ചങ്കൂറ്റത്തിന്റെ കരുത്തുമായി മഹാശൃംഖല ; മനുഷ്യമഹാശൃംഖലയിൽ ദശലക്ഷങ്ങൾ ഇന്ന് കണ്ണി കോർക്കും; ലക്ഷങ്ങൾ ഭരണഘടനയുടെ ആമുഖം ഒരേ സമയം വായിക്കുന്നത് ചരിത്രത്തിൽ ആദ്യം ; എസ് ആർ പി ആദ്യ കണ്ണി ; അവസാന കണ്ണിയായി എം എ ബേബി; മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണി ചേരുന്നത് തിരുവനന്തപുരം പാളയത്ത്

കേരളം ഇന്ന് ദേശീയപാതയിൽ മനുഷ്യത്വത്തിന്റെ മഹാശൃംഖല തീർക്കുമ്പോൾ ചരിത്രത്തിൽ ഈ നിമിഷങ്ങൾ അടയാളപ്പെടുത്തുക പൗരത്വ നിയമത്തിനെതിരെയുള്ള മഹാ പോരാട്ടത്തിന്റെ വിജയഗാഥ യായി.
ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി തീർക്കുന്ന മനുഷ്യമഹാശൃംഖലയിൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനാധിപത്യ വിശ്വാസികൾ കണ്ണികളാകും . 70 ലക്ഷത്തോളം പേർ ഭരണഘടനയുടെ ആമുഖം ഒരേസമയം വായിക്കും.എന്നതും ചരിത്രത്തിൽത്തന്നെ ആദ്യം.. ശൃംഖലയുടെ ആദ്യകണ്ണി കാസർകോട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയും അവസാനകണ്ണി കളിയിക്കാവിളയിൽ എം എ ബേബിയുമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയ നേതാക്കൾ തിരുവനന്തപുരം പാളയത്ത് ശൃംഖലയുടെ ഭാഗമാകും. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ കിള്ളിപ്പാലത്ത് കണ്ണിചേരും. പ്രതിജ്ഞയ്‌ക്കുശേഷം ഇരുനൂറ്റമ്പതിലേറെ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ ചേരും. . നാലിന് പ്രതിജ്ഞയ്ക്കുമുമ്പ് ഭരണഘടനയുടെ ആമുഖം വായിക്കണം. തുടർന്ന് പ്രതിജ്ഞയും ശേഷം പൊതുയോഗവും.എന്നതാണ് തീരുമാനം.
ഭരണഘടന സംരക്ഷിക്കാൻ ജീവാർപ്പണത്തിനും തയ്യാറെന്ന് പ്രഖ്യാപിച്ച് ദശലക്ഷങ്ങൾ തെരുവിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നത് ലോക ചരിത്രത്തിൽ ആദ്യമാണ് .. ഒരു രാഷ്ട്രമെന്നനിലയിൽ ഇന്ത്യയെ ഒരുമിച്ച് നിർത്തുകയും ചലനാത്മകമാക്കുകയും ഈ മഹാരാജ്യത്തിന്റെ ജനതയെ ഒരു കുടക്കീഴിൽ യോജിപ്പിക്കുന്ന ശക്തിയുമായ ഭരണഘടനയെ തകർക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾക്കെതിരെ ഭരണഘടന ഉയർത്തിയാണ് ജനലക്ഷങ്ങൾ പ്രതിഷേധിക്കുന്നത്.
എഴുതപ്പെട്ടതിലും വച്ച് ഏറ്റവും വലുതുകൂടിയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടന. അതിന്റെ മൂല്യം ഉയർത്തിപ്പിടിക്കാൻ രാജ്യഭരണാധികാരികൾക്കെതിരെ ജനലക്ഷങ്ങൾ തെരുവിൽ കണ്ണിചേർന്ന് ഭരണഘടനയുടെ ആമുഖം വായിച്ച് പൗരന്മാരുടെ പരമാധികാരം ഭരണാധികാരികളെ ഓർമിപ്പിക്കുന്നത് അത്യപൂർവമാണ്. ആ അപൂർവ നിമിഷങ്ങൾ പകർത്താനും റിപ്പോർട്ട് ചെയ്യാനും അന്തർദേശീയ–- ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികൾ കേരളത്തിലെത്തി.
സമീപകാലത്തെങ്ങും ആഘോഷിക്കാത്തത്രയും ശ്രദ്ധയോടും ആവേശത്തോടുമാണ് ഇക്കുറി റിപ്പബ്ലിക് ദിനാഘോഷം നാടാകെ നടക്കുന്നത്. വൈകിട്ട് എൽഡിഎഫ് തീർക്കുന്ന മനുഷ്യ മഹാശൃംഖലയിൽ കണ്ണിചേരുന്നതിനൊപ്പം രാവിലെ വിവിധ സംഘടനകളും സമൂഹ്യ സമുദായ പ്രസ്ഥാനങ്ങളും ദിനാഘോഷം സംഘടിപ്പിക്കുന്നു.
തലസ്ഥാനത്ത് പാളയം കത്തീഡ്രലിൽ രാവിലെ എട്ടിന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് എം സൂസപാക്യം ഭരണഘടനാ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കും. വൈകിട്ട് നടക്കുന്ന മനുഷ്യ മഹാശൃംഖലയ്‌ക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഭരണഘടന സംരക്ഷിക്കാൻ യോജിച്ചുള്ള പോരാട്ടത്തിനൊപ്പം നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമത്തിനെതിരായ പ്രസ്‌തിഷേധങ്ങൾ രാജ്യത്തുടനീളം ശക്തമാകുന്ന സാഹചര്യത്തിൽ ഒരു സംസ്ഥാനം ഇത്തരത്തിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിക്കുന്നതും ഇത് ആദ്യമായാണ്.
പൗരത്വ ഭേദഗതി നിയമം അടിസ്ഥാനപരമായി വിവേചനപരവും ഇന്ത്യ ഒപ്പുവച്ച അന്താരാഷ്ട്ര മനുഷ്യാവകാശ കരാറുകൾക്ക് എതിരുമാണെന്ന ഐക്യരാഷ്ട്രസംഘടനയുടെ പ്രസ്താവനയുടെ പശ്ചാതഹ്‌ലീൽ നടക്കുന്ന സമരം എന്ന നിലയിലും ഈ ശൃംഖ ല ശ്രദ്ധേയമാണ്.
പൗരത്വ ഭേദഗതി നിയമം 2019 ഡിസംബർ ഒമ്പതിന് ലോക്സഭയും 11ന് രാജ്യസഭയും പാസാക്കി. നിമിഷങ്ങൾക്കുള്ളിൽ അത് ഒപ്പിട്ടു കൊടുക്കുകയായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഒരു രാഷ്ട്രപതി പുലർത്തേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തം അദ്ദേഹം നിറവേറ്റിയിട്ടില്ല. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെത്തിയ, 2014 ഡിസംബർ 31നുമുമ്പ് വന്ന ഹിന്ദു, സിക്ക്, ബുദ്ധ, പാഴ്സി, ജൈന, ക്രൈസ്തവ മതത്തിൽപ്പെട്ടവർക്ക് പൗരത്വം നൽകണമെന്നാണ് പുതിയ നിയമത്തിലെ പ്രധാന ശുപാർശ. പൗരത്വം കിട്ടാൻ 11 വർഷത്തെ താമസമെന്നത്, 5 വർഷമാക്കി ചുരുക്കി. മുസ്ലിം ജനവിഭാഗത്തെ വിവേചനപൂർവം മാറ്റിനിർത്തി. ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവർക്കും ഒരു മതത്തിലും വിശ്വസിക്കാത്തവർക്കും പൗരത്വം നൽകുന്നതാണ് ഇന്ത്യൻ ഭരണഘടന. ഇവിടെ മതപരമായ വിവേചനവും മതനിരപേക്ഷ ചിന്താഗതിക്കാരോടുള്ള ഭ്രഷ്ടും പ്രകടമാക്കിയിരിക്കുകയാണ് എന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു
ഇന്നത്തെ ദേശീയ പരിതഃസ്ഥിതിയിൽ ഹിന്ദുത്വഭരണ വിപത്ത് തടയാൻ വിപുലമായ മതനിരപേക്ഷ ഐക്യവും അതിലൂടെയുള്ള ബഹുജന മുന്നേറ്റവും ആവശ്യമാണ്.ഈ സാഹചര്യത്തിൽ കേരളം ഒരേ മനസായി നടത്തുന്ന മനുഷ്യ ശൃംഖല പോരാട്ടത്തിന്റെ പുതിയ മുഖമാകുകയാണ് .
https://www.facebook.com/Malayalivartha


























