര്‍ഷ സാദ്ധ്യതയുള്ള മേഖലകളില്‍ ഇന്നലെ വൈകിട്ടോടെ പൊലീസിനെ വിന്യസിച്ചു. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരോടെല്ലാം ഡ്യൂട്ടിക്ക് ഹാജരാകാന്‍ നിര്‍ദേശിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ് കണ്‍ട്രോള്‍ റൂമുകളില്‍ ഫയര്‍ഫോഴ്‌സ് സ്‌ട്രൈക്കിംഗ് സംഘത്തെ വിന്യസിച്ചു. പ്രശ്നസാധ്യതയുള്ള മേഖലകളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരെ നിയോഗിച്ചു. ജില്ലകളിലെ സുരക്ഷ അതത് പൊലീസ് മേധാവിമാര്‍ നേരിട്ട് വിലയിരുത്തും. ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളോ, വഴിതടയലോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പി അതീവജാഗ്രതാ നിര്‍ദേശം നല്‍കി. റോഡ് തടസപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ പൊലീസ് തുടര്‍ച്ചയായി റോന്ത് ചുറ്റും. സഞ്ചാരസ്വാതന്ത്യം തടസപ്പെടാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാനും പാടില്ല. അക്രമത്തിന് നേതൃത്വം നല്‍കാനിടയുള്ളവരെ കരുതല്‍ തടങ്കലില്‍ വയ്ക്കും. പൊതുസ്ഥലങ്ങളില്‍ ഇന്ന് കൂട്ടംകൂടാന്‍ അനുവദിക്കില്ല.
https://www.facebook.com/Malayalivartha

























