എല്ലാ ആശ്വാസ വാക്കുകള്‍ക്കും അപ്പുറമാണ് അവരുടെ നഷ്ടം; ഒരു ശക്തിക്കും ചന്ദ്രബോസിന്റെ കൊലയാളിയെ നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപെടുത്താന്‍ കഴിയില്ല

ലോകത്തിലെ ഒരു ശക്തിക്കും ചന്ദ്രബോസിന്റെ കൊലയാളിയെ നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപെടുത്താന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ വീട് സന്ദര്‍ശിച്ച ശേഷം ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
അതിക്രൂരമായി കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ വീട് ഇന്നലെ സന്ദര്‍ശിക്കുകയുണ്ടായി. തികച്ചും വികാരനിര്‍ഭരമായ നിമിഷങ്ങളായിരുന്നു അത്. ചന്ദ്രബോസിന്റെ അമ്മയുടെയും , ഭാര്യയുടെയും മുന്നില്‍ ഔപചാരികമായ ആശ്വാസവാക്കുകള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ലായിരുന്നു. എല്ലാ ആശ്വാസവാക്കുകള്‍ക്കമപ്പുറമാണ് അവരുടെ നഷ്ടത്തിന്റെ ആഴമെന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ ഒരു കാര്യം ചന്ദ്രബോസിന്റെ കുടുംബത്തിനും, കേരളീയ സമൂഹത്തിനും ഉറപ്പു നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ കുടുംബത്തിന് നീതി ഉറപ്പാക്കുന്ന കാര്യത്തില്‍, ചന്ദ്രബോസിന്റെ കൊലയാളിയെ മാതൃകാപരമായി ശിക്ഷിക്കാന്‍ സാഹചര്യമൊരുക്കുന്ന കാര്യത്തില്‍ ആഭ്യന്തര വകുപ്പ് സാധ്യമായതെല്ലാം ചെയ്യും. ലോകത്തിലെ ഒരു ശക്തിക്കും ചന്ദ്രബോസിന്റെ കൊലയാളിയെ നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപെടുത്താന്‍ കഴിയില്ല.
സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ ചന്ദ്രബോസിന്റെ വീട്ടുകാര്‍ക്ക് പൂര്‍ണ വിശ്വാസമാണുള്ളതെന്ന് അവര്‍ വെളിപ്പെടുത്തുകയുണ്ടായി. കേസിന്റെ വിചാരണ വേളയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും, 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നും, അതിവേഗ കോടതിയില്‍ വിചാരണ നടത്തണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടുണ്ട്.
ആഭ്യന്തരവകുപ്പ് ഈ ആവശ്യങ്ങള്‍ പരിഗണിക്കുകയും, വേണ്ട നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളുകയും ചെയ്യും. പ്രതിയായ നിസാമിനെതിരെ ഗുണ്ടാ നിയമമായ കാപ്പ ചുമത്തുന്ന കാര്യത്തില്‍ ജില്ലാ കളക്റ്റര്‍ ഉടന്‍ തന്നെ തിരുമാനമെടുക്കും. പണവും സ്വാധീനവും ഉപയോഗിച്ച് പ്രതി രക്ഷപ്പെടുമെന്ന് ആരും കരുതേണ്ട. ഇതുപോലുള്ള കൊടുംക്രൂരതകള്‍ ഇനിയും അരങ്ങേറാന്‍ പാടില്ല. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ എത്രയൊക്കെയുണ്ടായാലും അതിനൊയൊക്കെ അതിജീവിച്ച് അന്വേഷണം സംഘം മുന്നോട്ട് പോകും. അതിനായി ഓരോ ദിവസത്തെയും അന്വേഷണ പുരോഗതി ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ഞാന്‍ നേരിട്ട് വിലയിരുത്തും. മുമ്പ് നിസാമെനിതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതില്‍ അധികാര ദുര്‍വിനിയോഗം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha