എസ്.ഐ. ഇരമാത്രം... കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്നതിന്റെ കൂടുതല്‍ മൊഴികള്‍ വന്നതോടെ അമ്പരപ്പോടെ പോലീസ്; ദക്ഷിണേന്ത്യയില്‍ സാന്നിധ്യമറിയിക്കാന്‍ ശ്രമിച്ചതില്‍ ഇരയായതാകട്ടെ തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനും

കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് പോലീസിലെ എ.എസ്.ഐ. വില്‍സണെ കൊലപ്പെടുത്തിയതിന്റെ അമ്പരപ്പ് പോലീസുകാര്‍ക്ക് ഇനിയും മാറിയിട്ടില്ല. അതിനും മുമ്പ് പോലീസുകാരെ അമ്പരപ്പിക്കുന്ന തെളിവുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ഭീകരരുടെ സാന്നിധ്യമറിയിക്കാനും ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമാണു കളിയിക്കാവിളയില്‍ എ.എസ്.ഐയെ വെടിവച്ചുകൊന്നതെന്നു പോലീസ് മരുതുന്നത്.
ദക്ഷിണേന്ത്യയിലെ ഭീകരാക്രമണത്തിന്റെ ടെസ്റ്റ് ഡോസ് നടപ്പാക്കാന്‍ കേരളാ തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിള തെരഞ്ഞെടുത്തതു കൃത്യമായ ലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തുന്നത്. രണ്ടു സംസ്ഥാനങ്ങളിലെ സുരക്ഷാസംവിധാനങ്ങളോടുള്ള വെല്ലുവിളികൂടിയായിരുന്നു അത്. എന്നാല്‍, ഇരയായി എ.എസ്.ഐ. വില്‍സണെ തെരഞ്ഞെടുത്തതു പോലീസിന്റെ പ്രതിനിധി എന്ന നിലയില്‍ മാത്രമാണ്. വില്‍സണ്‍ അല്ലെങ്കില്‍ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ ഭീകരരുടെ ക്രൂരതയ്ക്ക് ഇരയാകുമായിരുന്നു എന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
ശ്രീലങ്കയില്‍ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തേത്തുടര്‍ന്ന്, ദക്ഷിണേന്ത്യയിലെ ഭീകരസാന്നിധ്യം അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചുവരുകയായിരുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും നടന്ന നിരന്തര റെയ്ഡുകളില്‍ ഇക്കാര്യം വ്യക്തമാകുകയും ചെയ്തു.
പോലീസിനെത്തന്നെ ലക്ഷ്യമിട്ട് ജനങ്ങളില്‍ ഭീതി വിതയ്ക്കുകയായിരുന്നു കളിയിക്കാവിള കൊലപാതകത്തിന്റെ ലക്ഷ്യം. ലോകത്തു പലയിടത്തും ഭീകരര്‍ ഇതേ മാതൃകയിലുള്ള ആക്രമണങ്ങള്‍ നടത്താറുണ്ട്. ശാന്തമായ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍പ്പോലും. കേരളത്തില്‍ ഇതിനു മുമ്പ് സമാനമായ സംഭവമുണ്ടായതു 2009 സെപ്റ്റംബര്‍ 29നു വര്‍ക്കലയിലാണ്. അന്നു ശിവപ്രസാദ് എന്ന നിരപരാധിയെ വെട്ടിക്കൊലപ്പെടുത്തുകയും സമീപത്തെ ചായക്കട ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (ഡി.എച്ച്.ആര്‍.എം) സ്ഥാപകനേതാവ് ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റിലായിരുന്നു. എട്ട് പ്രതികള്‍ക്കു കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. രണ്ടുപേരെ ഇനിയും പിടികിട്ടാനുണ്ട്. കൊല്ലപ്പെട്ട ശിവപ്രസാദിനോടു പ്രതികള്‍ക്കു വൈരാഗ്യമില്ലായിരുന്നെന്നും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ജനശ്രദ്ധ നേടാനുമാണു 'വെറുതേ ഒരു കൊലപാതകം' നടത്തിയതെന്നുമാണു പോലീസ് വിശദീകരിച്ചത്. എന്നാല്‍, ഡി.എച്ച്.ആര്‍.എം. ഇതു നിഷേധിച്ചു.
അതേസമയം എ.എസ്.ഐ വില്‍സണെ വധിച്ച കേസിലെ മുഖ്യപ്രതികളായ അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നിവര്‍ കര്‍ണാടകയിലെ ഉഡുപ്പി റെയില്‍വേ സ്‌റ്റേഷനില്‍നിന്നു പിടിയിലായി.
കര്‍ണാടകത്തിലേക്കു കടന്ന പ്രതികള്‍ സംസ്ഥാനം വിടാന്‍ ശ്രമിക്കുന്നതിനിടെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ചേര്‍ന്ന് ഇന്നലെ ഉച്ചയോടെ പിടികൂടുകയായിരുന്നു. രണ്ടുപ്രതികള്‍ക്കും തോക്ക് എത്തിച്ച് നല്‍കിയ ഇജാസ് പാഷയെ ഇന്നലെ ബെംഗളുരു പൊലീസ് പിടികൂടിയിരുന്നു. നിരോധിത തീവ്രവാദ സംഘടനയായ അല്‍ഉമ്മയുടെ പുതിയ രൂപമായ തമിഴ്‌നാട് നാഷണല്‍ ലീഗിന്റെ പ്രവര്‍ത്തകനായ ഇജാസില്‍നിന്നു ലഭിച്ച പ്രതികളുടെ പുതിയ ഫോണ്‍ നമ്പര്‍ നിരീക്ഷിച്ചാണ് അറസ്റ്റ്.
കളിയിക്കാവിളയിലെ ഈ കൊലപാതകത്തെ കേരള പോലീസും തമിഴ്‌നാട് പോലീസും വളരെ കരുതലോടെയാണ് നോരിട്ടത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് പോലീസിന് ഇവരെ കുടുക്കാനായത്. കൊല നടത്തിയ ശേഷം കേരളത്തിലേക്ക് കടന്നെന്ന് വരുത്തിത്തീര്‍ത്ത് അവര്‍ കര്‍ണാടകയിലേക്ക് മുങ്ങുകയായിരുന്നു. എന്നാല്‍ ശക്തമായ അന്വേഷണത്തിലൂടെ ഇവരുടെ നീക്കത്തെ പൊളിച്ചടുക്കുകയായിരുന്നു പോലീസ്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha


























