തുറന്നു പറയുമ്പോൾ നീരസമരുത്... ബഹുസ്വരതയുടെ വക്താവാകാൻ ഇനിയും വൈകരുതേ ലാലേ; പ്രിയ മോഹൻലാലിന് ഒരു തുറന്ന കത്ത്

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മലയാളത്തിലെ യുവ താരനിരകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യുവതാര നിരകൾ അവരുടെ നിലപാട് വ്യക്തമാക്കിയപ്പോളും സൂപ്പര്‍ താരങ്ങള്‍ പുലര്‍ത്തുന്ന മൗനത്തിനെതിരെ സംവിധായകന്‍ കമല്‍ രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന തലമുറയുടെ നിശബ്ദത തന്നെ അത്ഭുതപ്പെടുത്തിയെന്നും വിഷയത്തിന്‍റെ ഗൗരവം മനസിലാക്കാത്തവര്‍ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നുമായിരുന്നു കമല്‍ ചോദിച്ചത്. ഇപ്പോഴിതാ വിഷയത്തില്‍മൗനം തുടരുന്ന നടന്‍ മോഹന്‍ലാലിന് തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്.
രാജ്യത്ത് നടമാടുന്ന പ്രശ്നങ്ങളിൽ മോഹൻലാൽ പ്രതികരിക്കണമെന്ന് ആലപ്പി അഷ്റഫ് പറയുന്നു. മത സ്വതന്ത്ര്യവും മതസൗഹാർദ്ദതയും നിലനിന്നിരുന്ന നാട് ഇന്നിപ്പോൾ , ലോകജനതയുടെ മുൻപിൽ നാണംകെട്ടു നിൽക്കുകയാണെന്നും ഇപ്പോഴാണ് മോഹൻലാൽ പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പി അഷ്റഫിന്റെ കുറിപ്പ് ഇങ്ങനെ;
പ്രിയ മോഹൻലാലിന് ഒരു തുറന്ന കത്ത്.. പ്രിയ മോഹൻലാൽ .. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനത ഇന്നിപ്പോൾ നേരിടുന്ന നിർണായക നിമിഷങ്ങളിൽ ....സ്നേഹത്തിലും ബഹുമാനത്തിലും ഉന്നിക്കൊണ്ടുള്ള ഒരു ആവശ്യപ്പെടലാണ് , " ബഹുസ്വരതയുടെ വക്താവാകാൻ ഇനിയും വൈകരുതേ ലാലേ...."
പ്രതികരണം പ്രസക്തമാകണമെങ്കിൽ അത് കാലാനുസ്രതവും കാലോചിതവുമായിരിക്കണം. തുറന്നു പറയുമ്പോൾ നീരസമരുത്... മോഹൻലാൽ എന്ന സൂര്യകിരണത്തെ ചില കാർമേഘങ്ങൾ മറക്കുന്നുണ്ടോ എന്നു സംശയിച്ചു പോകുന്നു. പക്ഷേ മോഹൻലാൽ എന്ന മനുഷ്യ സ്നേഹിയെ ഒരു മഴമേഘത്തിനും ആ പ്രതിഭയുടെ പ്രകാശത്തെ തടയനാവില്ല എന്നു വിശ്വസിക്കാനാണ് ഇഷ്ടം..
ബഹുഭൂരിപക്ഷം ജനത ഇന്നു നേരിടുന്ന ഈ അപകടാവസ്ഥയിൽ നമ്മെ നയിക്കാൻ, അനീതിക്കെതിരെ ശബ്ദമുയർത്തി പ്രതികരിക്കാൻ ഞങ്ങളുടെ സ്വന്തം മോഹൻലാൽ കൂടി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നു ഞങ്ങൾ ആശിച്ചുപോകുന്നു..
അങ്ങു ഇതിന് മുൻപ് പല പല പൊതുകാര്യങ്ങളിലും അഭിപ്രായ പ്രകടനങ്ങളും ബ്ലോഗുകൾ എഴുതുകയും ചെയ്തിട്ടുള്ളതല്ലേ.. ഇപ്പോൾ ഈ അവസരത്തിൽ ആശങ്കയിലും ഭയത്തിലും നിരാശയിലും വേദനയിലും കഴിയുന്ന , അങ്ങയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ജനതയെ അങ്ങു മറക്കാൻ പാടില്ല എന്നു പറഞ്ഞാൽ അത് തെറ്റാകുമോ ? ഒരു ജനതയെ ഹിന്ദു എന്ന പേരിലും ക്രിസ്ത്യാനി എന്ന പേരിലും മുസ്‌ലിമെന്ന പേരിലും വെട്ടി മുറിക്കുന്ന ഈ പൗരത്വ ബില്ലിനെതിരെ പ്രതികരിക്കേണ്ട ധാർമിക ഉത്തരവാദിത്വം ഒരു കലാകാരനെന്ന നിലയ്ക്ക് അങ്ങേയ്ക്കില്ലേ..?
ലാലേ..വൈകിയെത്തുന്ന നീതി ആർക്കാണ് ഗുണം ചെയ്യുക..? എന്ത് കൊണ്ടാണിത് പറയുന്നതെന്നു വിശദീകരിക്കേണ്ടതില്ലല്ലോ. മത സ്വതന്ത്ര്യവും മതസൗഹാർദ്ദതയും നിലനിന്നിരുന്ന നമ്മുടെ നാട് ഇന്നിപ്പോൾ , ലോകജനതയുടെ മുൻപിൽ നാണംകെട്ടു നില്‍ക്കുകയാണ്, ഇപ്പോൾ തിരുത്തിയില്ലങ്കിൽ ഒരു പക്ഷേ ഇതൊരു ജനതയെ വലിയ വിപത്തുകളിലേക്കായിരിക്കും കൊണ്ടെത്തിക്കുക.
എന്നും ചലച്ചിത്രങ്ങളിലൂടെയും സ്വന്തം അഭിപ്രായപ്രകടനങ്ങളിലൂടെയും മലയാളികൾക്കിടയിൽ ഒരു തിരുത്തൽ ശക്തിയായ മോഹൻലാൽ , അങ്ങയോട് സ്നേഹപൂർവം ഒരു കാര്യം ഓർമിപ്പിക്കട്ടെ... ഈ അധർമ്മത്തിനും, അനീതികൾക്കെതിരെയും ഒരു തിരുത്തലിന്റെ തിരി തെളിയിക്കാൻ ഇനി വൈകരുതേ എന്നു മാത്രം പറഞ്ഞു നിർത്തട്ടെ... സ്നേഹപൂർവം അങ്ങയുടെ സ്വന്തം, ആലപ്പി അഷറഫ് എന്ന് പറഞ്ഞ് കുറിപ്പ് അവസാനിക്കുന്നു.
നോട്ട് നിരോധനം അടക്കം പല കാര്യങ്ങളിലും നരേന്ദ്രമോദി സര്‍ക്കാരിനെ പിന്തുണച്ച് മോഹന്‍ലാല്‍ ബ്ലോഗുകള്‍ എഴുതി രംഗത്ത് വന്നിരുന്നു. ദേശവ്യാപകമായി പൗരത്വത്തിനെതിരെ പ്രതിഷേധം ഉയരുമ്പോഴും പിന്തുണ പോലും പ്രഖ്യാപിക്കാത്തതിനെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോളുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി.
തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രമേളയിലാണ് പൗരത്വഭേദഗതി ബില്ലിനെതിരെ താരങ്ങളുടെ ആദ്യശബ്ദം ഉയര്‍ന്നത്. ഉണ്ട എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും അടക്കമുളള പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകളേന്തിയായിരുന്നു വേദിയില്‍ പ്രതിഷേധിച്ചത്. സോഷ്യല്‍മീഡിയയില്‍ നടി പാര്‍വതി തിരുവോത്താണ് ആദ്യമേ നിലപാട് വ്യക്തമാക്കിയത്. നട്ടെല്ലിലൂടെ ഭയം കേറുന്നുവെന്നായിരുന്നു പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെതിരെയുളള പാര്‍വതിയുടെ പ്രതികരണം. ജാമിയ മിലിയയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുളള പൊലീസ് നടപടിയിലും പാര്‍വതി പ്രതിഷേധിച്ചിരുന്നു. തുടർന്ന് മെഗാ സ്റ്റാർ മമ്മൂട്ടി ഉൾപ്പെടെയുള്ള താര നിരകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത് എന്നിട്ടും മലയാളത്തിന്റെ പ്രിയ താര രാജാവ് മൗനം തുടരുന്നതിൽ പലകോണിൽ നിന്നും നീരസം ഉയരുകയാണ്.
https://www.facebook.com/Malayalivartha


























