എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ തന്നെ ആരംഭിക്കും: രോഗബാധിതരുമായി അടുത്തിടപഴകിയ രോഗ ലക്ഷണമുള്ള കുട്ടികള്‍ പരീക്ഷ എഴുതാന്‍ പാടില്ല; ഐസലേഷനിലുള്ളവര്‍ക്ക് സേ പരീക്ഷയ്ക്ക് അവസരമൊരുക്കും- പരീക്ഷ സെന്ററുകളില്‍ മാസ്ക്ക് നൽകും

ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല. സംസ്ഥാനത്ത് കൊറോണ വെെറസ് പടരുന്ന സാഹചര്യത്തില്‍ പരീക്ഷകൾ എങ്ങനെ നടത്തും എന്ന ആശങ്കയിലായിരുന്നു സർക്കാർ. എന്നാൽ പരീക്ഷകൾ നാളെ തന്നെ ആരംഭിക്കും. 13 ലക്ഷം കുട്ടികള്‍ പരീക്ഷയെഴുതുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എല്ലാ സ്‌കൂളുകള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി.
പത്തനംതിട്ട ജില്ലയില്‍ ജാഗ്രത നിലവിലുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഐസലേഷനിലുള്ളവര്‍ക്ക് സേ പരീക്ഷയ്ക്ക് അവസരമൊരുക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. രോഗബാധിതരുമായി അടുത്തിടപഴകി രോഗ ലക്ഷണമുള്ള കുട്ടികള്‍ പരീക്ഷ എഴുതാന്‍ പാടുള്ളതല്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവര്‍ക്ക് അതേ സ്‌കൂളില്‍ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. പരീക്ഷ സെന്ററുകളില്‍ മാസ്ക്കും ലഭ്യമാക്കും.
പൊതുപരീക്ഷകൾ മാറ്റി വയ്ക്കാൻ സർക്കാർ അലോചിച്ചിരുന്നെങ്കിലും അത്തരമൊരു നീക്കം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. പരീക്ഷ മാറ്റിവച്ചാൽ കാര്യങ്ങൾ കീഴ്മേൽ മറിയുമെന്ന നിർദ്ദേശത്തെ തുടർന്നാണ് സർക്കാർ പിൻമാറിയത്. കർശനമായ നിയന്ത്രണങ്ങൾ സ്കൂൾ തലത്തിൽ ഏർപ്പെടുത്താനുള്ള നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്. കുട്ടികൾക്കിടയിൽ രോഗ പ്രതിരോധ ബോധവത്കരണവും സംഘടിപ്പിക്കും.
https://www.facebook.com/Malayalivartha























