വെള്ളാപ്പള്ളി പറഞ്ഞാൽ സ്കൂൾ തുറക്കൽ വൈകും; ശിവഗിരി തീർത്ഥാടന ദിവസങ്ങളിൽ അവധി അനുവദിക്കാത്തതിന്റെ പേരിൽ ശിവഗിരി മഠവും സർക്കാരുമായി ഉടക്കിന്റെ വഴിയിൽ

ശിവഗിരി തീർത്ഥാടന ദിവസങ്ങളിൽ അവധി അനുവദിക്കാത്തതിന്റെ പേരിൽ ശിവഗിരി മഠവും സർക്കാരുമായി ഉടക്കിന്റെ വഴിയിൽ. എൺപത്തിയേഴാമത് ശിവഗിരി തീർത്ഥാടനം നടക്കുന്ന ഡിസംബർ 30, 31, ജനുവരി 1 തീയതികൾ ഇത്തവണ സർക്കാരാഫീസുകൾക്ക് പ്രവൃത്തിദിനങ്ങളാണ്. ക്രിസ്മസ് അവധികഴിഞ്ഞ് സ്കൂളുകളും തുറക്കും. ഈ സാഹചര്യത്തിൽ ക്രിസ് മസ് അവധി ദിവസങ്ങൾ പുന: ക്രമീകരിക്കണമെന്നും ശിവഗിരി തീർത്ഥാടന ദിവസങ്ങളിൽ അവധി നൽകണമെന്നും സർക്കാരിനോട് അഭ്യർത്ഥിച്ചതായി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. എന്നാൽ ഇതേവരെ അനുകൂല മറുപടി ലഭിച്ചിട്ടില്ല. ഇതാണ് ശിവഗിരി മഠത്തെ പ്രകോപിപ്പിച്ചത്.
കഴിഞ്ഞ കൊല്ലം ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന ദിവസമായിരുന്നു നവോത്ഥാന മതിൽ. ആധുനിക കേരളത്തിന്റെ നവോത്ഥാന ശില്പിയാണ് ഋഷീശ്വരനായ ശ്രീനാരായണഗുരു. ഗുരു കല്പിച്ചനുഗ്രഹിച്ചതാണ് ശിവഗിരി തീർത്ഥാടനം. കേവലം ആത്മീയത മാത്രമല്ല ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യം. ഭൗതിക ജീവിത പുരോഗതിക്കാവശ്യമായ വിഷയങ്ങൾ തീർത്ഥാടന ദിവസങ്ങളിൽ ചർച്ച ചെയ്യണമെന്നും തീർത്ഥാടകർ അത് സശ്രദ്ധം കേട്ട് ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നും ഗുരു കല്പിച്ചിരുന്നു. എന്നാൽ സർക്കാർ ഉദ്യോഗസ്ഥരും അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന സമൂഹത്തിന് അവധിയെടുക്കാതെ തീർത്ഥാടന ദിവസങ്ങളിൽ ഇത്തവണ ശിവഗിരിയിലെത്താനാവില്ല. സർക്കാർ സമീപനം ശിവഗിരി മഠത്തിന്റെയും ഗുരുഭക്തരുടെയും ദുഖമായി അവശേഷിക്കുന്നുവെന്ന് സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.
ശിവഗിരി മoത്തിന്റെയും എസ് എൻ ഡി പി യോഗത്തിന്റെയും മൊത്ത കച്ചവടം വെള്ളാപ്പള്ളി നടേശനാണ് ഏറ്റെടുത്തിരിക്കുന്നത്. ശിവഗിരി മഠം പറഞ്ഞാലൊന്നും സർക്കാരും പിണറായിയും തീരുമാനമെടുക്കില്ല. ശിവഗിരി മഠം പരസ്യമായി അത്യപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിൽ വെള്ളാപ്പള്ളിയുടെ അഭിപ്രായം സർക്കാർ തേടാതിരിക്കില്ല. വെള്ളാപ്പള്ളി പച്ചകൊടി കാണിച്ചാൽ സർക്കാർ തീരുമാനം തിരുത്തും. എന്നാൽ വെള്ളാപ്പള്ളി നടേശൻ ശിവഗിരിയോട് അനുകൂല സമീപനമല്ല സ്വീകരിക്കുന്നത്. ഈഴവ സമുദായത്തിന്റെ ഗുരുശ്രേഷ്ഠൻ താനാണെന്ന് വെള്ളാപ്പള്ളി വിശ്വസിക്കുന്നു.
ജനുവരി രണ്ടിന് മന്നം ജയന്തിയാണ്. മന്നം ജയന്തിക്ക് സർക്കാർ അവധി നൽകിയിട്ടുണ്ട്. ഇത് യു ഡി എഫ് സർക്കാർ തുടങ്ങിവച്ചതാണ്. മന്നം ജയന്തിക്ക് അവധി നൽകുമ്പോൾ ശിവഗിരി തീർത്ഥാടനത്തിന് അവധി നൽകാതിരിക്കുന്നത് തെറ്റുതന്നെയാണെന്ന് കേരളം ഏറ്റുപറയും. വിവിധ ജാതിമതസ്ഥരെ സുഖിപ്പിച്ചു കൊണ്ട് മാത്രമേ കേരളത്തിൽ സർക്കാരുകൾക്ക് ഭരിക്കാൻ കഴിയുകയുള്ളു. ശ്രീനാരായണീയർ സംസ്ഥാനത്തെ പ്രബല സമുദായമാണ്. അവരെ ഒഴിവാക്കി കൊണ്ട് സർക്കാരിന് മുന്നോട്ടു പോകാൻ കഴിയില്ല.
ശിവഗിരിയും യു ഡി എഫ് സർക്കാരും തമ്മിൽ ഉണ്ടായ കലഹം വിശ്വ പ്രസിദ്ധമാണ്. ആന്റണി സർക്കാരിന്റെ കാലത്ത് ശിവഗിരിയുടെ പുണ്യഭൂമിയിൽ പോലീസ് കയറിയത് വലിയ വിവാദമായി മാറിയിരുന്നു. ഈഴവസമുദായത്തെ അകറ്റിയാലുള്ള ഫലം ഇടതു സർക്കാരിന് നന്നായറിയാം. യു ഡി എഫിനും അറിയാം. ശിവഗിരി തീർത്ഥാടനത്തിന് ശേഷം സ്കൂളുകൾക്ക് അവധി നൽകിയാൽ അതിന്റെ ഗുണം ലഭിക്കുമെന്ന് ഇടതുസർക്കാരിന് നന്നായറിയാം.
https://www.facebook.com/Malayalivartha























