പത്തനംതിട്ടയിലെ പരീക്ഷകളെ കൊറോണ ബാധിക്കുമോ? കൊറോണ വൈറസ് ബാധിച്ച 732 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലായ സാഹചര്യത്തിൽ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ എങ്ങനെ നടത്തും എന്ന ആശങ്കയിൽ സർക്കാർ

കൊറോണ വൈറസ് ബാധിച്ച 732 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലായ സാഹചര്യത്തിൽ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ എങ്ങനെ നടത്തും എന്ന ആശങ്കയിലാണ് സർക്കാർ. രോഗ ബാധിതരിൽ 648 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയമുള്ളവരുടെ 729 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 664 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ പത്തനംതിട്ട ജില്ലയിലെ 3 പേര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 2 പേര്‍ക്കും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല.
കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും യാത്രാ ചരിത്രമുള്ളവര്‍ അല്ലെങ്കില്‍ അത്തരം യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍, വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാനും സർക്കാർ അഭ്യര്‍ത്ഥിച്ചു. ആറ്റുകാൽ പൊങ്കാലക്ക് കനത്ത ജാഗ്രത കാണിച്ച സർക്കാർ ചൊവ്വാഴ്ച ആരംഭിക്കുന്ന പരീക്ഷയുടെ കാര്യത്തിലാണ് യഥാർത്ഥ പ്രതിസന്ധിയിലായത്. പൊങ്കാലക്ക് എത്തുന്നവർ പ്രായപൂർത്തിയായവരാണ്. അവർക്ക് കാര്യങ്ങൾ ബോധ്യമാവും. എന്നാൽ കുട്ടികളെ എന്ത് ചെയ്യുമെന്ന കാര്യത്തിൽ സർക്കാരിന് വ്യക്തതയില്ല.
ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്‌ഷേക്ക് പോലുള്ള സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. ചുമ, പനി, ശ്വാസം മുട്ട് അല്ലെങ്കില്‍ വൃക്കകരള്‍ രോഗം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഏതെങ്കിലും രോഗമുള്ളവര്‍ വീട്ടിൽ കഴിയണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടുക തുടങ്ങിയ നിർദ്ദേശങ്ങളാണ് സർക്കാർ നൽകിയിരിക്കുന്നത്. എന്നാൽ കുട്ടികൾ ഇത്തരം നിർദ്ദേശങ്ങൾ കൃത്യമായി അനുസരിക്കാറില്ല. പരീക്ഷ ഒരു പൊതു സ്ഥലമായതിനാൽ മുൻകരുതലുകൾ കീഴ്മേൽ മറിയാൻ സാധ്യതയുണ്ട്. പൊതു പരീക്ഷകൾ മാറ്റിവയ്ക്കാൻ പറ്റിയ സാഹചര്യമല്ല കേരളത്തിലുള്ളത്. രോഗത്തിന്റെ വ്യാപനം എത്ര കാലം നിൽക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല.
പൊതുപരീക്ഷകൾ മാറ്റി വയ്ക്കാൻ സർക്കാർ അലോചിച്ചിരുന്നെങ്കിലും അത്തരമൊരു നീക്കം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. പരീക്ഷ മാറ്റിവച്ചാൽ കാര്യങ്ങൾ കീഴ്മേൽ മറിയുമെന്ന നിർദ്ദേശത്തെ തുടർന്നാണ് സർക്കാർ പിൻമാറിയത്. എന്നാൽ പത്തനംതിട്ടയിലെ പരീക്ഷകളെ കൊറോണ ബാധിക്കുമെന്ന കാര്യം ഉറപ്പായി കഴിഞ്ഞു. കർശനമായ നിയന്ത്രണങ്ങൾ സ്കൂൾ തലത്തിൽ ഏർപ്പെടുത്താനുള്ള നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്. കുട്ടികൾക്കിടയിൽ രോഗ പ്രതിരോധ ബോധവത്കരണവും സംഘടിപ്പിക്കും.
https://www.facebook.com/Malayalivartha























