‘വിഷക്കുപ്പി തുറന്നു നൽകി;‘ഭർത്താവിനെ കൊന്നാൽ 9 സെന്റ് സ്ഥലവും വീടും’,ഭാര്യയുടെ വാഗ്ദാനം ഇങ്ങനെ ;ക്രൂരത കാമുകനൊപ്പം ജീവിക്കാൻ

മലപ്പുറത്തു നാടിനെയാകെ നടുക്കിയ മൂച്ചിക്കൽ സ്വദേശി മുഹമ്മദാലി കൊലപാതക കേസിൽ കൃത്യത്തിനു പ്രേരിപ്പിച്ചതു മുഹമ്മദാലിയുടെ ഭാര്യ ഉമ്മുൽ ഷാഹിറയാണെന്നു മുഖ്യപ്രതി ജെയ്മോന്റെ മൊഴി. ഭർത്താവിനെ വകവരുത്തിയാൽ തന്റെ പേരിലുള്ള 9 സെന്റ് സ്ഥലവും വീടും ഭർത്താവിന്റെ പേരിലുള്ള ചരക്കുവാഹനവും ജെയ്മോനു നൽകാമെന്നു ഷാഹിറ വാക്കു നൽകിയിരുന്നു. ചിതലിന് ഉപയോഗിക്കുന്ന വിഷം മദ്യത്തിൽ ചേർത്തു നൽകിയാണു മുഹമ്മദാലിയെ കൊലപ്പെടുത്തിയതെന്നും മദ്യം വാങ്ങാൻ സംഭവദിവസം രാവിലെ ഷാഹിറ 1000 രൂപ നൽകിയെന്നും ജെയ്മോൻ അന്വേഷണ സംഘത്തെ അറിയിച്ചു.
സംഭവദിവസം രാത്രി എട്ടിനാണു മദ്യപിക്കാനായി മുഹമ്മദാലിയും അയൽവാസി ജെയ്മോനും വീടിന്റെ ടെറസിലേക്കു കയറിയത്. മുഹമ്മദാലി മദ്യപിച്ച് അവശനായതിനു പിന്നാലെ ഭാര്യയും അവിടേക്കെത്തി. വിഷക്കുപ്പിയുടെ അടപ്പ് തുറന്നുകൊടുത്തതും ഉമ്മുൽ ഷാഹിറയാണ്. വിഷം ഉള്ളിൽ ചെന്നു രക്തം ഛർദിച്ച മുഹമ്മദാലിയെ ഇരുവരും ചേർന്നു മുറിയിലെത്തിച്ചു കട്ടിലിൽ കിടത്തി. മരണം ഉറപ്പാക്കിയശേഷം രാത്രി 2 മണിക്കാണ് അവിടെനിന്നു പോയതെന്നു ജെയ്മോൻ വെളിപ്പെടുത്തി. കൊലപ്പെടുത്തിയശേഷം തൊട്ടടുത്ത ക്വാറിയിൽ തള്ളാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും ഉമ്മുൽ ഷാഹിറ സമ്മതിച്ചില്ല. തുടർന്നാണ് ഉറക്കത്തിനിടയിലെ ഹൃദയാഘാതമെന്നു ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാൻ തീരുമാനിച്ചത്.
ചോദ്യംചെയ്യലിനു ശേഷം മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ജെയ്മോനെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഉമ്മുൽ ഷാഹിറയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഇന്നു കോടതിയിൽ അപേക്ഷ നൽകും. തുടർന്ന് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണു തീരുമാനം. കാളികാവ് മൂച്ചിക്കലിൽ മരുതത്ത് മുഹമ്മദാലി 2018 സെപ്റ്റംബർ 21നാണ് കൊല്ലപ്പെട്ടത്. തുടർന്നു തമിഴ്നാട്ടിലേക്കു മുങ്ങിയ ജെയ്മോനെയും ഷാഹിറയെയും കഴിഞ്ഞദിവസമാണു മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്.
ജെയ്മോന്റെ ഫോൺവിളിയാണ് പ്രതികൾ എവിടേക്കാണു മുങ്ങിയതെന്നറിയാതെ കുഴങ്ങിനിന്ന പൊലീസിനു തുണയായത് . കേസുമായി ബന്ധപ്പെട്ട വിവരങ്ങളറിയാൻ ഒരാഴ്ച മുൻപ് ജെയ്മോൻ കാളികാവിലെ അയൽവാസിയുടെ മൊബൈലിലേക്കു വിളിച്ചിരുന്നു. മാധ്യമ പ്രവർത്തകനെന്നു പറഞ്ഞാണു പരിചയപ്പെടുത്തിയതെങ്കിലും ജെയ്മോന്റെ ശബ്ദം അയൽവാസി തിരിച്ചറിഞ്ഞു.
തുടർന്നു മൊബൈൽ നമ്പർ അടക്കമുള്ള വിവരങ്ങൾ പൊലീസിനു കൈമാറുകയായിരുന്നു. ഈ മൊബൈൽ നമ്പർ അടിസ്ഥാനമാക്കി നടത്തിയ സൈബർ സെൽ പരിശോധനയിലാണു ജെയ്മോൻ തമിഴ്നാട്ടിലെ ശിവകാശിയിലുണ്ടെന്ന നിർണായക വിവരം പൊലീസിനു ലഭിക്കുന്നത്.
മുഹമ്മദാലിയുടെ രണ്ടാം ഭാര്യയാണ് ഉമ്മുൽ ഷാഹിറ. ഇവർക്കും 2 മക്കൾക്കുമൊപ്പം മൂച്ചിക്കലിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന മുഹമ്മദാലി 2018 സെപ്റ്റംബർ 21നാണ് കൊല്ലപ്പെട്ടത്. അന്നുരാത്രി അയൽവാസിയായ ജെയ്മോനൊപ്പം ഇയാൾ വീടിന്റെ ടെറസിൽവച്ചു മദ്യപിച്ചിരുന്നു. ഇടയ്ക്കു മദ്യത്തിനു പകരം ഗ്ലാസിൽ വിഷം ഒഴിച്ചു നൽകിയെന്നാണു ജെയ്മോൻ പൊലീസിനു നൽകിയ മൊഴി. മരണമുറപ്പിച്ചശേഷം ഷാഹിറയുടെ സഹായത്തോടെ മുഹമ്മദാലിയുടെ ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കി കട്ടിലിൽ കിടത്തിയശേഷമാണു ജെയ്മോൻ പോയത്. പിറ്റേന്നു പുലർച്ചെ അടുത്തു താമസിച്ചിരുന്ന ബന്ധുക്കളെ വിളിച്ച് ഷാഹിറ മരണവിവരം അറിയിച്ചു.
എന്നാൽ, മരണം കഴിഞ്ഞ് 4 ദിവസം പിന്നിട്ടപ്പോൾ ഉമ്മുൽ ഷാഹിറയെയും മക്കളെയും കാണാതായതോടെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്നു മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ വിഷാംശം കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























