എവിടേയും ശരണം വിളി... കഴിഞ്ഞ വര്‍ഷത്തെ ലാത്തിച്ചാര്‍ജും അറസ്റ്റും ഹര്‍ത്താലും ഓര്‍മ്മയില്‍ നില്‍ക്കെ ഇത്തവണ ശബരിമല പരമ ശാന്തം; ഒരു യുവതിയേയും കയറ്റാന്‍ പാര്‍ട്ടിയോ സര്‍ക്കാരോ പോലീസോ മുന്‍കൈയ്യെടുക്കാതായതോടെ എല്ലാം ശുഭപര്യവസാനിക്കുന്നു; മുമ്പത്തെ ഓര്‍മ്മയില്‍ നെടുവീര്‍പ്പിട്ട് ഇരട്ടി ഭക്തിയോടെ അയ്യപ്പന്‍മാരുടെ കൂട്ട ഒഴുക്ക്

ശബരിമലയില്‍ ഇന്ന് മകരവിളക്ക് നടക്കുകയാണ്. ഇന്നലെ പമ്പാസദ്യയും പമ്പവിളക്കും കഴിഞ്ഞ് ഇന്ന് പുലര്‍ച്ചെ 2.09ന് മകരസംക്രമ പൂജ നടന്നു. ഇനിയുള്ളത് വൈകുന്നേരം തിരുവാഭരണ ഘോഷയാത്രയും തിരുവാഭരണം ചാര്‍ത്തലും മകര വിളക്കും ദീപാരാധനയുമാണ്. ഇത്തവണത്തെ സമാധാനത്തോടെയുള്ള തീര്‍ത്ഥാടന കാലത്തിനാണ് ഇതോടെ വേദിയാകുന്നത്.
എല്ലാ ഭക്തരുടേയും മനസില്‍ ഒരു വേദനയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മണ്ഡലകാലം. ഒന്ന് ശരണം വിളിക്കാനോ നടപ്പന്തലില്‍ സ്വാതന്ത്ര്യത്തോടെ ഇരിക്കാനോ അവസരമില്ലായിരുന്നു. എല്ലായിടത്തും നിരോധനാജ്ഞ. എല്ലായിടവും പോലീസ് കൈയ്യേറി. ഭക്തര്‍ കിടക്കാതിരിക്കാന്‍ വെള്ളം കോരി ഒഴിച്ചു. കൂട്ടമായി ശരണം വിളിച്ചവരെ കുട്ടികളും പ്രായമായവരും കൂടിയാണെങ്കില്‍ കൂടി അറസ്റ്റ് ചെയ്ത് പമ്പയിലേക്ക് കൊണ്ടു പോയി. ഇരുമുടി കെട്ടോടെ ബിജെപി നേതാവ് കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. ശബരിമലയിലേക്ക് വന്ന ഹിന്ദു ഐക്യമുന്നണി നേതാവ് ശശികല ടീച്ചറെ തടഞ്ഞു. പിന്നീട് കുഞ്ഞുമായി വന്ന ശശികലയെ ബസില്‍ വച്ച് നോട്ടീസ് നല്‍കിയാണ് വിട്ടത്. എന്തിന് കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ പോലും തടഞ്ഞു. ശബരിമലയുടെ പേരില്‍ എത്ര ഹര്‍ത്താലാ കേരളം കണ്ടത്. അതേസമയം തന്നെ യഥാര്‍ത്ഥ ഭക്തര്‍ പലരും ഈ സംഘര്‍ഷം പേടിച്ച് ശബരിമലയില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. ഇതോടെ ആളും കുറഞ്ഞു, വരുമാനവും നിലച്ചു.
ശബരിമലയില്‍ പാര്‍ട്ടിയും സര്‍ക്കാരും ചെയ്തതിന് തിരിച്ചടി കിട്ടുക തന്നെ ചെയ്തു. അതിന് ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം മൂക്കും കുത്തി വീണു. പ്രമുഖ എംപിമാരെ മുട്ടുകുത്തിച്ചു. അതേസമയം ബിജെപി വലിയ വോട്ട് നേടി. ഇതിന്റെ ഫലം കിട്ടിയത് യുഡിഎഫിനാണ്. ഇതോടെയാണ് സിപിഎം നിലപാട് മാറ്റിയത്. ഭക്തരുടെ വീട്ടില്‍ പോയി മാപ്പ് പറഞ്ഞു. മാത്രമല്ല പിന്നെ യുവതീ പ്രവേശന കാര്യത്തില്‍ പിന്നോട്ട് പോകുകയും ചെയ്തു. അതോടെ ഈ മണ്ഡല കാലം സമാധനപരമായി.
കഴിഞ്ഞ വര്‍ഷം മകര വിളക്കിന് രണ്ടുനാള്‍ മുമ്പ് മുഴുവന്‍ അക്രമം ഭയന്ന് മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരേയും നിര്‍ബന്ധിച്ച് താഴെയിറിക്കിയ കാര്യവും ഓര്‍ക്കുക. ഒരു വര്‍ഷം കൊണ്ട് എല്ലാം മാറി മറിഞ്ഞു. ഹിന്ദു പണ്ഠിതരാണ് യുവതീ പ്രവേശന കാര്യത്തില്‍ അന്തിമ വാക്കെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പോലും പറഞ്ഞു. ഇതോടെ ഭക്തരുടെ മനസ് നിറയുകയാണ്. മകരവിളക്ക് തൊഴുത് സമാധാനത്തോടെ പടിയിറങ്ങാന്‍ കഴിയുന്നു.
മകരവിളക്കുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലാണ് സന്നിധാനം. തിങ്കളാഴ്ച വൈകിട്ടുമുതല്‍ ശുദ്ധിക്രിയകള്‍ തുടങ്ങിയിരുന്നു. രാവിലെ 10 മുതല്‍ നെയ്യഭിഷേകം നടത്തുന്നത് നിര്‍ത്തിയിരിക്കുകയാണ്. ഇനി മകരവിളക്കിന് ശേഷം മാത്രമേ നെയ്യഭിഷേകമുള്ളു.
ബിംബ ശുദ്ധിക്രിയകളും കലശവും കഴിയുന്നതോടെ സന്നിധാനത്തെ പ്രധാന ചടങ്ങുകള്‍ കഴിയും. ഇന്നലെ വൈകിട്ടോടെ ളാഹയിലെ വനംവകുപ്പിന്റെ സത്രത്തിലേക്ക് തിരുവാഭരണ യാത്രയെത്തി. ഇന്നത്തെ മകര പൂജയ്ക്ക് മുമ്പ് തിരുവാഭരണം സന്നിധാനത്ത് എത്തിക്കും.
സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. 15ന് പുലര്‍ച്ചെ 2.09നാണ് മകരസംക്രമ പൂജ നടന്നത്. അതിനാല്‍ ഇന്നലെ വൈകിട്ട് നട തുറന്ന ശേഷം രാത്രി ശബരിമല നട അടച്ചില്ല. ഉത്തരായനത്തില്‍ നിന്ന് ദക്ഷിണായനത്തിലേക്ക് സൂര്യന്‍ കടക്കുന്ന സമയമാണ് മകരസംക്രമ പൂജ നടക്കുന്നത്.
കഴിഞ്ഞ രണ്ടുദിവസമായി ഭക്തരുടെ വലിയ ഒഴുക്കാണ് സന്നിധാനത്തേക്ക്. മകരവിളക്ക് ദര്‍ശനം കഴിഞ്ഞതിന് ശേഷം മാത്രമേ ഇവര്‍ മലയിറങ്ങുകയുള്ളു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് കൂടുതലായും ഇവിടെക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
മകരവിളക്കും മകര ജ്യോതിയും കാണാന്‍ സാധിക്കുന്ന സ്ഥലങ്ങളിലെല്ലാം പര്‍ണശാലകള്‍ കെട്ടി തമ്പടിച്ചിട്ടുണ്ട്. ഭജനയും അയ്യപ്പ സ്തുതികളുമായി ഭക്തര്‍ ഇവിടെ കഴിയുകയാണ്. കഴിഞ്ഞ വര്‍ഷത്തെ വേദനിക്കുന്ന ഓര്‍മ്മകള്‍ എല്ലാവരുടേയും മനസിലുണ്ട്. ഇത്തവണത്തെ സമാധാനം അയ്യപ്പന്റെ മഹാത്ഭുതമായാണ് എല്ലാവരും കാണുന്നത്.
https://www.facebook.com/Malayalivartha


























