നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമായി; 9.26 മുതല്‍ 9.30 വരെ നീണ്ടുനിന്ന വലയ സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു

നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമായി. പൂര്‍ണ വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ പ്രപഞ്ച അത്ഭുതം വീക്ഷിചത്തിന്റെ സന്തോഷത്തിലാണ് മലയാളികള്‍. കാസര്‍കോട് ചെറുവത്തൂരാണ് ഗ്രഹണം വ്യക്തമായി ദൃശ്യമായത്. ചെറുവത്തൂരില്‍ 5000 ല്‍ അധികം ആളുകള്‍ ഗ്രഹണം കാണാന്‍ സൗകര്യം ഒരുക്കിയ ഇടങ്ങളില്‍ ഒന്നിച്ചുകൂടി.
9.26 മുതല്‍ 9.30 വരെ നീണ്ടുനിന്ന വലയ സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു. മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന വലയ ഗ്രഹണമെന്ന അപൂര്‍വത വീക്ഷിച്ചത് ആബാലവൃദ്ധം ജനങ്ങളാണ്. നഗ്നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ സോളാര്‍ ഫില്‍റ്ററുകള്‍ മുഖേനയും പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനുകള്‍ മുഖേനയുമാണ് ആളുകള്‍ ഗ്രഹണം വീക്ഷിച്ചത്.
ചെറുവത്തൂരിന് പുറമെ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കൊല്ലം തുടങ്ങി വിവിധ ഇടങ്ങളില്‍ വലയ ഗ്രഹണം വീക്ഷിക്കുന്നതിനായി സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
രാവിലെ എട്ടുമണി കഴിഞ്ഞ് നാലു മിനുട്ടായപ്പോള്‍ കാസര്‍കോട് ചെറുവത്തൂരിലാണ് കേരളത്തില്‍ ഗ്രഹണം ആദ്യം ദൃശ്യമായത്. തുടര്‍ന്ന് മറ്റ് ജില്ലകളിലും ദൃശ്യമായി. 9.26 ആയപ്പോൾ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ ഇത് വലയ സൂര്യഗ്രഹണമായി മാറി. നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം രണ്ടരമിനുട്ടുവരെ നീണ്ടുനിന്നു. മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണമായി 11.15 വരെ ദൃശ്യമായി. വിപുലമായ സൗകര്യമാണ് എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഒരുക്കിയത്. നൂറുകണക്കിനാളുകള്‍ ഇവിടങ്ങളിലെത്തി സുരക്ഷിതമായി ഗ്രഹണം കണ്ടു മടങ്ങി.
ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗമികമായോ പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യഗ്രഹണത്തെ പൂര്‍ണസൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വലയസൂര്യഗ്രഹണം, സങ്കരസൂര്യഗ്രഹണം എന്നിങ്ങനെ പലതായി തിരിക്കാം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയ വ്യാസം സൂര്യന്റേതിനേക്കാള്‍ ചെറുതാണെങ്കില്‍ ഗ്രഹണസമയത്ത് സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയംപോലെ ചന്ദ്രനുചുറ്റും കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളെയാണ് വലയ സൂര്യഗ്രഹണം എന്നു വിളിക്കുന്നത്.
https://www.facebook.com/Malayalivartha























