സര്‍ക്കാര്‍ നിർദ്ദേശം അട്ടിമറിക്കപ്പെട്ടു; ആറ്റുകാല്‍ പൊങ്കാലയ്ക്ക് കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് ആറ് പേരുടെ സംഘം എത്തി

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് വിദേശികള്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തി. ഇതോടെ വിദേശികളെ പൊങ്കാലയ്ക്ക് എത്തിക്കരുതെന്നും അവര്‍ക്ക് പൊങ്കാലയിടാനുള്ള സൗകര്യം താമസിക്കുന്ന റിസോര്‍ട്ടുകളില്‍ ഏര്‍പ്പെടുത്തണമെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിക്കപ്പെട്ടു. കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് ആറ് പേരുടെ സംഘമാണ് എത്തിയത്. ഇവരെ പിന്നീട് തിരിച്ചയതായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതോടൊപ്പം സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്ന ഹോട്ടലുകള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിദേശികള്‍ ഹോട്ടലുകളില്‍ തന്നെ തങ്ങണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിര്‍ദേശിച്ചു. നേരത്തെ വിദേശികള്‍ക്ക് ഹോട്ടലുകളില്‍ പൊങ്കാലയിടാമെന്നായിരുന്നു ആരോഗ്യമന്ത്രിയും നല്‍കിയ നിര്‍ദേശം.
കുംഭപൗര്‍ണമി ദിനമായ ഇന്ന് രാവിലെ 10.20 നാണ് പൊങ്കാല ചടങ്ങുകള്‍ തുടങ്ങുന്നത്. രാവിലെ 9.45 ന് ശുദ്ധപുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുന്നത്. ക്ഷേത്രത്തിന് മുന്നില്‍ നിന്നും തോറ്റംപാട്ടുകാര്‍ കണ്ണകി ചരിതത്തില്‍ പണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞാലുടന്‍ തന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറും.
മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറും. സഹമേല്‍ശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പൊങ്കാല അടുപ്പിലും തീ പകരും. തുടര്‍ന്ന് ദീപം പൊങ്കാല അടുപ്പുകളിലേക്ക് കൈമാറുന്നതോടെ നഗരം ഒരു യാഗശാലയായി മാറും. ഉച്ചയ്ക്ക് 2.10 നാണ് പൊങ്കാല നിവേദ്യം. ദേവി ദര്‍ശനത്തിനായി ഒഴുകി എത്തുന്ന ഭക്തരാല്‍ വലിയ തിരക്കാണ് ആറ്റുകാലിലിലും പരിസരത്തും അനുഭവപ്പെടുന്നത്.
https://www.facebook.com/Malayalivartha

























