ദേവനന്ദക്കുള്ള ആദരാഞ്ജലിയായി ഈ അധിക ദിവസത്തെ നമുക്ക് നന്മ ദിനമാക്കാം....ഒരച്ഛന്റെ നോവുമായി മമ്മൂക്ക.... കരളലിയിക്കുന്ന കുറിപ്പ്

കേരളം മുഴുവൻ വിങ്ങിപ്പൊട്ടിയ ദിനമായിരുന്നു ഇന്നലെ. പ്രാർത്ഥനകൾ ബാക്കിയാക്കി ദേവനന്ദയെന്ന കുരുന്ന് വിടപറഞ്ഞത് ഇന്നലെയായിരുന്നു. ഒരു പകലും രാത്രിയും നടത്തിയ തിരച്ചിൽ ചെന്നെത്തിയത് പുഴ കടവിൽ. ദേവനന്ദയുടെ കുരുന്നു ശരീരം വീടിനടുത്തുള്ള പുഴയിൽ നിന്നും കണ്ടെടുക്കുമ്പോൾ വിറങ്ങലിൽച്ചു നിന്നത് കേരള ജനത ഒട്ടാകെയാണ്. വലിയവനെന്നോ ചെറിയവനെന്നോ ഇല്ലാതെ സാദാരണക്കാരെന്നോ സെലിബ്രിറ്റിയെന്നോ ഇല്ലാതെ കേരളം മുഴുവൻ കുഞ്ഞിനായി തിരഞ്ഞു. ആത്മാർഥമായി പ്രാർത്ഥിച്ചു. പക്ഷെ വിധി മറ്റൊന്നായിരുന്നു. ദേവനന്ദയെ കാണാതായ വാർത്ത പ്രചരിപ്പിക്കാൻ കേരളം മുഴുവൻ ഒത്തുകൂടുകയായിരുന്നു. അക്കൂട്ടത്തിൽ താര രാജാക്കന്മാരും നിരവധി താരങ്ങളും ഉൾപ്പെട്ടു. വാർത്ത മമ്മൂട്ടിയും മോഹൻ ലാലുമടക്കം കുഞ്ഞിന്റെ തിരോധാന വാർത്ത പങ്കുവെച്ചിരുന്നു.
എന്നാലിന്നലെ ദേവനന്ദയുടെ മരണവാർത്ത ഒരു ദുരന്ത വാർത്തപ്പോലെ നാടിനെ ഒന്നടങ്കം കണ്ണീരണിയിച്ച് എത്തിയപ്പോൾ വിതുമ്പിയവരുടെ കൂട്ടത്തിലും താരങ്ങൾ ഉണ്ടായിരുന്നു. ദേവനന്ദയുടെ മരണത്തിൽ അനുശോചനമറിയിച്ച് മമ്മൂക്ക എഴുതിയ കുറിപ്പ് മാധ്യമ ശ്രദ്ധ നേടുകയാണ്. ഒരച്ഛന്റെ വേദന ആണ് ആ കുറിപ്പിൽ നിറഞ്ഞുനിന്നത്.
മനസ്സിലാകെ നിറയുന്നത് ദേവനന്ദയാണ്. അവളുടെ പുഞ്ചിരിക്കുന്ന മുഖം മറക്കാൻ കഴിയുന്നില്ല. ആ അച്ഛനമ്മമാരെ ഹൃദയത്തോട് ചേർത്തു നിർത്തുന്നു. നാല് വർഷത്തിലൊരിക്കൽ മാത്രം കിട്ടുന്ന എക്സ്ട്രാ ദിവസമാണിന്ന്. അതിവർഷത്തിലെ ഫെബ്രുവരി 29. ഈ അധിക ദിവസം മറ്റുള്ളവർക്ക് സന്തോഷവും ആശ്വാസവും കിട്ടുന്ന ഒരു കാര്യമെങ്കിലും ചെയ്യാൻ നമുക്കെല്ലാവർക്കും ശ്രമിക്കാം. ഒരു പുഞ്ചിരി, ഒരു ആലിംഗനം, ഒരു സമ്മാനം, ഒരു കാരുണ്യ പ്രവർത്തി, അങ്ങനെ എന്തുമാകാം അത്. ദേവനന്ദക്കായുള്ള ഏറ്റവും ഉചിതമായ ആദരാഞ്ജലിലായി ഈ അധിക ദിവസത്തെ നമുക്ക് നന്മ ദിനമാക്കാം. ഇതായിരുന്നു മമ്മൂക്കയുടെ വാക്കുകൾ. ഹൃദയത്തിൽ അത്രമേൽ തറക്കുന്ന വാക്കുകളായിരുന്നു അവ.
മമ്മൂക്കയ്ക്ക് പുറമെ മോഹൻ ലാൽ, കുഞ്ചാക്കോ ബോബൻ, അജു വർഗീസ്, നിവിൻ പോളി തുടങ്ങിയവരും ദേവനന്ദക്ക് അനുശോചനം അറിയിച്ചിരുന്നു. നാട് മുഴുവൻ പ്രാർത്ഥനയിലായിരുന്നപ്പോൾ വാർത്ത കൈമാറാൻ ഇവരും രംഗത്തെത്തിയിരുന്നു. എന്നാൽ ശ്രമങ്ങൾ എല്ലാം പാഴാക്കി ദേവനന്ദ പോയ്മറഞ്ഞു. ഓർമ്മകൾ മാത്രം ബാക്കിയാക്കി.
ഫെബ്രുവരി ഇരുപത്തിയേഴിനാണ് വീടിനുള്ളിൽ നിന്നും ദേവനന്ദയെ കാണാതാകുന്നത്. നാലുമാസം പ്രായമുള്ള മകനെ ദേവനന്ദയുടെ അരികിലാക്കി 'അമ്മ ധന്യ തുണിയലക്കാൻ പോയ സമയത്താണ് ദേവനന്ദയെ കാണാതാകുന്നത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പ്രവാസിയായ ദേവനന്ദയുടെ പിതാവ് പ്രദീപ് കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞ് നാട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ ചേതനയറ്റ ശരീരമായിരുന്നു. തന്റെ മകനെ ആദ്യമായി കണ്ട ദിവസ തന്നെ മകൾ വിടവാങ്ങുന്ന ക്രൂര വിധിയായിരുന്നു പ്രദീപ് എന്ന അച്ഛന് നേരിടേണ്ടി വന്നത്. ദേവനന്ദ മുങ്ങി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മകളുടെ വാശി അംഗീകരിച്ച് വേനലവധിക്ക് നാട്ടിലേക്കു തിരിക്കാനുള്ള ആലോചനയിലായിരുന്നു പ്രദീപ്. ഇളയമകന്‍ നാലുമാസം പ്രായമുള്ള ദേവദത്തനെയും പ്രദീപ് കണ്ടിരുന്നില്ല. രണ്ടു മക്കളുമൊത്തുള്ള ആഘോഷക്കാലത്തിനായി നാട്ടിലെത്താനിരുന്ന അച്ഛന് വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ഇനി ഒരിക്കലും മകളുടെ ആഗ്രഹം സഫലമാക്കാനും ആ അച്ഛന് സാധിക്കില്ല.
https://www.facebook.com/Malayalivartha
























