ക്ഷേത്രത്തിലെ ഉത്സവത്തിന് തിടമ്പേറ്റാന്‍ എത്തിച്ച ആന കുളിപ്പിക്കാന്‍ ഇറക്കിയ കനാലില്‍ നിന്ന് ഇറങ്ങിയില്ല; ആനയ്ക്ക് പകരം ഒമിനി വാനില്‍ തിടമ്പേറ്റി ക്ഷേത്രം വേറിട്ട എഴുന്നളളിപ്പിന് സാക്ഷിയായി

പീച്ചി തുണ്ടത്ത് ദുർഗ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് തിടമ്പേറ്റാന്‍ എത്തിച്ച ആന കുളിപ്പിക്കാന്‍ ഇറക്കിയ കനാലില്‍ നിന്ന് ഇറങ്ങിയില്ല. ഇതോടെ ആനയ്ക്ക് പകരം ഒമിനി വാനില്‍ തിടമ്പേറ്റിയതോടെ ക്ഷേത്രം വേറിട്ട എഴുന്നളളിപ്പിന് സാക്ഷിയായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആനയുടെ കുസൃതി കാരണം വേറിട്ട എഴുന്നളളിപ്പ് നടന്നത്. തിടമ്പേറ്റുന്നതിന് മുന്നോടിയായി കുളിപ്പിക്കാന്‍ കനാലില്‍ ഇറങ്ങിയ ചോപ്പീസ് കുട്ടിശങ്കരന്‍ എന്ന ആനയാണ് തിരിച്ച് കയറാന്‍ തയ്യാറാവാതിരുന്നത്. ഇതോടെയാണ് ആനയ്ക്ക് പകരം ഒമിനി വാനില്‍ തിടമ്പേറ്റാന്‍ തീരുമാനിച്ചത്.
പൊടിപ്പാറയില്‍ ഇടതുകര കനാലിലാണ് എഴുന്നള്ളിപ്പിന് മുമ്പ് ആനയെ കുളിപ്പിക്കാനിറക്കിയത്. എന്നാല്‍ വെളത്തില്‍ ഇറങ്ങിയ ആന തിരികെ കയറാന്‍ കൂട്ടാക്കാതെ രണ്ടര മണിക്കൂറോളം നേരം വെള്ളത്തില്‍ തന്നെ കിടക്കുകയായിരുന്നു. കനാലിലെ ചെറിയ ഒഴുക്കുള്ള വെള്ളത്തിന്റെ കുളിരില്‍ കിടന്ന ആനയെ തിരിച്ച് കയറ്റാന്‍ പപ്പാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ആന അനങ്ങാന്‍ കൂട്ടാക്കിയില്ല. കയര്‍ ബന്ധിച്ച് ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമവും വിഫലമായി. രാവിലെ ഒമ്പത് മണിക്ക് കുളിക്കാനിറങ്ങിയ ആന ഒരു മണിയോടെയാണ് കരയ്ക്ക് കയറിയത്. തുടര്‍ന്ന്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനയ്ക്ക് എഴുന്നള്ളിപ്പിനുള്ള അനുമതി നിഷേധിച്ചു. ഇതോടെ, നെറ്റിപ്പട്ടം അണിഞ്ഞ് തിടമ്പുമേറ്റി ഒമിനി വാന്‍ എഴുന്നള്ളിപ്പിന് ഇറങ്ങുകയായിരുന്നു.
അന്നേ ദിവസം തന്നെ ജില്ലയിൽ മൂന്നിടത്ത് ആനകൾ പ്രശ്‌നക്കാരായി. ഒളരിക്കര അമ്പലത്തിന്റെ ഉടമസ്ഥതയിലുള്ള കാളിദാസൻ എന്ന ആന അതേ ക്ഷേത്രത്തിലും ഊട്ടോളി അനന്തൻ പീച്ചി ദുർഗാക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനു കൊണ്ടുവന്നപ്പോഴുമാണ് ഇടഞ്ഞത്. കാളിദാസൻ ഇടഞ്ഞതിലാണ് കൂടുതൽ പരിഭ്രാന്തിയുണ്ടായത്. രണ്ടുമണിക്കൂറിനുശേഷമാണ് ആനയെ തളയ്ക്കാനായത്. നീരിനെത്തുടർന്ന് 10 ദിവസമായി തളച്ചിരുന്ന ആനയെ രണ്ടുദിവസംമുമ്പാണ് കെട്ടഴിച്ചത്. വെള്ളിയാഴ്‌ച രാവിലെ എട്ടരയോടെ ദർശനത്തിന് കൊണ്ടുവന്നപ്പോഴാണ് നടപ്പുരയിൽവെച്ച് ഇടഞ്ഞത്. ആനപ്പുറത്തുണ്ടായിരുന്ന രണ്ടാംപാപ്പാൻ ചാടിരക്ഷപ്പെട്ടു.
ഒന്നാംപാപ്പാനെ തുമ്പിക്കൈ വീശി തട്ടിയിടാൻ ശ്രമിച്ചു. പാപ്പാന്റെ ദേഹത്ത് ഉരഞ്ഞതേയുള്ളൂ. തുടർന്ന് പാപ്പാന്മാർ ആനയെ ക്ഷേത്രത്തിനു പുറത്ത് എത്തിക്കുകയായിരുന്നു. ക്ഷേത്രത്തിനകത്ത് നിരവധി ഭക്തർ എത്തിയ സമയമായിരുന്നു. ഇവർ പരിഭ്രാന്തരായി പുറത്തേയ്ക്കോടി. ഇതോടെ ആനയും ഓടി. ക്ഷേത്രത്തിനു പുറത്തെ പറമ്പിൽ ഇടഞ്ഞോടിയ ആന പറമ്പിലെ ഒരു പന കുത്തിമറിച്ചിട്ടു. ഇതിനിടെയാണ് പാപ്പാന് നേരെ ആന തുമ്പിക്കൈ വീശിയത്. വിവരമറിഞ്ഞെത്തിയ എലഫന്റ് സ്‌ക്വാഡിലെ സ്നേഹേഷും ഷിബിയും ഫിറോഷും അഭിജിത്തും പോലീസും പാപ്പാന്മാരും ചേർന്ന് രണ്ടുമണിക്കൂറെടുത്താണ് ആനയെ തളച്ചത്.
പീച്ചി തുണ്ടത്ത് ദുർഗാഭഗവതീക്ഷേത്രത്തിലെ പുണർതം ഉത്സവ എഴുന്നള്ളിപ്പിനെത്തിച്ച് ലോറിയിൽനിന്ന് ഇറക്കിയപ്പോഴാണ് ഊട്ടോളി അനന്തൻ എന്ന ആന ഇടഞ്ഞോടിയത്. വെള്ളിയാഴ്‌ച രാവിലെ 10-നായിരുന്നു സംഭവം. ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ പാപ്പാനെ ആക്രമിക്കുന്നതിനാണ് ഓടിയത്. സമീപത്തെ ആൾത്താമസമില്ലാത്ത കെ.ഇ.ആർ.ഐ. ക്വാർട്ടേഴ്സ് പരിസരത്ത് ഓടിക്കയറിയാണ് പാപ്പാൻ രക്ഷപ്പെട്ടത്. തുടർന്ന് പാപ്പാന്മാർ ചേർന്ന് ആനയെ സമീപത്തെ മരത്തിൽ തളച്ചു. ഒരുമണിക്കൂറിനുശേഷം എഴുന്നള്ളിപ്പിന് നിർത്താതെ ആനയെ തിരികെ കൊണ്ടുപോയി. മുള്ളൂർക്കര വേലയ്ക്കെത്തിയ കൊല്ലാംമാക്ക് വിഭാഗത്തിന്റെ ആന എഴുന്നള്ളിപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അനുസരണക്കേടുകാട്ടി. ആദി എന്ന ആനയാണ് തലേക്കെട്ട് അഴിക്കുന്നതിനിടെ അനുസരണക്കേട് കാണിച്ചത്. ചട്ടക്കാർ പ്രശ്‌നങ്ങളൊന്നുമില്ലാതെ സമീപത്തെ എസ്റ്റേറ്റിൽ ആനയെ പിന്നീട് തളയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























