കൊലക്കേസ് പ്രതിയായ ഫ്രീക്കൻ്റെ തലമുടി വെട്ടിച്ച് ജില്ലാക്കോടതി; മുടി വെട്ടിയിട്ട് വന്നാൽ മതിയെന്ന് നിർദ്ദേശിച്ച് പ്രതിക്കൂട്ടിൽ നിന്നും ഇറക്കിവിട്ടു

തലയേക്കാൾ വലിപ്പമുള്ള ഫ്രീക്കൻ തലമുടിയുമായി പ്രതിക്കൂട്ടിൽ കയറി നിന്ന കൊലക്കേസ് പ്രതിയെ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി പ്രതിക്കൂട്ടിൽ നിന്നും ഇറക്കിവിട്ടു. തല മുടി വെട്ടിയ ശേഷം കൂട്ടിൽ കയറിയാൽ മതിയെന്ന് നിർദേശിച്ച ജഡ്ജി ജോസ്. എൻ.സിറിൾ കേസ് വീണ്ടും വിളിക്കുമെന്നും തലമുടി വെട്ടി വരാനും പ്രതിയായ കുമാറിനോട് നിർദേശിച്ചു.
വ്യാഴാഴ്ച 11.30 മണിയോടെ തുറന്ന കോടതിയിൽ റോൾ കോൾ മുറക്ക് കേസ് വിളിക്കവേയാണ് സംഭവം. പ്രതിയുടെ അസ്വാഭാവിക ശരീരഭാഷ ശ്രദ്ധയിൽ പെട്ട കോടതി പ്രതിക്കൂട്ടിൽ നിന്നും പ്രതിയെ ഡയസിനരികിലേക്ക് വിളിച്ചു വരുത്തി. എന്നാണ് ജോലിയെന്ന് ചോദിച്ചപ്പോൾ മേസ്തിരിപ്പണിയാണെന്ന് മറുപടി പറഞ്ഞു. ഒരു നാലു കിലോ സിമൻ്റെങ്കിലും തൻ്റെ തലയിൽ കൊള്ളണ്ടേയെന്നും പോയി തലമുടി വെട്ടി വരാനും കോടതി നിർദ്ദേശിക്കുകയായിരുന്നു.
ആറ്റു നോറ്റ് വളർത്തിയെടുത്ത തലമുടി വെട്ടാൻ മടിച്ച പ്രതി കോടതിക്ക് മനം മാറ്റമുണ്ടാകുമെന്ന് കരുതി കോടതി വളപ്പിൽ അര മണിക്കൂറോളം കറങ്ങി നടന്നു. കോടതിയിൽ നിന്ന് കനിവുണ്ടാകില്ലെന്ന് മനസ്സിലാക്കിയ പ്രതി തല മുട്ടിച്ച് തിരികെ കോടതിയിൽ വന്നു. മേലിൽ ഫ്രീക്കനായി കോടതിയിൽ വരരുതെന്ന താക്കീത് നൽകിയ ശേഷം കോടതി കേസ് വിളിച്ച് പ്രതിയെ കൂട്ടിൽ കയറ്റി നിർത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























