അച്ചന് നല്ലത് മാത്രം വരട്ടെ... വികാരിയച്ചനെ കയ്യേറ്റം ചെയ്തയാള്‍ക്ക് പള്ളിക്കമ്മിറ്റി വിധിച്ചത് കനത്ത ശിക്ഷ; എല്ലാവരേയും അമ്പരപ്പിച്ച് ക്രിസ്തുദേവന്റെ പരിത്യാഗം കാട്ടിക്കൊടുത്ത് വികാരിയച്ചന്‍

അടിക്ക് മറുഅടി എന്നാണ് നാട്ടു നടപ്പ്. വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യവുമില്ല. എന്നാല്‍ തങ്ങളെ ആക്രമിക്കാന്‍ വരുന്നവരോട് ക്ഷമിക്കുക എന്നത് വളരെ ചുരുക്കം പേര്‍ക്ക് മാത്രം കഴിയുന്നതാണ്. ആ ഒരു അപൂര്‍വ കാഴ്ചയ്ക്ക് വേദിയാകുകയായിരുന്നു മാള തുമ്പരശേരി സെന്റ് മേരീസ് പള്ളി.
ഇടവകക്കാര്‍ക്ക് എല്ലാവര്‍ക്കും ഒരുപോലെ സീകാര്യനായിരിക്കില്ല അച്ചന്‍മാര്‍. പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും. ചിലരാകട്ടെ അച്ചനല്ലേ എന്ന് കരുതി ക്ഷമിക്കും. എന്നാല്‍ ചിലരാകട്ടെ അച്ചനെ ചോദ്യം ചെയ്യുകയും ചെയ്യും. ഇവിടെ അതൊന്നു മല്ല സംഭവിച്ചത് അച്ചനെ കയ്യേറ്റം ചെയ്യുക എന്നുവച്ചാല്‍. അതോടെ ഇടവക ഇളകി. കയ്യേറ്റം ചെയ്തയാളിനെ വെറുതേ വിടാന്‍ പാടില്ല. അവസാനം ശിക്ഷയും വിധിച്ചു. ഞായറാഴ്ച പൊതുകുര്‍ബാനയുടെ മധ്യേ മാപ്പുപറയുക. പൊലീസ് കേസ് പിന്‍വലിക്കണമെങ്കില്‍ അതു വേണമെന്നു കമ്മിറ്റി തീരുമാനിച്ചു.
എന്നാല്‍ ചിലരെങ്കിലും പള്ളിക്കമ്മറ്റിയുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്തു. അമ്മയെ തല്ലിയായും രണ്ട് പക്ഷമുള്ള നാട്ടില്‍ അച്ചനെ തല്ലിയ ആള്‍ക്ക് വേണ്ടിയും ചിലര്‍ വാദിച്ചു. പക്ഷെ പള്ളി കമ്മിറ്റിയിലെ പ്രമാണികള്‍ ഉറച്ച നിലപാടെടുത്തു. 26നു പള്ളിയിലെത്തി മാപ്പ് പറയണം. മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ വലിയ ശിക്ഷ നല്‍കുമെന്ന മുന്നറിയിപ്പും നല്‍കി. എന്തിന് കൂടുതല്‍ കളിച്ചാല്‍ പള്ളിയില്‍ നിന്നും പുറത്താക്കാന്‍ വരെ തിരുമാനമായി.
ഒരുവിധം കയ്യേറ്റം ചെയ്തയാളോട് കാര്യം പറഞ്ഞ് മനസിലാക്കി. ഒരു നിമിഷത്തെ സമനില വിട്ടതാണ് കയ്യേറ്റത്തിന് കാരണമെന്നാണ് അയാളുടെ വാദം. അവസാനം അയാള്‍ മാപ്പു പറയാന്‍ തയ്യാറായി.
ഈ മാപ്പ് പറയല്‍ യോഗം ഗംഭീരമായിരുന്നു. പള്ളി നിറഞ്ഞ് കവിഞ്ഞു. അച്ചന്‍ ഭാവഭേദമില്ലാതെ നിന്നു. എന്നാല്‍ കയ്യേറ്റം ചെയ്തവനാകട്ടെ വല്ലാത്ത പാപഭാരത്താലായിരുന്നു. ജനങ്ങളാകട്ടെ മാപ്പ് കേള്‍ക്കാന്‍ കാത്ത് നില്‍ക്കുകയുമായിരുന്നു. വല്ലാത്തൊരു അന്തരീക്ഷമായിരുന്നു. അത് ഒരു മൊട്ടുസൂചി വീണാല്‍ പോലും കേള്‍ക്കാന്‍ പറ്റുന്ന നിശബ്ദത.
എല്ലാവരും നെടുവീര്‍പ്പോടെ നിന്ന സമയത്ത് വികാരി ഫാ. നവീന്‍ ഊക്കന്‍ കുര്‍ബാനമധ്യേ അദ്ദേഹത്തെ അള്‍ത്താരയ്ക്കു സമീപത്തേക്കു വിളിച്ചു. ഈ അച്ചന്‍ എന്ത് ഭാവിച്ചാണ്... എല്ലാവര്‍ക്കും ആകാംക്ഷയായി.
അച്ചന്‍ മൈക്കിന് മുന്നിലെത്തി. ഇടവക ജനത്തോടായി പറഞ്ഞു... പള്ളിക്കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഇദ്ദേഹം വന്നല്ലോ. അത് അഭിനന്ദനീയമാണ്. എന്നിട്ട് അച്ചന്‍ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അദ്ദേഹത്തിന്റെ സമീപത്തിരുന്ന് ക്രിസ്തു, ശിഷ്യന്മാരുടെ കാല്‍ കഴുകിയതുപോലെ കാല്‍ കഴുകി, കാലില്‍ ചുംബിച്ചു. സഹോദരാ എനിക്ക് അങ്ങയോട് ഒരു ദേഷ്യവുമില്ല... മാള തുമ്പരശേരി സെന്റ് മേരീസ് പള്ളി അങ്കണത്തിലാണ് ക്ഷമയുടെ സന്ദേശം പകര്‍ന്ന ഈ വൈകാരിക നിമിഷങ്ങള്‍ അരങ്ങേറിയത്.
ഇദ്ദേഹം മാപ്പു പറയാന്‍ തയാറായാണു വന്നത്. ഇനി അതു പറയിക്കരുതെന്നാണ് എന്റെ അഭിപ്രായം. അതിനെ അനുകുലിക്കുന്നെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റുനിന്നു കയ്യടിക്കുക, അല്ലെങ്കില്‍ മാപ്പു പറയിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാം ഫാ. നവീന്‍ പറഞ്ഞു. പള്ളി നിറഞ്ഞ ജനം എഴുന്നേറ്റുനിന്നു. ചിറകടി ശബ്ദം പോലെ കയ്യടിമുഴങ്ങി.
പ്രായമായവരെ ഫാ. നവീന്‍ ഊക്കന്‍ കഴിഞ്ഞദിവസം വിനോദയാത്രയ്ക്കു കൊണ്ടുപോയിരുന്നു. തിരിച്ചുവരാന്‍ വൈകിയെന്നു പറഞ്ഞാണ് ഇടവകയിലൊരാള്‍ അച്ചനെ കയ്യേറ്റം ചെയ്തത്.
https://www.facebook.com/Malayalivartha


























