നാളെ മണ്ഡലപൂജ.... ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഇന്ന് വൈകുന്നേരം ശബരിമല സന്നിധാനത്തെത്തും

ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഇന്ന് വൈകുന്നേരം ശബരിമല സന്നിധാനത്തെത്തും. ഉച്ചകഴിഞ്ഞ് ഘോഷയാത്ര പമ്ബയില്‍ എത്തും. വൈകുന്നേരം 5.30 ഓടെ തങ്ക അങ്കി സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ തിരുനടയില്‍ എത്തി പ്രത്യേക ഹാരം അണിഞ്ഞ് ശരംകുത്തിയിലേക്ക് യാത്ര തിരിക്കും. ആറ് മണിയോടെ തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ വച്ച് ആചാരപൂര്‍വ്വമുള്ള സ്വീകരണം നല്‍കും. തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് ആനയിക്കും. 6.25 ഓടെ പതിനെട്ടാം പടി കയറി കൊണ്ടു വരുന്ന തങ്ക അങ്കി പേടകം ശ്രീകോവിലിലേക്ക് ക്ഷേത്രതന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. ശേഷം തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും.
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് 23-ന് രാവിലെ ഏഴിനാണ് പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കികള്‍ അടങ്ങിയ പേടകം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ചത്. ശബരിമല ക്ഷേത്ര മാതൃകയിലാണ് ഘോഷയാത്രയ്ക്കുള്ള രഥം തയ്യാറാക്കിയിട്ടുള്ളത്.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയാണ് മണ്ഡലപൂജയ്ക്കു ചാര്‍ത്തുന്നതിനുള്ള 450 പവന്‍ തൂക്കമുള്ള തങ്കഅങ്കി 1973ല്‍ നടയ്ക്കുവച്ചത്. അയ്യപ്പഭക്തരുടെ ശരണം വിളികള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ ആറന്മുളയില്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നുമാണ് രഥയാത്ര പുറപ്പെട്ടത്. ആറന്മുള ക്ഷേത്രത്തിന്റെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന തങ്കഅങ്കി നേരത്തെ ദേവസ്വം അധികാരികള്‍ ഏറ്റുവാങ്ങി ക്ഷേത്രത്തില്‍ ദര്‍ശനത്തിനു വച്ചിരുന്നു. തുടര്‍ന്ന് സായുധ പോലീസിന്റെ അകമ്പടിയില്‍ തങ്കഅങ്കി പുറത്തേക്ക് എഴുന്നള്ളിച്ചു.യാത്രാ വഴിയിലെ അമ്പതോളം ക്ഷേത്രങ്ങളില്‍ തങ്കയങ്കി ഘോഷയാത്രക്ക് സ്വീകരണം ഒരുക്കിയിരുന്നു. ഘോഷയാത്രയില്‍ ഉടനീളം നിറപറയും നിലവിളക്കും വെച്ചാണ് ഭക്തര്‍ തങ്ക അങ്കിയെ വരവേറ്റത്.
https://www.facebook.com/Malayalivartha























