മുത്തൂറ്റിനെ പൂട്ടിക്കാൻ സി പി എം; മുഖ്യമന്ത്രിക്ക് പൂട്ടിക്കാൻ പൂർണ മനസില്ലെങ്കിലും പാർട്ടി തീരുമാനത്തെ എതിർക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല; മുത്തൂറ്റ് ഫൈനാൻസിനെ പൂട്ടിക്കാൻ സി ഐ ടിയുവും സി പി എമ്മും പദ്ധതി തയ്യാറാക്കുന്നു എന്ന് ആക്ഷേപം

മുത്തൂറ്റ് ഫൈനാൻസിനെ പൂട്ടിക്കാൻ സി ഐ ടിയുവും സി പി എമ്മും പദ്ധതി തയ്യാറാക്കുന്നു എന്ന് ആക്ഷേപം. മുഖ്യമന്ത്രിക്ക് ഇതിനോട് പൂർണ മനസില്ലെങ്കിലും പാർട്ടി തീരുമാനത്തെ എതിർക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല എന്നാണ് പൊതുവെ പറയപ്പെടുന്നത് .
അതിനിടെ കേരളത്തിലെ ബിസിനസുകൾ അവസാനിപ്പിക്കാൻ മുത്തൂറ്റും ആലോചിക്കുന്നുണ്ട്. നിക്ഷേപകരെ ആകർഷിക്കാൻ സർക്കാർ പ്രവാസി സമ്മേളനം നടത്തിയതിന് പിന്നാലെയാണ് മുത്തൂറ്റ് എം ഡിയെ കല്ലെറിഞ്ഞ് കൊല്ലാൻ സി ഐ ടി യു ശ്രമിച്ചത്. അതിനിടെ മര്യാദക്ക് ബിസിനസ് നടത്തിയില്ലെങ്കിൽ മര്യാദ പഠിപ്പിക്കുമെന്ന മട്ടിൽ തൊഴിൽ മന്ത്രി രംഗത്തെത്തിയത് പുതിയ വഴിത്തിരിവായി.
തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങളും തൊഴിലും സംരക്ഷിക്കുന്നതിലും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞത് മുത്തൂറ്റിനെ ലക്ഷ്യമിട്ടാണ്. തൊഴിൽമേഖലയിൽ നിലനിന്നിരുന്ന അരാജകപ്രവണതകൾ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ അവസാനിപ്പിക്കുകയും പുതിയ തൊഴിൽ സംസ്‌കാരം രൂപപ്പെടുത്തുകയും ചെയ്തത് സർക്കാരിന്റെ വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ഇതും മുത്തൂറ്റിനുള്ള മുന്നറിയിപ്പാണ്.
തൊഴിൽ നിയമങ്ങളെയും തൊഴിലാളി സംഘടനകളെയും സർക്കാർ നയങ്ങളെയും നിയമ വ്യവസ്ഥയേയും അംഗീകരിക്കില്ലെന്ന ചിലരുടെ ധാർഷ്ട്യം കേരളത്തിൽ വിലപ്പോകില്ല. സമാധാനപരവും സുഗമവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്താൻ തൊഴിലാളികൾക്കൊപ്പം തൊഴിലുടമകൾക്കും ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. വ്യാപാര-വാണിജ്യ-വ്യവസായ മേഖലയുടെ സുഗമമായ പ്രവർത്തനത്തിന് എല്ലാ പ്രോത്സാഹനവും സർക്കാരിൽ നിന്നുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
മിനിമം വേതന നിയമത്തിന്റെ പരിധിയിൽ വരുന്ന മേഖലകളിൽ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് വേതനം പുതുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 36 തൊഴിൽമേഖലകളിൽ ഇതിനോടകം മിനിമം വേതനം പുതുക്കി. സ്ത്രീകളടക്കമുള്ള ജീവനക്കാർക്ക് ഇരിപ്പിടം അവകാശമാക്കിയതും അൺഎയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകർക്കും ജീവനക്കാർക്കും മെറ്റേണിറ്റി ബെനഫിറ്റ് ബാധകമാക്കാനുള്ള തീരുമാനവും തൊഴിലാളി ക്ഷേമനടപടികളിലെ നാഴികക്കല്ലുകളാണെന്ന് മന്ത്രി പറഞ്ഞു.
പ്രകോപനം സൃഷ്ടിച്ചത് മുത്തൂറ്റ് മാനേജ്മെന്റാണെന്നും മന്ത്രി പറഞ്ഞു. ഒത്തു തീർപ്പിന് ശ്രമിക്കാതെ മാനേജ്മെന്റാണ് പ്രകോപനം സൃഷ്ടിച്ചത്. പ്രകോപനം കൂടാതെ വിഷയം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 166 തൊഴിലാളികളെ പിരിച്ചു വിട്ടു. അവർ പ്രവർത്തിച്ചിരുന്ന ബ്രാഞ്ചുകൾ പൂട്ടി. കൂടുതൽ പ്രശ്നം സൃഷ്ടിക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നു എന്നും മന്ത്രി ആരോപിച്ചു. പൂട്ടിയ ബ്രാഞ്ചുകൾ തുറക്കാതിരുന്നാൽ വിഷയം കൂടുതൽ വഷളാകുമെന്നും മന്ത്രി പറഞ്ഞു.
ഏതാനും നാളുകൾക്ക് മുമ്പ് തൊഴിലാളി സമരം തുടരുകയാണെങ്കിൽ ബ്രാഞ്ചുകൾ പൂട്ടുമെന്ന് മാനേജ്മെന്റ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഫിനാൻസ് എം ഡി ജോർജ് അലക്സാണ്ടറുടെ കാറിന് നേരേ കല്ലെറിഞ്ഞത്. കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സി ഐ ടി യു പറഞ്ഞെങ്കിലും അരിയാഹാരം കഴിക്കുന്ന വർക്കൊന്നും അത് വിശ്വസിക്കാൻ കഴിയില്ല. എം ഡിയെ കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്ന് കമ്പനി ആരോപിക്കുന്നു.
കേരളത്തിൽ വിശ്വസ്തമായ പാരമ്പര്യമാണ് മുത്തൂറ്റിനുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർക്ക് ബാങ്ക് ശ്യംഖലയുണ്ട്. മുത്തൂറ്റ് പൂട്ടിയാൽ ആയിരങ്ങൾക്ക് തൊഴിൽ നഷ്ടമാകും. ഒരു ഇടവേളക്ക് ശേഷമാണ് ഇടതു സർക്കാർ നന്നായി നടക്കുന്ന ഒരു സ്ഥാപനത്തെ പൊളിക്കാൻ ശ്രമിക്കുന്നത് എന്നാണ് ആക്സപം. മുമ്പ് സമരം ചെയ്ത് സ്ഥാപനം പൊളിക്കുന്നത് ഇടതു പാർട്ടികളുടെ തന്നത് സ്വഭാവമായിരുന്നു എന്ന് പൊതുവെ സംസാരമുണ്ട്..
https://www.facebook.com/Malayalivartha























