പ്രതി മരിച്ചെന്ന കാരണത്താല്‍ ശിക്ഷ റദ്ദാക്കാനാകില്ല, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ക്കു വേണ്ടിയുള്ള ഭാര്യയുടെ അപ്പീല്‍ തള്ളി ഹൈക്കോടതി

കൈക്കൂലി വാങ്ങിയ കേസില്‍ പ്രതി മരിച്ചെന്ന കാരണത്താല്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി. പ്രതി മരിച്ച സാഹചര്യത്തിലും കുറ്റകൃത്യം നിലനില്‍ക്കുമെന്നും അഴിമതിക്കു തുകയുടെ വലിപ്പം ഘടകമല്ലെന്നും ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി. ഭര്‍ത്താവിന്റെ മരണശേഷം അപ്പീലില്‍ കക്ഷിചേര്‍ന്ന ഭാര്യയുടെ അപേക്ഷയാണ് കോടതി തള്ളിയത്.
കേസിനാസ്പദമായ സംഭവം നടന്നത് ഇരുപതുവര്‍ഷം മുമ്പ് 2000-ലാണ്. വാടകകെട്ടിടത്തില്‍ 10 എച്ച്.പിയുടെ മോട്ടര്‍ സ്ഥാപിച്ചു ഫ്ളോര്‍ മില്‍ ലൈസന്‍സിനായി, കോഴിക്കോട് കായക്കൊടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷിച്ചയാളോട് അവിടെ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന കോഴഞ്ചേരി നാരങ്ങാനം നോര്‍ത്ത് വിലങ്ങുപാറയില്‍ വി.ഒ. കുഞ്ഞുകുഞ്ഞ് കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്.
ആദ്യം ആവശ്യപ്പെട്ട 2000 രൂപയില്‍ നിന്നും 500 രൂപയില്‍ ഉറപ്പിച്ചു. കൈക്കൂലി വാങ്ങവേ വിജിലന്‍സ് സംഘം പിടികൂടുകയും ചെയ്തു. 2008-ല്‍ കോഴിക്കോട് വിജിലന്‍സ് കോടതി രണ്ടു വകുപ്പിലായി മൂന്നും രണ്ടും വര്‍ഷം വീതം തടവിനു ശിക്ഷിക്കുകയും തുടര്‍ന്ന് സര്‍വീസില്‍നിന്നു പിരിച്ചുവിടുകയും ചെയ്തു.
ഈ വിധി ചോദ്യംചെയ്തു കുഞ്ഞുകുഞ്ഞ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. അതിനിടെ 2016-ല്‍ പ്രതി മരിച്ചു. തുടര്‍ന്നാണ് ഭാര്യ രാജമ്മ കക്ഷിചേര്‍ന്നു കേസ് നടത്താന്‍ അപേക്ഷ നല്‍കിയത്.
കൈക്കൂലി ആവശ്യപ്പെട്ടതിനും കൈപ്പറ്റിയതിനും തെളിവില്ലെന്നും ശിക്ഷിക്കപ്പെട്ടതിനാല്‍ ഭര്‍ത്താവിന്റെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തടസമുണ്ടെന്നും അപ്പീല്‍ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
എന്നാല്‍, കൈക്കൂലി ആവശ്യപ്പെട്ടതിനു പരാതിക്കാരന്റെ മൊഴിയുണ്ടെന്നും പണം സ്വീകരിച്ചതിനു ഫിനോഫ്തലിന്‍ പരിശോധനാ ഫലം തെളിവാണെന്നും വിജിലന്‍സ് വാദിച്ചു. നോട്ട് പരിശോധന പോസിറ്റീവായത് എന്തുകൊണ്ടെന്നതിന് തൃപ്തികരമായ മറുപടി നല്‍കാന്‍ പ്രതിക്കു കഴിഞ്ഞില്ല. ഈ രണ്ടുകാര്യവും തെളിയിക്കേണ്ട ബാധ്യത പ്രതിക്കാണെന്നു വിജിലന്‍സ് സ്പെഷല്‍ ഗവ. പ്ലീഡര്‍ എ. രാജേഷ് വാദിച്ചു.
https://www.facebook.com/Malayalivartha























