അറിയണം ഈ തീരാവേദന... ദേവനന്ദ നമ്മളില്‍ നിന്നും പറന്നകലുമ്പോള്‍ തീരാ വേദനയുമായി മറ്റൊരു കുടുംബം; സോഷ്യല്‍ മീഡിയ ശക്തമല്ലാത്ത കാലത്ത് മുതല്‍ കാണാമറയത്തായ മകനെ തപ്പി മാതാപിതാക്കള്‍ ഇപ്പോഴും അന്വേഷണം തുടരുന്നു

മലയാളികളെ ഒന്നാകെ വേദനിപ്പിച്ച സംഭവമാണ് കൊല്ലത്ത് നിന്നും കാണാതായ ദേവനന്ദയുടെ മരണം. പോലീസും നാട്ടുകാരും ഉറക്കമൊഴിച്ചു തെരച്ചില്‍ തുടര്‍ന്നപ്പോള്‍ മലയാളികള്‍ മുഴുവന്‍ സൈബര്‍ ലോകത്ത് കുട്ടിക്കു വേണ്ടി സജീവമായി രംഗത്തിറങ്ങി. ഒടുവില്‍ എല്ലാ പ്രാര്‍ഥനകളും വിഫലമായി കുട്ടിയുടെ മരണവാര്‍ത്തയാണ് കേരളം രാവിലെ കേട്ടത്. നെടുമണ്‍കാവിന് സമീപം ഇളവൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ ഏഴു വയസുകാരിയുടെ മൃതദേഹമാണ് വീടിനു സമീപമുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് ഇന്നു രാവിലെ കണ്ടെത്തിയത്.
കുട്ടികളുടേ തിരോധാനം പണ്ടുമുതലേ കേള്‍ക്കുന്ന വാര്‍ത്തയാണ്. ഇപ്പോഴും കുട്ടികള്‍ കാണാമറയത്തായി വേദനയനുഭവിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. ദേവനന്ദയുടെ വേദന ഒഴുകുമ്പോള്‍ ആലപ്പുഴ കരളകം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു, മിനി ദമ്പതികളുടെ നെഞ്ചു നീറുകയാണ്. പറക്കമുറ്റാത്ത പ്രായത്തില്‍ നഷ്ടമായ ഏക മകന്‍ രാഹുലിനെക്കുറിച്ചുള്ള ഓര്‍മ്മകളുമായി തീരാവേദനയോടെ കഴിയുന്ന അവര്‍ക്ക് മറ്റാരെക്കാളും ഈ വാര്‍ത്ത നൊമ്പരമുണ്ടാക്കും. കണ്ണിന്‍മുന്നില്‍നിന്നു അവന്‍ കാണാമറയത്തായിട്ട് ഒന്നരപതിറ്റാണ്ടാകുന്നു. 2005 മേയ് 18നായിരുന്നു സംഭവം. അന്ന് കുട്ടി രണ്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു.
വീടിനോടു ചേര്‍ന്നുള്ള മൈതാനത്ത് കളിച്ചുകൊണ്ടിരിക്കെ തൊട്ടടുത്ത പൈപ്പില്‍നിന്നു വെള്ളം കുടിക്കാന്‍ പോയ രാഹുലിനെ പെട്ടെന്ന് കാണാതാകുകയായിരുന്നു. ഉടന്‍ ആലപ്പുഴ നോര്‍ത്ത് പോലീസില്‍ പരാതിപ്പെട്ടു. പ്രത്യേക അന്വേഷണസംഘവും പോലീസും നൂറുകണക്കിനു ആളുകളെ ചോദ്യംചെയ്തിട്ടും ഒരു വിവരവും കിട്ടിയില്ല. പത്തനംതിട്ടയിലെ ഒരു കേസില്‍ അറസ്റ്റിലായ ഹരിപ്പാട് തുലാപ്പറമ്പ് സ്വദേശിയായ മധ്യവയ്‌സകന്‍ താന്‍ രാഹുലിനെ കൊന്നുവെന്ന് പോലീസിനോട് പറഞ്ഞത് ഇടയ്ക്ക് കോളിളക്കം സൃഷ്ടിച്ചു.
ചതുപ്പില്‍ മൃതദേഹം കുഴിച്ചിട്ടെന്നുവരെ മൊഴിനല്‍കിയപ്പോള്‍ പോലീസ് അയാള്‍ കാണിച്ച സ്ഥലത്തെല്ലാം കുഴിച്ച് പരിശോധിച്ചെങ്കിലും എല്ലാം കളവായിരുന്നുവെന്ന് ബോധ്യമായി. അന്വേഷണം ആലപ്പുഴ എസ്.പിയുടെ പ്രത്യേക സംഘം ഏറ്റെടുത്തു. പിന്നീട് ക്രൈംബ്രാഞ്ച് വന്നു. ഏറെ പ്രതീക്ഷ നല്‍കിയ സി.ബി.ഐ. അന്വേഷണവും ഫലപ്രാപ്തിയിലെത്തിയില്ല. രാഹുലിനെ കാണാതാകുമ്പോള്‍ അടുത്തുണ്ടായിരുന്നെന്ന് പറയപ്പെട്ടിരുന്ന അയല്‍വാസിയായ യുവാവിനെ നാര്‍ക്കോ പരിശോധനയ്ക്കുവരെ വിധേയനാക്കിയെങ്കിലും യാതൊരു തുമ്പും കിട്ടിയില്ല. സി.ബി.ഐ. ചൈന്നെ യൂണിറ്റാണ് അന്വേഷണം നടത്തിയിരുന്നത്. അവരാകട്ടെ പോലീസും ക്രൈംബ്രാഞ്ചും സഞ്ചരിച്ച ദിശയില്‍ തന്നെയായിരുന്നു.
കേസിനു തുമ്പില്ലെന്നുപറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഈ റിപ്പോര്‍ട്ട് കോടതി തള്ളി. വിശദമായി അന്വേഷിച്ച് ഒന്നുകില്‍ രാഹുലിനെയോ അല്ലെങ്കില്‍ തിരോധാനത്തിന് ഉത്തരവാദികളായവരെയോ കണ്ടെത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നിട്ടും സി.ബി.ഐ. അന്വേഷണം പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു. ഇന്നത്തെ പോലെ ജാഗ്രതയോടെ അന്വേഷണം നടന്നിരുന്നെങ്കില്‍ മകനെ വീണ്ടുകിട്ടുമായിരുന്നു എന്നാണ് അവര്‍ സങ്കടത്തോടെ പറയുന്നത്.
പൊന്നുമകനെ കാണാതായിട്ട് ഒന്നര പതിറ്റാണ്ട് ആകുമ്പോഴും അവന്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാനാണ് അച്ഛനും അമ്മയ്ക്കും താല്പര്യം. ദേവനന്ദയുടെ വേര്‍പാട് അവരിലും നടക്കമുണ്ടാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞെങ്കിലും മകനെ കുറിച്ചുള്ള പഴയ ഓര്‍മ്മകളാണ് കൂടെയുള്ളത്. അവനിപ്പോള്‍ 22 വയസുണ്ടാകും ലോകത്തെവിടെയാണെങ്കിലും അവന്‍ തിരിച്ചുവരുമെന്നാണ് അവര്‍ കരുതുന്നത്. ആ പ്രതീക്ഷയാണ് അവരെ നയിക്കുന്നത്.
https://www.facebook.com/Malayalivartha
























