മൃതദേഹം കണ്ടെത്തിയ ഇത്തിക്കരയാറ്റിൽ ദേവനന്ദ എങ്ങനെ എത്തി? കാണാതായി ഒരു മണിക്കൂറിനുള്ളില്‍ മരണം

ഇത്തിക്കരയാറിന്റെ കൈവഴിയില്‍ കണ്ണീരോർമ്മയായ ദേവനന്ദനയുടെ വിയോഗത്തിന്റെ ഞെട്ടൽ ഇനിയും കേരളക്കരയ്ക്ക് മാറിയിട്ടില്ല. മൃതദേഹത്തിൽ പോറലോ മറ്റ് പാടുകളോ ഇല്ല. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല. മാത്രമല്ല ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും ചെളിയുടെയും വെള്ളത്തിന്റെയും അംശവുമുണ്ട്. എന്നാൽ കുട്ടി എങ്ങിനെ ഇത്തിക്കരയാറ്റിലേക്ക് എത്തിയെന്നതാണ് കുഴപ്പിക്കുന്ന ചോദ്യം. ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ഒരേ സ്വരത്തിൽ ആവർത്തിക്കുന്നുണ്ട്. ഏറെ ചർച്ചയായ ദേവനന്ദയുടെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. മരണത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടരും. മൃതദേഹം കിട്ടിയ സ്ഥലത്ത് കുട്ടി എങ്ങിനെയെത്തി എന്നതാണ് പ്രാഥമിക ഘട്ടത്തില്‍ അന്വേഷിക്കുക. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും കൂടുതല്‍ അന്വേഷണം.
ദേവനന്ദയുടെ വീടിന് അടുത്തുള്ള ആളൊഴിഞ്ഞ വീടുചുറ്റി പൊലീസ് നായ ഓടിയതും അന്വേഷണസംഘം ഗൗരവമായി എടുക്കുന്നുണ്ട്. പതിവായി പോകാറുള്ള ക്ഷേത്രത്തിലേക്ക് ദേവനന്ദ ഒറ്റക്ക് പോയതാണോ എന്ന സംശയം നിലനിൽക്കുന്നു. എന്നാൽ കുട്ടി ഒറ്റക്ക് വീട്ടു പരിസരം വിട്ടു പോകാറില്ലെന്നാണ് വീട്ടുകാരും അയൽവാസികളും പറയുന്നത്. ഈ സംശയങ്ങളെല്ലാം അന്വേഷിക്കാനാണ് ചാത്തന്നൂർ എ.സി.പിയുടെ നേത്യത്വത്തിലുള്ള പ്രത്യേകസംഘത്തിന്റെ തീരുമാനം. സംശയകരമായ പാടുകളോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയില്ലെന്ന ഇന്‍ക്വസ്റ്റിന്റെ പ്രാഥമിക വിവരം പുറത്ത് വന്നെങ്കിലും ജനങ്ങളുടെ സംശയം വിട്ടൊഴിഞ്ഞിട്ടില്ല.
മുങ്ങിമരണമെന്ന് പോസ്റ്റ് മോര്‍ട്ടം പ്രാഥമിക നിഗമനം വന്നെങ്കിലും കുട്ടി ഒറ്റയ്‌ക്ക് എങ്ങനെ ആറ്റുകടവിലെത്തിയെന്നതിന് മറുപടി ലഭിച്ചിട്ടില്ല. വീട്ടില്‍ നിന്ന് 70 മീറ്റര്‍ അകലെയാണ് ആറിലേക്ക് ഇറങ്ങാനുള്ള കല്‍പ്പടവുകള്‍ ഉള്ളത്. അമ്മയുടെ അനുവാദം ഇല്ലാതെ അയല്‍ വീട്ടിലേക്ക് പോലും പോകാത്ത കുഞ്ഞ് ആറിന്റെ കരയില്‍ എങ്ങനെ പോയെന്ന സംശയം ബന്ധുക്കളിലും നാട്ടുകാരിലും ബാക്കിയാണ്. കാണാതായി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചതായാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. കുട്ടിയുടെ ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താനായില്ല. വയറ്റിലും ശ്വാസകോശത്തിലും വെള്ളവും ചെളിയും ഉണ്ട്. ഇത് മുങ്ങിമരണത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനയ്ക്ക് ശേഷമേ അന്തിമ നിഗമനത്തിലേക്ക് പോകൂ. ദേവനന്ദയെ ആരെങ്കിലും വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം ഇപ്പോഴും ബലപ്പെട്ട് കിടക്കുന്നുണ്ട്. വാക്കനാട് സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അച്ഛൻ പ്രദീപിന്റെ കുടവട്ടൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്
https://www.facebook.com/Malayalivartha
























