പരിശീലനം കടുപ്പം... മലയാളികളെ ഏറെ വേദനിപ്പിച്ച് ദേവനന്ദ യാത്രയാകുമ്പോള്‍ താരമായി ഡോഗ് സ്‌ക്വാഡിലെ റീന; പോലീസിനും നാട്ടുകാര്‍ക്കും കണ്ടെത്താനാകാതിരുന്നപ്പോള്‍ ദേവനന്ദ പോയ വഴി കാട്ടിക്കൊടുത്ത് താരമായത് റീന; മിടുക്കിയായ റീന ദേവനന്ദയുടെ ഭാഗത്തേക്ക് കുതിച്ചതിങ്ങനെ

കേരളം ഏറെ ആകാംക്ഷയോടെയും വേദനയോടെയും ഏറ്റുവാങ്ങിയതാണ് ദേവനന്ദയെ കാണാതായതും മരണമടഞ്ഞതും. കാണാതായ സമയത്ത് ദേവനന്ദയെ തപ്പി നാട്ടുകാരും പോലീസും പലവഴിക്ക് പരക്കം പായുമ്പോഴും ഒന്നും കണ്ടെത്താനായില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോകുകയോ കുട്ടിക്ക് അപായപ്പെടുത്തുകയോ ചെയ്‌തോ എന്നുപോലും സംശയമുണ്ടായി. കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോഴാണ് ഡോഗ് സ്‌ക്വാഡിലെ റീന കളത്തിലിറങ്ങുന്നത്. അവസാനം ദേവനന്ദ പോയ വഴി കണ്ടെത്തിയതും റീനയാണ്. ഏറെ അത്ഭുതം ദേവനന്ദയ്ക്കും റീനയ്ക്കും ഒരേ വയസാണ്, 6 വയസ്.
കൊല്ലം കണ്ണനല്ലൂര്‍ നെടുമണ്‍കാവ് ധനീഷ് ഭവനത്തില്‍ ദേവനന്ദയെ വ്യാഴാച രാവിലെ 10 നാണ് കാണാതാകുന്നത്. പൊലീസും നാട്ടുകാരും അന്വേഷിച്ചിട്ടും കുട്ടിയെ കണ്ടെത്താനായില്ല. സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ച അറിയിപ്പുകള്‍ നാടാകെ കത്തിപടരുകയും ചെയ്തു. ഒരു തുമ്പും കിട്ടാതിരുന്നപ്പോഴാണ് വൈകിട്ടായപ്പോള്‍ ഡോഗ് സ്‌ക്വാഡിനെ വിളിക്കാന്‍ തീരുമാനമായത്. അങ്ങനെയാണ് കൊല്ലം സിറ്റി പൊലീസിലെ ലാബ്രഡോര്‍ ഇനത്തിലുള്ള ട്രാക്കര്‍ ഡോഗ് റീന കളത്തിലിറങ്ങുന്നത്.
ഹാന്‍ഡ്‌ലര്‍മാരായ എന്‍. അജേഷും എസ്. ശ്രീകുമാറും റീനയുമായി സംഭവ സ്ഥലത്ത് എത്തിയത് വൈകിട്ട് 6നാണ്. ഹാന്‍ഡ്‌ലര്‍മാര്‍ ദേവനന്ദയുടെ ഒരു വസ്ത്രം റീനയ്ക്കു മണപ്പിക്കാന്‍ കൊടുത്തു. ആ മണം ഉള്‍ക്കൊണ്ട റീന മറ്റൊന്നും ചിന്തിച്ചില്ല. സമീപത്തു നിന്നവരെപ്പോലും നോക്കാതെ റീന വീടിന്റെ പിന്‍വാതില്‍ വഴി പുറത്തേക്കു നടന്നു. തിരച്ചിലിന് എത്തിയവര്‍ ഉള്‍പ്പെടെ പിന്നാലെ. വഴിയിലെ പൂട്ടിയിട്ടിരിക്കുന്ന വീടിനു മുന്നിലും പൊന്തക്കാട്ടിലും കയറിയ റീന, ദേവനന്ദയുടെ വീട്ടില്‍ നിന്നു 300 മീറ്റര്‍ അപ്പുറം പള്ളിമണ്‍ ആറിന്റെ കരയില്‍ എത്തി. കുറുകെയുള്ള താത്കാലിക നടപ്പാതയിലൂടെ നടന്ന് അക്കരെ പോയി കുത്തിയിരുന്നു. അതാണ് അടയാളം. ഈ അടയാളം കണ്ടതോടെ പോലീസിന് ബോധ്യമായി. ഈ ഭാഗത്ത് എവിടെയോ ദേവനന്ദയുണ്ട്. നടപ്പാതയുടെ മുകള്‍ ഭാഗത്തു പൊലീസിന്റെ മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. അതേസമയം ഇന്നലെ പാതയുടെ താഴെ തിരച്ചില്‍ നടത്തിയപ്പോഴാണു ദേവനന്ദയുടെ മരവിച്ച ശരീരം കണ്ടെത്തിയത്. ഇത് തിരിച്ചറിഞ്ഞതോടെ റീനയുടെ ബുദ്ധിയില്‍ പോലീസുകാരും അമ്പരന്നു. റീനക്കല്ല തെറ്റിയത്. അപ്പോള്‍ തന്നെ പുഴയുടെ പാലത്തിന് താഴ്ഭാഗത്ത് പരിശോധിച്ചെങ്കില്‍ ദേവനന്ദയെ കണ്ടെത്താനാകുമായിരുന്നു.
റീന മുമ്പും താരമായിരുന്നു. അടുത്തിടെ ഓച്ചിറയ്ക്കു സമീപം വവ്വാക്കാവില്‍ ക്ഷേത്രമോഷണം നടന്ന സ്ഥലത്തു റീനയെ കൊണ്ടുപോയിരുന്നു. അവിടെ നിന്നോടിയ റീന മറ്റൊരു ക്ഷേത്രത്തിനു മുന്നില്‍ നിന്നു. അപ്പോഴാണ് അവിടത്തെ കാണിക്കവഞ്ചി മോഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നെന്നു നാട്ടുകാര്‍ അറിയുന്നത്. റീന വീണ്ടും ഓടി മറ്റൊരു ക്ഷേത്രത്തിനു മുന്നില്‍ നിന്നു. ആ ക്ഷേത്രം പരിശോധിച്ചപ്പോള്‍ മോഷ്ടാവ് ഓട് ഇളക്കി അകത്തിറങ്ങാന്‍ ശ്രമിച്ചെന്നു കണ്ടെത്തി. പുനലൂരിനടുത്തു നടന്ന കൊലപാതകത്തിന് ഉപയോഗിച്ച കത്തി അര കിലോമീറ്റര്‍ അകലെ നിന്നാണു റീന കണ്ടെത്തിയത്. അന്വേഷണത്തില്‍ ഇത് വഴിത്തിരിവാകുകയും ചെയ്തു.
കേരള പൊലീസില്‍ ഇപ്പോള്‍ 150 നായ്ക്കളുണ്ട്. കൊലപാതകം, മോഷണം തുടങ്ങിയ കേസുകള്‍, ലഹരി വസ്തുക്കള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നീ വിഭാഗങ്ങളില്‍ പരിശീലനം നേടിയവര്‍. കൊലപാതകവും മോഷണവുമൊക്കെ മണത്തറിയുന്ന ട്രാക്കര്‍ ഡോഗുകള്‍. മറ്റുള്ളവര്‍ സ്‌നിഫര്‍ ഡോഗുകള്‍. നായ്ക്കുട്ടികളെ 3 മാസം പ്രായമുള്ളപ്പോള്‍ പൊലീസിലേക്കു റിക്രൂട്ട് ചെയ്യും.
കേരളത്തിലെ നായ് വളര്‍ത്തുകാരില്‍ നിന്നു വാങ്ങുകയാണു പതിവ്. നായ്ക്കുട്ടിയെ കണ്ടെത്തുമ്പോള്‍ പൊലീസുകാരില്‍ നിന്നു 2 ഹാന്‍ഡ്‌ലര്‍മാരെയും തിരഞ്ഞെടുക്കും. ഇവരാണു പിന്നീട് ആ നായയുടെ നായകര്‍. പിന്നെ 9 മാസം തൃശൂര്‍ പൊലീസ് അക്കാദമയില്‍ പരിശീലനം. ആദ്യം ഹാന്‍ഡലറുടെ സോക്‌സോ തൂവാലയോ മണപ്പിക്കാന്‍ കൊടുക്കും. എന്നിട്ട് ഒളിച്ചിരിക്കുന്ന ഹാന്‍ഡ്‌ലറെ കണ്ടെത്താന്‍ വിടും. വിനയവും വിവേകവുമൊക്കെ പഠിക്കാനുണ്ട് ഈ നായ്ക്കള്‍ക്ക്. പരിശീലനം കഴിഞ്ഞാല്‍ അവരുടെ വിഭാഗമായ കെ 09 സ്‌ക്വാഡില്‍ ജോലി നല്‍കും. വസ്ത്രമാണു സാധാരണ മണപ്പിക്കാന്‍ നല്‍കുന്നത്. അതു ധരിച്ചയാളിന്റെ ചര്‍മാംശം, വിയര്‍പ്പ് എന്നിവയുടെ ഗന്ധം മനസ്സിലാക്കി പ്രയാണം ആരംഭിക്കും. തണുത്തതോ സൂര്യപ്രകാശം ഏല്‍ക്കാത്തതോ ആയ സ്ഥലമാണെങ്കില്‍ നായയുടെ വേഗം കൂടും. ഗന്ധം തിരിച്ചറിയാന്‍ എളുപ്പമാണു തണുപ്പും തണലുമുള്ള സ്ഥലങ്ങളില്‍. വെയില്‍ ഏല്‍ക്കുന്ന പ്രദേശത്തു ഗന്ധത്തിന്റെ രൂക്ഷത കുറയും. അടിവസ്ത്രങ്ങള്‍ മണപ്പിക്കാനായാലും നായയുടെ ഗന്ധാന്വേഷണം സുഗമമാകും. ഇതാണ് പല കുറ്റവാളികളേയും കണ്ടെത്താന്‍ സഹായിക്കുന്നത്.
https://www.facebook.com/Malayalivartha
























