ഇനിയെല്ലാം മോദി നോക്കിക്കൊള്ളും... സിനിമാ തിരക്ക് കാരണം സുരേഷ് ഗോപി പിന്മാറിയതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് സുരേന്ദ്രന്റെ പേരിനു മുന്‍തൂക്കം; ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള അഭിപ്രായ ശേഖരണത്തില്‍ സുരേന്ദ്രന് വന്‍ പിന്തുണ

സംസ്ഥാന ബിജെപി അധ്യക്ഷനെ കണ്ടെത്താനാകാതെ ബിജെപി ശരിക്കും വെള്ളം കുടിക്കുകയാണ്. പി.എസ്. ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറാക്കിയതിന് ശേഷം ഒഴിഞ്ഞ് കിടക്കുന്ന ആ സ്ഥാനം നികത്താന്‍ ബിജെപിക്കായില്ല. അതിനിടെ സുരേഷ് ഗോപി, കുമ്മനം രാജശേഖരന്‍, കെ. സുരേന്ദ്രന്‍ എന്നിവരുടെ പേര് ബിജെപി പരിഗണിക്കുകയും ചെയ്തു. എന്നാല്‍ കുമ്മനത്തിന് താത്പര്യമില്ലാത്തതിനാല്‍ പിന്നെ സുരേഷ് ഗോപിയായിരുന്നു മുമ്പിലുണ്ടായിരുന്നത്. സിനിമാ തിരക്ക് കാരണം സുരേഷ് ഗോപി പിന്‍മാറിയതോടെ കെ. സുരേന്ദ്രനിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റിനെ നിര്‍ദേശിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരിനു മുന്‍തൂക്കം. ദേശീയ വക്താവ് ജി.വി.എല്‍ നരസിംഹ റാവുവും സംഘടനാ ജോയിന്റ് സെക്രട്ടറി ശിവപ്രകാശും യോഗത്തില്‍ പങ്കെടുത്ത് നാല്‍പതോളം പേരെ ഒറ്റയ്‌ക്കൊറ്റയ്ക്കു കണ്ട് അഭിപ്രായം ശേഖരിച്ചു.
പ്രസിഡന്റ് പദത്തിലേക്ക് രണ്ടു പേരെ നിര്‍ദേശിക്കാനാണു ആവശ്യപ്പെട്ടത്. നാലു പേര്‍ അഭിപ്രായം ഇല്ലെന്ന് അറിയിച്ചു. സുരേന്ദ്രനു പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശിന്റെയും ശോഭാ സുരേന്ദ്രന്റെയും പേരാണ് മിക്കവാറും പേര്‍ നിര്‍ദേശിച്ചത്. മറ്റൊരു ജനറല്‍ സെക്രട്ടറിയായ എ.എന്‍. രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍ എന്നിവരുടെ പേരുകളും വന്നു. ദേശീയ നേതാക്കള്‍ ആര്‍എസ്എസ് നേതൃത്വവുമായും കൂടിക്കാഴ്ച നടത്തി.
നിര്‍ദേശങ്ങള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മുന്നിലെത്തും. അടുത്ത ആഴ്ച സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കാനാണു നീക്കം. സാമുദായിക പ്രാതിനിധ്യം, പ്രവര്‍ത്തന പരിചയം, ആര്‍എസ്എസ് ഉള്‍പ്പെടെ പരിവാര്‍ സംഘടനകളുടെ പിന്തുണ, സ്ത്രീ പ്രാതിനിധ്യം എന്നിവ കൂടി പരിഗണിച്ച ശേഷമേ ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കൂ. പൊതുധാരണ ഉണ്ടാകുന്നില്ലെങ്കില്‍ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ് എന്നീ മുതിര്‍ന്ന നേതാക്കളിലൊരാള്‍ക്കു നറുക്കുവീഴും.
ബിജെപി അധ്യക്ഷ സ്ഥാനത്ത് ആരുമില്ലെങ്കിലും കെ. സുരേന്ദ്രന്റെ പല പ്രസ്താവനകളും ശ്രദ്ധനേടിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച കെ. മുരളീധരനെരിരെ ശക്തമായ ഭാഷയിലാണ് സുരേന്ദ്രന്‍ രംഗത്തെത്തിയത്. കെ.മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി എന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയത്.
ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനം സ്വയം രാജിവച്ച് പോയില്ലെങ്കില്‍ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നാണ് കെ.മുരളീധരന്‍ എം.പി പറഞ്ഞത്. ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറെന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബി.ജെ.പിയുടെ ഏജന്റാണെന്നും കെ.മുരളീധരന്‍ വിമര്‍ശിച്ചു. കോഴിക്കോട് കുറ്റിയാടിയില്‍ ദേശരക്ഷാ ലോംഗ് മാര്‍ച്ചിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ഗവര്‍ണര്‍ക്കെതിരെയുള്ള മുരളീധരന്റെ പരാമര്‍ശം. ഗവര്‍ണര്‍ പരിധി വിടുകയാണെങ്കില്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു.
നേരത്തെ പൗരത്വ നിയമഭേദഗതിക്ക് എതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. നിയമസഭയുടെ പ്രമേയത്തിന് നിയമസാധുത ഇല്ലെന്ന് കാട്ടിയാണ് ഗവര്‍ണര്‍ പ്രമേയം തള്ളിയത്. കേരളത്തിന്റെ അധികാരപരിധിയില്‍ അല്ലാത്ത ഒരു കാര്യത്തിന് വേണ്ടി എന്തിനാണ് സമയം ചെലവഴിക്കുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. പൗരത്വം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ പ്രസ്താവനകളിലെല്ലാം ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സുരേന്ദ്രനായതും നേട്ടമാണ്.
"
https://www.facebook.com/Malayalivartha























