സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കും; കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കും; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് നിരീക്ഷണ സംവിധാനം ഒരുക്കുന്നു. മരുന്നുകളുടെ ലഭ്യത സംബന്ധിച്ച് വിവിധ ഇടങ്ങളിൽ ഉയരുന്ന പരാതികൾ കൃത്യമായി പരിശോധിക്കുകയും യഥാർത്ഥ സ്ഥിതി നേരിട്ട് മനസ്സിലാക്കുകയും ചെയ്ത് മരുന്നുക്ഷാമം ഉണ്ടാകുന്നതിന് മുമ്പുതന്നെ പരിഹാര നടപടി സ്വീകരിക്കുന്നതിനായി ഓരോ ജില്ലയിലും ജില്ലാതല മരുന്ന് ലഭ്യത നിരീക്ഷണ സമിതി രൂപീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി.
അഡീഷണൽ ഡി.എം.ഒ (ഹെൽത്ത്) അല്ലെങ്കിൽ ഡെപ്യൂട്ടി ഡി.എം.ഒ (ഹെൽത്ത്) സമിതിയുടെ കൺവീനറായിരിക്കും. ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ട്, അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ / ഡ്രഗ്സ് ഇൻസ്പെക്ടർ, ഫാർമസി സ്റ്റോർ സൂപ്രണ്ട് / ഫാർമസിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ, കെ.എം.എസ്.സി.എൽ. വെയർഹൗസ് മാനേജർ എന്നിവർ സമിതി അംഗങ്ങളാകും.
കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.സ്റ്റോക്കുണ്ട് എന്ന രേഖയിലെ കണക്കിനപ്പുറം രോഗിക്ക് മരുന്ന് ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാന മാനദണ്ഡമെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























