ആദിവാസി വൃദ്ധന്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; ബത്തേരിയില്‍ പ്രതിഷേധം

വയനാട് ബത്തേരിയില്‍ മൂന്ന് ഭാഗവും വനത്താല്‍ ചുറ്റപ്പെട്ട വടക്കനാട ഗ്രാമത്തില്‍ ആദിവാസി വൃദ്ധനെ കടുവ ആക്രമിച്ചു കൊന്നു. പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ മാസി എന്ന ജഡയനാണ് കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ ദിവസം കാടിനുള്ളില്‍ വിറക് ശേഖരിക്കാന്‍ പോയ ജഡയന്‍ രാത്രിയായിട്ടും മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാരും വനം വകുപ്പുദ്യോഗസ്ഥരും തിരച്ചിലിനിറങ്ങിയിരുന്നു. അങ്ങനെയാണ് കുറിച്യാട് ഫോറസ്റ്റ് റേഞ്ച് നാലാം മൈലില്‍ മൃതദേഹം കണ്ടെത്തിയത്. കടുവയുടെ ആക്രമണത്തില്‍ മാരകമായി മുറിവേറ്റ് പല ശരീര ഭാഗങ്ങളും നഷ്ടപ്പെട്ട നിലയിലായിരുന്നു ജഡം.
ജഡയന്റെ കുടുംബത്തിന് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കുമെന്ന് ബത്തേരി എംഎല്‍എ അറിയിച്ചു. വന്യ ജീവികളുടെ ആക്രമണം പതിവായിട്ടും വനംവകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
കടുവയെ പിടികൂടണമെന്നും നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്കി.
https://www.facebook.com/Malayalivartha























