ഇരട്ടക്കൊലക്കേസിന് തെളിവെത്തിച്ചത് പുതുമയുള്ള രേഖാചിത്രം

തലയോട്ടിയില്‍ നിന്നുള്ള സൂചനകള്‍ മാത്രം മുന്‍നിര്‍ത്തി കോഴിക്കോട് മണാശേരിയില്‍ കൊല്ലപ്പെട്ട ഇസ്മയിലിനോട് സാമ്യമുള്ള രേഖാചിത്രം തയാറാക്കിയ രീതി തുമ്പില്ലാ കൊലക്കേസുകളില്‍ ക്രൈംബ്രാഞ്ച് തുടര്‍ന്നും പരീക്ഷിക്കും. പുതുമ നിറഞ്ഞ ഈ രേഖാചിത്രമാണ് ഇരട്ടക്കൊലക്കേസ് തെളിയാനിടയാക്കിയത്. പൊലീസിന്റെ രേഖാചിത്രം തയാറാക്കുന്ന പ്രേമദാസ് ഇരുവള്ളൂരായിരുന്നു പ്രതിയിലേക്കെത്താന്‍ സഹായകമായ ആദ്യ സൂചന ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ആദ്യം ഒരു തലയോട്ടിയും രണ്ട് കൈകളുമാണ് ബേപ്പൂര്‍ തീരത്തടിഞ്ഞു കിട്ടിയത്. തിരുവമ്പാടിയില്‍ നിന്ന് ഉടല്‍ഭാഗം കിട്ടി. ഡി.എന്‍.എ പരിശോധനയില്‍ മൂന്നും ഒരാളുടേതെന്ന് കണ്ടെത്തിയതാണ് ആദ്യ സൂചനയായത്. കൊല്ലപ്പെട്ടയാള്‍ വണ്ടൂര്‍ സ്വദേശി ഇസ്മയിലെന്ന് തെളിയാന്‍ പിന്നീട് സഹായകമായത് രേഖാചിത്രവും പൊലീസ് ഫൊട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളിലൂടെ ലഭിച്ച വിരലടയാളവുമാണ്.
തലയോട്ടിയുടെ ആകൃതി മനസിലാക്കി മുഖത്തെ വിവിധ ഭാഗങ്ങള്‍ വരുന്ന മട്ടിലാണ് ഇത്തരത്തില്‍ രേഖാചിത്രം തയാറാക്കിയത്. കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയ്ക്കപ്പുറം പൂര്‍ണമായും കൈകൊണ്ടാണ് കൃത്യതയോടെ രേഖാചിത്രം വരച്ചത് . തയാറാക്കിയ മൂന്ന് രേഖാചിത്രങ്ങള്‍ കണ്ട് വിവിധ ജില്ലകളില്‍ നിന്നായി നൂറിലധികം വിളികളാണെത്തിയത്. ഇസ്മയിലിന്റെ രേഖാചിത്രം അന്വേഷണത്തിനിടെ ഭാര്യ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
അന്വേഷണത്തെ കൂടുതല്‍ സഹായിക്കുന്ന സാഹചര്യമുണ്ടാക്കിക്കൊണ്ട് രേഖാചിത്രം വന്നതിന് പിന്നാലെ നിരവധി അന്വേഷണങ്ങള്‍ വന്നു. യാതൊരു തുമ്പുമില്ലാത്ത കേസാണ് ഇത്തരത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞത്. തലയോട്ടിയില്‍ നിന്ന് മാത്രം മികവോടെ ഇത്തരത്തില്‍ രേഖാചിത്രം തയാറാക്കാനായി എന്നത് അന്വേഷണസംഘത്തിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. വിവിധ ജില്ലകളില്‍ തെളിയാതെ കിടക്കുന്ന ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസുകളില്‍ രേഖാചിത്ര സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ നിര്‍ദേശം.
https://www.facebook.com/Malayalivartha


























