ഈ വേദന എങ്ങനെ താങ്ങും? നീണ്ട അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ പൊന്നോമന; ‘വെക്കേഷന് ഞാൻ നാട്ടിൽ വരണമെന്ന വാശിയിലായിരുന്നു അവൾ.. കാണാതായ വ്യാഴാഴ്ച രാവിലെയും വിളിച്ചു ഉറക്കം എഴുന്നേറ്റിരുന്നില്ല അവൾ: വീണ്ടും വിളിച്ചപ്പോൾ അവൾ അമ്പലത്തിൽ പോയെന്നാണ് പറഞ്ഞത്.. രണ്ടു മക്കളുമൊത്തുള്ള ആഘോഷക്കാലത്തിനായി നാട്ടിലെത്താൻ തീരുമാനിച്ചതിന് പിന്നാലെ തേടിയെത്തിയ ദുരന്തത്തിൽ പകച്ച് പ്രദീപ്

പൊന്നുമോളെ തെരയാന്‍ അറബി നാട്ടില്‍ നിന്ന് വെള്ളിയാഴ്ച പലർച്ചെയാണ് അച്ഛൻ പ്രദീപ്കുമാർ എത്തിയത്. പക്ഷെ വീട്ടിലേയ്ക്ക് എത്തും വഴിതന്നെ കാത്തിരുന്നത് മകളുടെ മരണവാർത്തയായിരുന്നു. പ്രദീപിനെയാണ് മൃതദേഹം തിരിച്ചറിയാനായി പോലീസ് വിളിച്ചത്. ആറിന്റെ കരയിലെത്തി മകളെ കണ്ട പ്രദീപ് ചേതനയറ്റ ശരീരംകണ്ട് ബോധമറ്റ് വീഴുകയായിരുന്നു. ‘വെക്കേഷന് ഞാൻ നാട്ടിൽ വരണമെന്ന വാശിയിലായിരുന്നു അവൾ. എന്നും വിളിക്കുമായിരുന്നു...’-പ്രദീപ് നിറകണ്ണുകളോടെ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മകളുടെ ശരീരം കൊണ്ടുവരുന്നതും കാത്ത് അയൽവീട്ടിലിരിക്കവെ അച്ഛൻ പ്രദീപിന് പലപ്പോഴും നിലതെറ്റി.
മകളുടെ വാശി അംഗീകരിച്ച് വേനലവധിക്ക് നാട്ടിലേക്കു തിരിക്കാനുള്ള ആലോചനയിലായിരുന്നു പ്രദീപ്. ഇളയ മകൻ നാലുമാസം പ്രായമുള്ള ദേവദത്തനെയും പ്രദീപ് കണ്ടിരുന്നില്ല. രണ്ടു മക്കളുമൊത്തുള്ള ആഘോഷക്കാലത്തിനായി നാട്ടിലെത്താനിരുന്ന അച്ഛന് താങ്ങാനാകുന്നതായിരുന്നില്ല പൊന്നുവിന്റെ വിയോഗം. വിവാഹം കഴിഞ്ഞ് 5 വർഷത്തെ കാത്തിരിപ്പിനു ശേഷമാണു പ്രദീപ്–ധന്യ ദമ്പതികൾക്ക് ദേവനന്ദ പിറന്നത്. പിന്നെ 7 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ്, 3 മാസം മുൻപു രണ്ടാമത്തെ കുട്ടി പിറന്നത്. അവധി കഴിഞ്ഞ് 10 മാസം മുൻപ് ഒമാനിലേക്കു പോയ പ്രദീപ് മകനെ കാണാൻ കൈനിറയെ കളിപ്പാട്ടങ്ങളുമായി എത്താനിരുന്നതാണ്. ''ദിവസവും രാവിലെ 8 മണി കഴിയുമ്പോൾ വീട്ടിലേക്കു വിളിക്കും. മകളുമായി സംസാരിക്കും.
ഞാൻ പറയുന്നത് എല്ലാം അവൾ അനുസരിക്കും. കളിക്കാൻപോലും വീട്ടിൽ നിന്നു പുറത്തുപോകാറില്ല. കുട്ടികളെ വീട്ടിലേക്കു വിളിച്ചു വരുത്തിയാണു കളിക്കുന്നത്. മകളെ കാണാതായ വ്യാഴാഴ്ച രാവിലെയും വിളിച്ചു. അപ്പോൾ ഉറക്കം എഴുന്നേറ്റിരുന്നില്ല. തലേന്നു സ്കൂൾ വാർഷികത്തിന് നൃത്തം ചെയ്തതിന്റെ ക്ഷീണത്തിൽ ഉറങ്ങുകയായിരുന്നു. പത്തരയോടെ വീണ്ടും വിളിച്ചപ്പോൾ അവൾ അമ്പലത്തിൽ പോയെന്നാണു പറഞ്ഞത്. ഖത്തറിൽ ജോലി ചെയ്യുന്ന ഭാര്യാസഹോദരനാണു പിന്നീടു വിവരം അറിയിച്ചത്'' പ്രദീപ് ഇടറിയ സ്വരത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























