പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് വലിയപ്രതിസന്ധിയിലാണിന്ന്, ഉമ്മന്‍ചാണ്ടിയെ ആന്ധ്രയിലേക്ക് കെട്ട് കെട്ടിച്ചപ്പോഴേ തുടങ്ങിയതാണത്

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് വലിയപ്രതിസന്ധിയിലാണിന്ന്. ഉമ്മന്‍ചാണ്ടിയെ ആന്ധ്രയിലേക്ക് കെട്ട് കെട്ടിച്ചപ്പോഴേ തുടങ്ങിയതാണത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാകട്ടെ പാര്‍ട്ടിയെ എണ്ണയിട്ടയന്ത്രം പോലെ ചലിപ്പിക്കാനാകുന്നില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാകട്ടെ സര്‍ക്കാരുമായി പലകാര്യങ്ങളിലും ഒത്തുതീര്‍പ്പിന് വഴങ്ങുന്നു എന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെ കോണ്‍ഗ്രസിന്റെ ശബ്ദവും മുഖവും മുഴങ്ങിക്കേള്‍ക്കുന്നില്ല. എല്ലായിടത്തും ഗ്രൂപ്പുകളുടെ താല്‍പര്യങ്ങള്‍ മാത്രം. ശബരിമല യുവതീപ്രവേശനത്തിന്റെ പേരില്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗമായിരുന്ന രാമന്‍നായര്‍ ബി.ജെ.പിയിലേക്ക് പോയി. ഇങ്ങിനെ പോയാല്‍ പലരും കാവി പാളയത്തിലേക്ക് ചേക്കേറുമോ എന്ന ആശങ്ക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.
ശബരിമല വിഷയത്തിലൂടെ എന്‍.എസ്.എസ് അടക്കമുള്ള ചില ഹൈന്ദവ സംഘടനകളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും കഴിഞ്ഞെങ്കിലും പാലാ, വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പുകളില്‍ അത് വലിയ തിരിച്ചടിയായി. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി വോട്ടുകള്‍ സി.പി.എമ്മിന്റെ പെട്ടിയില്‍ വീണത് അങ്ങനെയാണ്. പന്തീരങ്കാവ് യു.എ.പി.എ കേസും ഇസ്്‌ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മിലുള്ള ബന്ധവും ന്യൂനപക്ഷങ്ങളും സി.പി.എമ്മില്‍ നിന്ന് അകറ്റിയിരുന്നതാണ്. എന്നാല്‍ പൗരത്വ നിയമഭേദഗതി വന്നതോടെ മുസ്്‌ലിം സംഘടനകളും എന്തിന് മുസ്്‌ലിംലീഗ് പോലും സി.പി.എമ്മിനും സി.പി.എമ്മിനും ഒപ്പമാണ്. പ്രധാനമുസ്്‌ലിം സംഘടനയായ സമസ്ത പിണറായിക്കൊപ്പം നില്‍ക്കുമെന്ന് മുഖപത്രത്തിലൂടെ വ്യക്തമാക്കി കഴിഞ്ഞു. പൗരത്വനിയമഭേദഗതിക്കെതിരെ ആരുടെകൂടെയും സമരം ചെയ്യാന്‍ തയ്യാറാണെന്ന് മുസ്്‌ലിംലീഗ് ദേശീയ നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വ്യക്തമാക്കിക്കഴിഞ്ഞു.
ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരെ ശക്തമായി പോരാടാന്‍ കോണ്‍ഗ്രസിനേക്കാള്‍ ശക്തരാണ് സി.പി.എമ്മെന്ന് മുസ്്‌ലംകള്‍ക്ക് ഉത്തമബോധ്യമുണ്ട്. എസ്.എന്‍.ഡി.പിയുടെ പിന്തുണ ഇപ്പോഴും ഇടത്പക്ഷത്തിനാണ്. കെ.പി.എം.എസ് ശബരിമല വിഷത്തില്‍ ഇടഞ്ഞ് നില്‍ക്കുകയാണെങ്കിലും അത് പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളൂ. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പഫലത്തിന് പിന്നാലെ ശബരിമല യുവതീപ്രവേശനം അനുവദിക്കാതിരുന്നതോടെ എന്‍.എസ്.എസിന് സര്‍ക്കാരിനോടും സി.പി.എമ്മിനോടും ഉള്ള നിലപാടിന് അയവ് വന്നിട്ടുണ്ട്. ഇതെല്ലാം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതിന്റെയൊക്കെ പ്രതിഫലനം കാണാനാകും. ക്രൈസ്തവ സഭകള്‍മാത്രമാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നത്. അതില്‍ തന്നെ ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ നിലപാട് സ്വീകരിക്കാത്തതിനാല്‍ അതും വിനയാകും.
പാര്‍ട്ടിയിലേയും ഗ്രൂപ്പിലേയും പൊതുസമൂഹത്തിലെയും ജാതി,മത, സാമുദായിക സമവാക്യങ്ങളും കോണ്‍ഗ്രസിന് അനുകൂലമല്ലാത്ത സാഹചര്യമാണുള്ളത്. അത് തുടര്‍ന്നാല്‍ വലിയ അപകടമാകും കോണ്‍ഗ്രസിന് നേരിടേണ്ടിവരുക. അത് മുന്‍ കൂട്ടിക്കണ്ടാവണം മുല്ലപ്പള്ളിയും കെ.മുരളീധരനും സി.പി.എമ്മുമായി ചേര്‍ന്ന് സമരം ചെയ്യേണ്ടെന്ന നിലപാടില്‍ ശക്തമായി നില്‍ക്കുന്നത്. പൗരത്വഭേദഗതി നിയമത്തില്‍ യു.ഡി.എഫിന് ഒറ്റയ്ക്ക് സമരം ചെയ്യാനാകും എന്ന ആത്മവിശ്വാസത്തിലാണ് മുല്ലപ്പള്ളി. പക്ഷെ, മുസ്്‌ലിംലീഗിന് അത്ര ആത്മവിശ്വാസമില്ല. അതുകൊണ്ടാണ് സി.പി.എമ്മിന്റെ ഉള്‍പ്പെടെ സമരത്തിന് പിന്തുണ നല്‍കുമെന്ന് ലീഗ് നേതാക്കള്‍ പ്രതികരിച്ചത്. അധികാരത്തിന്റെ തണലില്‍ കഴിയുകയും അടുത്ത അഞ്ച് വര്‍ഷം എന്ത് നഷ്ടം സംഭവിച്ചും പാര്‍ട്ടിയില്‍ കഴിയുന്നവരുമാണ് കോണ്‍ഗ്രസുകാര്‍. അടുത്ത വര്‍ഷം അധികാരം കിട്ടുമെന്ന് ആത്മവിശ്വാസം ഉള്ളത് കൊണ്ടാണത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറി മറിഞ്ഞാല്‍ ബി.ജെ.പിയിലേക്ക് പലായനം ഉണ്ടാകുമോ? അങ്ങനെ സംഭവിച്ചാല്‍ അത്ഭുതപ്പെടാനില്ല. പകല്‍ ഖദറും രാത്രി കാക്കി നിക്കറും അണിയുന്നവര്‍ പാര്‍ട്ടിയിലുണ്ടെന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തെ ഒരു പ്രമുഖ നേതാവ് ഫെയിസ്ബുക്ക് പോസ്റ്റിട്ടത് അതുകൊണ്ടാണ്.
https://www.facebook.com/Malayalivartha























