അംഗീകാരമുള്ള സ്വകാര്യ സ്‌കൂളുകളില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ മതപഠന, മതശിക്ഷണ ക്ലാസുകള്‍ നടത്തരുതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിറക്കണമെന്ന് ഹൈക്കോടതി

അംഗീകാരമുള്ള സ്വകാര്യ സ്‌കൂളുകളില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ മതപഠന, മതശിക്ഷണ ക്ലാസുകള്‍ നടത്തരുതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിറക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് ലംഘിക്കുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടണം. വിദ്യാഭ്യാസ അവകാശനിയമപ്രകാരം അംഗീകാരം ആവശ്യമുള്ള സ്‌കൂളുകള്‍ക്ക് ഏതെങ്കിലും ഒരു മതത്തെ മാത്രം ആധാരമാക്കി ശിക്ഷണക്ലാസ് നടത്താന്‍ അവകാശമില്ലെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി.
തങ്ങളുടെ സ്‌കൂള്‍ പൂട്ടാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് തിരുവനന്തപുരം മണക്കാട് ഹിദായ എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവ്. സര്‍ക്കാറിന്റെയും സി.ബി.എസ്.ഇയുടെയും അനുമതിയില്ലാതെ 200ഓളം മുസ്‌ലിം വിദ്യാര്‍ഥികളെ മാത്രം ചേര്‍ത്ത് പഠിപ്പിക്കുകയും മതവിദ്യാഭ്യാസം നല്‍കുകയും ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവിടുകയായിരുന്നു.
2017 മേയ് 31ലെ ഉത്തരവിനെതിരെയാണ് ഹരജി നല്‍കിയത്. മില്ലത്ത് ഫൗണ്ടേഷന്‍ എജുക്കേഷന്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്മന്റെിന്റെ പാഠ്യക്രമമാണ് അവിടെ പിന്തുടര്‍ന്നിരുന്നതെന്ന സര്‍ക്കാര്‍ കണ്ടെത്തല്‍ കോടതി ശരിവെച്ചു. വിദ്യാഭ്യാസത്തോടൊപ്പം ഇസ്‌ലാമിക ശരീഅത്ത് അടിസ്ഥാനമാക്കി വിദ്യാര്‍ഥിയുടെ വ്യക്തിത്വം വികസിപ്പിക്കലാണ് ലക്ഷ്യമെന്ന് രേഖകള്‍ വ്യക്തമാക്കുന്നുവെന്ന് കോടതി വിലയിരുത്തി. പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ഒരു മതവിഭാഗത്തെക്കുറിച്ച് മാത്രം പഠിപ്പിക്കുകയും മറ്റ് മതങ്ങളെ തിരസ്‌കരിക്കുകയും ചെയ്യുന്നത് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പു നല്‍കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അന്തസ്സത്തക്ക് വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി.
https://www.facebook.com/Malayalivartha


























