ഹാഹാ മോഹനാ; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത അലനെയും താഹയെയും പാർട്ടിയിൽ നിന്നും പുറത്താക്കിയേക്കും; മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി ജില്ലാ സെക്രട്ടറി പി. മോഹനൻ രംഗത്തെത്തിയതോടെ ഇരുവരെയും എത്രയും വേഗം പുറത്താക്കാൻ സി പി എം ആലോചന

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത അലനെയും താഹയെയും പാർട്ടിയിൽ നിന്നും പുറത്താക്കിയേക്കും. ഇവർക്കെതിരെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി ജില്ലാ സെക്രട്ടറി പി. മോഹനൻ രംഗത്തെത്തിയതോടെയാണ് ഇരുവരെയും എത്രയും വേഗം പുറത്താക്കാൻ സി പി എം ആലോചിക്കുന്നത്.
പാർട്ടി അംഗങ്ങളായ രണ്ടു പേരെ അനുകൂലിച്ച ജില്ലാ സെക്രട്ടറിയുടെ നടപടിയിൽ തെറ്റില്ലെന്നും പാർട്ടി വ്യക്തമാക്കും. എന്നാൽ ഇരുവരെയും പുറത്താക്കിയ ശേഷം അനുകൂലിക്കുകയാണെങ്കിൽ പി. മോഹനന് പണി കിട്ടുമെന്ന കാര്യം ഉറപ്പാണ്.
പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിയും മുതിർന്ന സി പി എം നേതാവും അലനെയും താഹയെയും അനുകൂലിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇരുവർക്കും എതിരെ രംഗത്തെത്തിയത്.
പോലീസ് നൽകിയ വിവരം അനുസരിച്ച് മുഖ്യമന്ത്രി സംസാരിച്ചു എന്ന മോഹനന്റെ പ്രസ്താവന മുഖ്യമന്ത്രിയിൽ അനിഷ്ടമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഒരു ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യ പ്രതികരണം വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. എന്നാൽ ഇതിൽ മാറ്റം വന്നുകൂടെന്നില്ല.
അലനെയും താഹയെയും തിരുത്തി നേർവഴിക്ക് കൊണ്ടു വരുമെന്ന പി.മോഹനന്റെ പ്രസ്താവനയെ മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സമിതിയും പൂർണമായും തള്ളും. ആരെയും നന്നാക്കാനുള്ള ഉത്തരവാദിത്വം പാർട്ടിക്ക് ഇല്ലെന്നാണ് പാർട്ടി വിശ്വസിക്കുന്നത്. അലനും താഹയും മാവോയിസ്റ്റുകളാണെന്ന നിലപാടിൽ മുഖ്യമന്ത്രി ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. അലനെയും താഹയെയും പാർട്ടി സംരക്ഷിക്കുമെന്ന മോഹനന്റെ അഭിപ്രായവും സി പി എം പൂർണമായും തള്ളും. അതേ സമയം സി പി എമ്മിനുള്ളിൽ നിന്ന് കൊണ്ട് അലനും താഹയും മറ്റൊരു ആശയത്തിന് വേണ്ടി പ്രവർത്തിച്ചെങ്കിൽ അത് തെറ്റാണെന്ന മോഹനന്റെ അഭിപ്രായത്തെ സി പി എം അനുകൂലിക്കുന്നു.
ജുഡിഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളുടെ ഭാഗം കേൾക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന മോഹനന്റെ വിശദീകരണം അനുസരിക്കാൻ പാർട്ടി തയാറല്ല. അവർ നിരപരാധികളാണെന്ന മോഹനന്റെ വാദവും പാർട്ടി അംഗീകരിക്കില്ല. കരിനിയമം ഇവർക്കെതിരെ ചുമത്തിയത് ശരിയല്ലെന്ന മോഹനന്റെ നിലപാട് പാർട്ടി അംഗീകരിക്കില്ല.
പ്രതിപക്ഷനേതാക്കൾ അലനെയും താഹയെയും സന്ദർശിച്ചതിന് പിന്നാലെയാണ് മോഹനൻ മാസ്റ്റർ നിലപാട് വ്യക്തമാക്കിയത്. അലന്റെയും താഹയുടെയും കുടുംബത്തെ പാർട്ടി തിരിഞ്ഞു നോക്കിയില്ലെന്ന പരാതി ഗൗരവമായെടുക്കുമെന്നും മോഹനൻ വ്യക്തമാക്കി. പിന്നീട് പ്രസ്താവന വളച്ചൊടിച്ചെന്ന് പരാതിപ്പെട്ട് മോഹനൻ മാസ്റ്റർ രംഗത്തെത്തിയെങ്കിലും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എല്ലാവരും ടി.വിയിൽ കണ്ടതാണ്. മോഹനൻ മാസ്റ്റർ പ്രസ്താവന തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മർദ്ദം കാരണമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഒരു പ്രത്യേക സമുദായത്തെ പിണക്കാൻ സിപിഎം തയ്യാറല്ല. ലീഗ് കലക്ക വെള്ളത്തിൽ മീൻ പിടിക്കുകയാണെന്ന യാഥാർത്ഥ്യം മനസിലാക്കിയതോടെയാണ് സി പി എം ജില്ലാ സെക്രട്ടറി പ്രതികളെ അനുകൂലിച്ച് രംഗത്തെത്തിയതെന്നും കേൾക്കുന്നു.
https://www.facebook.com/Malayalivartha


























