ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്താൻ ശ്രമിച്ച ഭീകരാക്രമണം ധീരമായി ചെറുത്ത് തോൽപ്പിച്ച് 172 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശുപത്രിയിൽ സന്ദർശിച്ചു. തന്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) പേജിലൂടെ പൈലറ്റിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ഷെയ്ഖ് ഹംദാൻ ഈ വിവരം ലോകത്തെ അറിയിച്ചത്. ധീരതയുടെയും ഉത്തരവാദിത്തബോധത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും പരമോന്നത മാതൃകയാണ് ക്യാപ്റ്റൻ സ്മിത് മച്ചാറെന്ന് അദ്ദേഹം കുറിച്ചു. തങ്ങളുടെ ടീമിന്റെയും യുഎഇ ഉയർത്തിപ്പിടിക്കുന്ന സമാധാന മൂല്യങ്ങളുടെയും ഭാഗമാണ് പൈലറ്റെന്നതിൽ രാജ്യം ഏറെ അഭിമാനിക്കുന്നുവെന്നും, ഭരണനേതൃത്വത്തിന്റെ പൂർണമായ നന്ദിയും പ്രശംസയും അദ്ദേഹത്തെ അറിയിക്കുന്നുവെന്നും ദുബായ് കിരീടാവകാശി വ്യക്തമാക്കി. ഫ്ലൈ ദുബായ് എഫ്ഇസെഡ് 1073 വിമാനത്തിൽ വെച്ചായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സഹപൈലറ്റിന്റെ അക്രമണശ്രമത്തെ സ്വന്തം ജീവൻ പണയം വെച്ചും ക്യാപ്റ്റൻ സ്മിത് മച്ചാർ പ്രതിരോധിക്കുകയായിരുന്നു. പൈലറ്റിന്റെ ഈ ധീരമായ ഇടപെടലിനെയും അദ്ദേഹത്തിന് യുഎഇ നൽകിയ വലിയ ആദരവിനെയും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി പേരാണ് ഇപ്പോൾ പ്രശംസിച്ചുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha



























