അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്ത അമ്മയെയും മക്കളെയും മദ്യപ സംഘം ആക്രമിച്ചു; അമ്മയ്ക്കും മക്കൾക്കും പരിക്ക്

അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്ത അമ്മയ്ക്കും മക്കൾക്കും ആക്രമണവും വധ ഭീഷണിയും. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശിനി സുനിതയും മക്കളുമാണ് ഇന്നലെ രാത്രി മദ്യപരുടെ ആക്രമണത്തിനിരയായത്. സ്ത്രീയെയും കുട്ടികളെയും കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ച സംഘം, പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.
പേയാടുള്ള കുടുംബ വീട്ടിൽ നിന്ന് കുറ്റിച്ചലുള്ള വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു സുനിതയും മക്കളും. സുനിതയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. കാട്ടാക്കട പുന്നംകാരക്കത്തുവച്ച് രണ്ടു ബൈക്കുകളിലായി എത്തിയ നാലുപേർ അസഭ്യം വിളിച്ചും ബഹളമുണ്ടാക്കിയും കടന്നുപോയതായി സുനിത പറയുന്നു. സ്കൂട്ടറിൻറെ പിന്നിലിരുന്ന മകൻ ഇത് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ സംഘം മറ്റ് ചിലരെക്കൂടി വിളിച്ചുവരുത്തുകയും അമ്മയെയും മക്കളെയും തല്ലിച്ചതക്കുകയുമായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ സുനിതയും മക്കളായ സൂരജ്, സൗരവ് എന്നിവരും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞ് പൊലീസെത്തിപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന ഒരാളെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമിച്ചവരുടെ കൂട്ടത്തിൽ ഇയാളുണ്ടായിരുന്നില്ലെന്നാണ് പരാതിക്കാരുടെ മൊഴി. പ്രതികൾക്കു വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചു.
https://www.facebook.com/Malayalivartha























