മണാശേരി ഇരട്ടക്കൊല: ബിര്‍ജുവിനെ ഇനി നീലഗിരിയില്‍ കൊണ്ടുവരരുതെന്ന് അന്വേഷണഉദ്യോഗസ്ഥരോട് ഭാര്യ

കോഴിക്കോട് മണാശേരിയില്‍ ഇസ്മയിലിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിച്ച് ചാക്കിലാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിക്കാന്‍ ബിര്‍ജു കൊണ്ടുപോയ ഇരുചക്രവാഹനം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. നീലഗിരിയിലെ വീട്ടിലെത്തിച്ച് ബിര്‍ജുവിനെ ചോദ്യം ചെയ്യുന്നതിനിടയില്‍ ഇരട്ടക്കൊലയില്‍ തനിക്ക് പങ്കില്ലെന്ന് അറസ്റ്റിലായ ബിര്‍ജുവിന്റെ ഭാര്യ അന്വേഷണസംഘത്തോട് പറഞ്ഞു.
മാതാവ് ജയവല്ലിയെയും സുഹൃത്ത് ഇസ്മയിലിനെയും കൊലപ്പെടുത്തിയ കട്ടില്‍, നീലഗിരിയിലെ വീട്ടില്‍ വച്ച് ബിര്‍ജു കാണിച്ചുകൊടുത്തു. മണാശേരിയിലെ കുടുംബ വീട് വിറ്റതിന് പിന്നാലെയാണ് കട്ടിലുകള്‍ നീലഗിരിയിലേക്ക് മാറ്റിയത്. ഫൊറന്‍സിക് സംഘം കട്ടിലില്‍ രക്തസാംപിളുകളുണ്ടോയെന്ന് പരിശോധിച്ചു. ഇസ്മയിലിന്റെ മൃതദേഹം മുറിച്ച് ചാക്കിലാക്കി വിവിധയിടങ്ങളില്‍ തള്ളിയത് ബൈക്കില്‍ കെട്ടിയെന്നായിരുന്നു ബിര്‍ജുവിന്റെ മൊഴി. വിശദമായ പരിശോധനയ്ക്ക് ശേഷം ബൈക്ക് ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. വീട്ടിലുണ്ടായിരുന്ന കാറും പരിശോധിച്ചു.
കൊലയില്‍ ബിര്‍ജുവിന്റെ ഭാര്യയുടെ പങ്കിനെക്കുറിച്ചുള്ള സംശയങ്ങള്‍ അന്വേഷണസംഘം ചോദിച്ചറിഞ്ഞു. കൊലപാതകത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞാണ് ഭര്‍ത്താവ് കൊല ചെയ്തിട്ടുള്ളതായി അറിഞ്ഞതെന്നും ഭാര്യ പറഞ്ഞു. ഒരിക്കല്‍പ്പോലും സംശയം തോന്നുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. കൂടുതല്‍ സംസാരിക്കാത്തത് ഭര്‍ത്താവിന്റെ പ്രകൃതമായതിനാല്‍ മറ്റൊന്നും ചോദിച്ചിരുന്നില്ല.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമാധാനത്തോടെ ജീവിക്കാനുള്ള ഇടമെന്ന് പറഞ്ഞാണ് നാട്ടില്‍ നിന്ന് നീലഗിരിയിലേക്ക് മാറിയത്. കൊല്ലപ്പെട്ട ഇസ്മയിലിനെ താന്‍ കണ്ടിട്ടില്ലെന്നും ബിര്‍ജുവിന്റെ ഭാര്യ പറഞ്ഞു. കുട്ടികളുടെ ഭാവിയെക്കരുതി ബിര്‍ജുവിനെ നീലഗിരിയിലേക്ക് ഇനി കൊണ്ടുവരാതിരുന്നാല്‍ ഉപകാരമായിരുന്നുവെന്നും ഭാര്യ ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞു. തെളിവെടുപ്പ് മൂന്ന് മണിക്കൂറിലധികം നീണ്ടു.
https://www.facebook.com/Malayalivartha


























