റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനാ സംരക്ഷണത്തിന് മനുഷ്യ ചങ്ങലയുമായി എല്‍ഡിഎഫ്; ചങ്ങല ഒരുങ്ങുന്നത് കാസര്‍കോട് മുതല്‍ കളിയിക്കാവിളവരെ ; ആദ്യകണ്ണി എസ് രാമചന്ദ്രന്‍പിള്ളയും എം എ ബേബി അവസാന കണ്ണിയും; തിരുവനന്തപുരം പാളയത്ത് കണ്ണിയായി മുഖ്യമന്ത്രി പിണറായി വിജയന്‍

പൗരത്വ നിയമഭേദഗതിക്കെതിരെ ഇടത് മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖല ഇന്ന് വൈകിട്ട് നടക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാതയില്‍ വൈകിട്ട് നാല് മണിക്കാണ് മനുഷ്യശൃംഖല തീര്‍ക്കുന്നത്. 70 ലക്ഷത്തോളം പേര്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കുമെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തല്‍. പൗരത്വഭേദഗതിക്ക് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെയുണ്ടായ ജനവികാരം അനുകൂല രാഷ്ട്രീയ സാഹചര്യമാക്കി മാറ്റുകയാണ് മനുഷ്യമഹാശൃഖംലയിലൂടെ ഇടത് മുന്നണി ലക്ഷ്യമിടുന്നത്.
കാസര്‍കോട് മുതല്‍ കളിയിക്കാവിളവരെ ദേശീയപാതയില്‍ മഹാശൃംഖലയില്‍ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള കാസര്‍കോട്ട് ആദ്യകണ്ണിയാകും.
കളിയിക്കാവിളയില്‍ പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി അവസാന കണ്ണിയുമാകും. കാസര്‍കോട്ടുനിന്ന് തുടങ്ങുന്ന ശൃംഖല റോഡിന്റെ വലതുഭാഗത്തായിരിക്കും. ഗതാഗത തടസ്സമുണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ രാവിലെതന്നെ ദേശീയപാതയിലെ അതത് കേന്ദ്രങ്ങളിലേക്ക് പുറപ്പെടും.
കാസര്‍കോട് - കണ്ണൂര്‍ - രാമനാട്ടുകര - മലപ്പുറം - പെരിന്തല്‍മണ്ണ - പട്ടാമ്ബി - തൃശൂര്‍ - എറണാകുളം - ആലപ്പുഴ - തിരുവനന്തപുരം - കളിയിക്കാവിള റൂട്ടില്‍ ഞായറാഴ്‌ച വൈകിട്ട് കേരളം ഒറ്റക്കെട്ടായി മഹാശൃംഖല തീര്‍ക്കും. പകല്‍ 3.30ന് റിഹേഴ്‌സല്‍ നടക്കും.
നാലിന് ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലും. ഇരുനൂറ്റമ്ബതോളം കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ ചേരും. തിരുവനന്തപുരം പാളയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.
മഹാശൃംഖലയുടെ പ്രചാരണാര്‍ഥം സമാനതകളില്ലാത്ത കൂട്ടായ്‌മകളാണ് കേരളമാകെ എല്‍ഡിഎഫ് നേതൃത്വത്തില്‍ സംഘടിപ്പിച്ചത്.
40000 പ്രാദേശിക കുടുംബസംഗമങ്ങള്‍ നടത്തി. 2000ത്തിലേറെ കേന്ദ്രങ്ങളില്‍ ഭരണഘടനാ സംരക്ഷണസദസ്സ് സംഘടിപ്പിച്ചു. എല്ലാവീടുകളിലും ആശയപ്രചാരണം നടത്തി. ലഘുലേഖകള്‍ വിതരണം ചെയ്‌തു.
എല്‍ഡിഎഫ് എന്ന നിലയിലും മുന്നണിയിലെ കക്ഷികള്‍ സ്വന്തം നിലയിലും പ്രചാരണം സംഘടിപ്പിച്ചു. മുന്നണിക്ക് പുറത്തുള്ള കക്ഷികളും കലാകാരന്മാര്‍, സാമൂഹ്യ-സാംസ്‌കാരിക-സമുദായനേതാക്കളും പിന്തുണയുമായി എത്തും. ശനിയാഴ്‌ച വൈകിട്ട് വരെ വിളംബരജാഥകള്‍ നടക്കും.
https://www.facebook.com/Malayalivartha


























