ഉച്ഛാരണശുദ്ധിയില്ല എന്നതിന്റെ പേരിൽ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; കോട്ടയത്ത് അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്തു

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനത്തിൽ പരിക്ക്. കോട്ടയം കുറുപ്പുന്തറയില്‍ ആണ് ഉച്ചാരണശുദ്ധിയില്ലാത്തതിന്റെ പേരിൽ വിദ്യാർത്ഥി അദ്ധ്യാപികയിൽ നിന്നും മർദ്ദനമേറ്റുവാങ്ങിയത്. വിദ്യാര്‍ത്ഥിയുടെ ഇരുകാലുകളിലുമായി അടിയേറ്റ 21 പാടുകൾ ഉണ്ട്. മണ്ണപ്പാറ സെന്‍റ് സേവ്യേഴ്സ് സ്കൂളിലെ മലയാളം അധ്യാപിക മിനി ജോസ് ആണ് വിദ്യാർത്ഥിയെ മർദിച്ചത്. അധ്യാപികയെ സ്‌കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടിയോട് അദ്ധ്യാപിക മലയാളം വായിപ്പിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് വായനയിൽ ഉച്ഛാരണ ശുദ്ധിയില്ല എന്ന് പറഞ്ഞ് കുട്ടിയുടെ ഇരുകാലുകളിലും ചൂരൽ വടികൊണ്ട് തല്ലുകയായിരുന്നു. വൈകിട്ട് വിദ്യാർത്ഥി സ്കൂളില്‍ നിന്നെത്തിയപ്പോള്‍ വീട്ടുകാർ അടിയേറ്റ പാടുകൾ കാണുകയും ഉടൻ തന്നെ കുട്ടിയുമായി സ്‌കൂളിലെത്തി പരാതിപ്പെടുകയുമായിരുന്നു. സ്‌കൂൾ അധികൃതർ ക്ഷമ ചോദിച്ചെങ്കിലും മാതാപിതാക്കൾ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി അറിയിച്ചു.
അധ്യാപികയ്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് സ്കൂളിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതിനെത്തുടർന്ന് അധ്യാപികയെ സ്‌കൂളിൽ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു. അധ്യാപികക്കെതിരെ പൊലീസ് ഇന്നലെ തന്നെ കേസെടുത്തിരുന്നു. ബാലാവകാശ കമ്മീഷനും എഇഒയോട് വിശദീകരണം ചോദിച്ചു. കുട്ടി കടുത്തുരുത്തി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
https://www.facebook.com/Malayalivartha


























