കാഴ്ചയിൽ തേങ്ങ കയറ്റിയ വാഹനം, ഉള്ളിൽ 60 ചാക്ക് ലഹരി; പ്രതി അറസ്റ്റിൽ

പാലക്കാട്ട് നിന്ന് എക്സൈസ് പിടികൂടിയത് ഒരു ലക്ഷത്തിലധികം നിരോധിത പാന്‍മസാല പായ്ക്കറ്റുകള്‍. ലഹരി വസ്തുക്കള്‍ കണ്ടെത്താതിരിക്കാന്‍ പിക്ക് അപ്പ് വാനിൽ തേങ്ങ അടുക്കിവച്ചായിരുന്നു തട്ടിപ്പ്. അറുപതു ചാക്കുകളിലായി ഒരുലക്ഷത്തിലധികം പാന്‍മസാല പായ്ക്കറ്റുകള്‍ പാലക്കാട് കൂട്ടുപാതയില്‍ വച്ച് എക്സൈസ് പിടികൂടുകയായിരുന്നു.
പൊളളാച്ചിയിയില്‍ നിന്ന് പാലക്കാട്ടെ രഹസ്യകേന്ദ്രത്തിലേക്ക് എത്തിച്ചതാണെന്നാണ് വാഹനത്തിന്റെ ഡ്രൈവര്‍ കൊഴിഞ്ഞാമ്പാറ സ്വദേശി അരുണ്‍ പറയുന്നത്. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു. അഞ്ചുലക്ഷംരൂപയ്ക്ക് തമിഴ്നാട്ടില്‍ നിന്ന് വാങ്ങിയ പാന്‍മസാല പായ്ക്കറ്റുകള്‍ക്ക് കേരളത്തിലെ ചില്ലറ വിപണിലെത്തുമ്പോൾ മുപ്പതുലക്ഷം രൂപവരെയാണ് വില. മുന്‍കാലങ്ങളിലും നിരവധി വാഹനങ്ങളില്‍ സമാനമായ രീതിയില്‍ അരുണ്‍ ലഹരിവസ്തുക്കള്‍ കടത്തിയിട്ടുണ്ട്. പാലക്കാട്ടെ ലഹരിവില്‍പ്പന കേന്ദ്രങ്ങളെക്കുറിച്ചും ഇവരുടെ സാമ്പത്തികസ്രോതസുകളെക്കുറിച്ചും പോലീസ് അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha























