നിവിൻ പോളിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ മോഷണം; കടത്തിയത് എൺപതോളം പേർക്കുള്ള പൊറോട്ടയും ചിക്കനും
ഷൂട്ടിംഗ് ലൊക്കേഷനിൽ വമ്പൻ മോഷണം. യുവനടൻ നിവിൻ പോളിയുടെ പുതിയ ചിത്രമായ 'പടവെട്ടിന്റെ' ഷൂട്ടിംഗ് ലൊക്കേഷനിൽ ആണ് മോഷണം നടന്നത്. കാറിലെത്തിയ നാലംഗസംഘം സെറ്റിലെ എല്ലാവർക്കുമായി കരുതിയിരുന്ന പൊറോട്ടയും ചിക്കനും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ മട്ടന്നൂർ കഞ്ഞിലേരിയിലായിരുന്നു സംഭവം നടന്നത്. അഭിനേതാക്കള്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും കഴിക്കാന്‍ വച്ച ഭക്ഷണവുമായാണ് സംഘം കടന്നുകളഞ്ഞത്.
ഏകദേശം എൺപതുപേർക്കുള്ള ഭക്ഷണമാണ് സംഘം മോഷ്ടിച്ചതെന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തി. ഇതിനിടെ ഭക്ഷണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ സമീപവാസിയായ അമല്‍ എന്ന യുവാവിനെ സംഘം മർദിച്ചതായും പരാതി ഉയർന്നു. യുവാവ് പോലീസിൽ പരാതി നൽകി. പരിക്കേറ്റ അമല്‍ കൂത്തുപറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇപ്പോൾ ചികിത്സയിലാണ്. അമലിനെ അക്രമിച്ചതിന് ശേഷമാണ് സംഘം ഭക്ഷണവുമായി കടന്നത്. മാലൂര്‍ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha