ഇറാന്‍ ആണയിടുന്നു... ഇന്ത്യ എല്ലാവരുടെയും നല്ല സുഹൃത്താണെന്ന് ഇറാന്‍; അമേരിക്കയുമായുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്ത്യ മുന്നോട്ട് വെക്കുന്ന സമാധാന ശ്രമം സ്വീകരിക്കും; അമേരിക്കയുമായി യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല; പക്ഷെ ഇങ്ങോട്ട് വന്നാല്‍ വിടില്ല

ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ ഇന്ത്യയ്ക്കുള്ള സ്വീകാര്യത ഒരിക്കല്‍ കൂടി ഊട്ടി ഉറപ്പിക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവു വരുത്താന്‍ ഇന്ത്യയെയാണ് ഇറാന്‍ പ്രതീക്ഷയോടെ കാണുന്നത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കിട്ടുന്ന വലിയൊരംഗീകാരമാണ്. കാരണം മുസ്ലീം രാഷ്ട്രമായ ഇറാനാണ് ഇത് മുമ്പോട്ട് വയ്ക്കുന്നത്. മോദിയുടെ ആഗോള പരിവേഷമാണ് ഇതിലൂടെ പുറത്ത് വരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും ഇറാനുമായും മോദിക്ക് അടുത്ത ബന്ധമുണ്ട്.
അമേരിക്കയുമായുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്ത്യ മുന്നോട്ട് വെയ്ക്കുന്ന ഏത് സമാധാന ശ്രമങ്ങളെയും സ്വാഗതം ചെയ്യുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. അമേരിക്കയുമായി തങ്ങള്‍ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും ഇറാന്‍ വ്യക്തമാക്കി. അമേരിക്കയും ഇറാനുമായി ഇന്ത്യ നല്ല സൗഹൃദമാണ് പുലര്‍ത്തുന്നത്. ഇതാണ് സമാധാന ശ്രമങ്ങളെ ഇന്ത്യയെ ആശ്രയിക്കാന്‍ ഇറാനെ പ്രേരിപ്പിച്ചത്. അതേസമയം, യുദ്ധം ഒഴിവാക്കാനും മേഖലയില്‍ സമാധാനം പുലര്‍ത്താനും ഇന്ത്യ പറയുന്നത് അംഗീകരിക്കുമെന്ന് ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി അലി ചെഗെനി നേരത്തെ പറഞ്ഞിരുന്നു.
ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങള്‍ക്കെതിരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്‍ പ്രതിനിധിയുടെ പ്രതികരണം. ലോകത്ത് സമാധാനം പുലരാന്‍ ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ . എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള എല്ലാ സംരംഭങ്ങളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നിരുന്നാലും ഇന്ത്യ തങ്ങള്‍ക്ക് നല്ല സുഹൃത്താണ്. ലോകത്ത് സമാധാനത്തിനും അഭിവൃദ്ധിക്കും സഹായിക്കുന്ന ഇന്ത്യയുടെ ഏത് നീക്കങ്ങളെയും തങ്ങള്‍ സ്വാഗതം ചെയ്യും അലി ചെഗെനി പറഞ്ഞു.
ഇറാന്റെ സൈനിക കമാന്‍ഡറും റെവല്യൂഷണി ഗാര്‍ഡിന്റെ മേധാവിയുമായ സുലൈമാനിയെ അമേരിക്ക വധിച്ചതിനു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂഷമായിരുന്നു. അമേരിക്കയുടെ സൈനികത്താവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. അതേസമയം, ഇറാഖിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും ഇന്ത്യാക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാഖില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. ഇറാഖ്ഇറാന്‍ വ്യാമപാത ഉപയോഗിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കരുതെന്ന് അമേരിക്കയുടെ യാത്രാവിമാനങ്ങള്‍ക്ക് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാഖിലെ അമേരിക്കയുടെ തന്ത്രപ്രധാനമായ രണ്ട് സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചതോടെ ഏത് തരത്തിലുള്ള തിരിച്ചടിയാണ് അമേരിക്ക നല്‍കുന്നതെന്ന് പ്രവചനാതീതമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.
ഇറാന്‍ ഭീകരവാദത്തിന്റെ മുന്‍നിര സ്‌പോണ്‍സര്‍മാരാണെന്നാണ് ട്രംപ് പറഞ്ഞത്. ഖാസിം സുലൈമാനി ലോകത്തിലെ ഏറ്റവും വലിയ ഭീകരനാണെന്നും തന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ സൈന്യം അദ്ദേഹത്തെ വധിച്ചതെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ഇറാനെ ആണവായുധം കൈവശം വയ്ക്കാന്‍ അനുവദിക്കില്ലെന്നും സൈന്യം എന്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍ ഭീകരവാദത്തിന്റെ മുന്‍നിര സ്‌പോണ്‍സര്‍മാരാണ്. സൈനിക തലവനെന്ന നിലയില്‍ സുലൈമാനി പല ആക്രമണങ്ങള്‍ക്കും മുഖ്യകാരണക്കാരനായിരുന്നു. അയാള്‍ ഹിസ്ബുള്ളയടക്കമുള്ള തീവ്രവാദികളെ പരിശീലിപ്പിച്ചു. സാധാരണക്കാര്‍ക്ക് നേരെ തീവ്രവാദികളെ വഴിതിരിച്ചുവിട്ടു. രക്തരൂഷിതമായ ആഭ്യന്തര കലാപങ്ങള്‍ക്ക് അയാള്‍ തിരികൊളുത്തി.
ഗ്രേറ്റ് അമേരിക്കന്‍ ഫോഴ്‌സ് എന്തിനും സന്നദ്ധരാണ്. മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തില്ല. ഇറാഖിലുള്ള പുരുഷ വനിതാ സൈനികരെ ഒന്നടങ്കം അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. സുലൈമാനി തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയിരുന്ന ആളാണെന്ന് പറഞ്ഞ അദ്ദേഹം സുലൈമാനിയുടെ വധത്തിലൂടെ ലോകത്തിന് നല്‍കിയത് ശക്തമായ സന്ദേശമാണെന്നും ട്രംപ് പറഞ്ഞു.
ഇന്ന് വീണ്ടും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെ മധ്യസ്ഥ ശ്രമത്തിനായി ലോകരാജ്യങ്ങള്‍ മോദിയെ ഉറ്റുനോക്കുകയാണ്.
"
https://www.facebook.com/Malayalivartha























