അമ്മയുടെ സ്വത്ത് വിറ്റു കാശു തുലച്ചു ; ഒടുവിൽ 'അമ്മ മരിച്ചപ്പോൾ സംസ്കാരത്തിന് പണമില്ല; അമ്മയുടെ മൃതദേഹം കാറില്‍ കൊണ്ടുനടന്ന് അഴുക്ക് ചാലിൽ ഉപേക്ഷിച്ച മകന്‍ അറസ്റ്റില്‍

പെറ്റമ്മയുടെ മൃതദേഹം ഓടയിൽ തള്ളിയ മകൻ പൊലീസ് പിടിയിലായിരിക്കുന്നു. . കോട്ടയം പാലായിലാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത് . .അമ്മയുടെ മൃതദേഹം സംസ്കരിക്കാൻ സ്ഥലം ഇല്ലാതിരുന്നതിനെ തുടർന്നാണു മൃതദേഹം ഓടയിൽ തള്ളിയതെന്നായിരുന്നു മകന്റെ വാദം . എന്നാൽ ഇതേ മകൻ അമ്മയുടെ പേരിലുള്ള വസ്തു 10 വർഷം മുൻപ് വിറ്റത് 60 ലക്ഷം രൂപയ്ക്കാണെന്നു പൊലീസ് പറഞ്ഞു. മാവേലിക്കര ചെട്ടിക്കുളങ്ങര അമലാ ഭവൻ പരേതനായ ബേബിയുടെ ഭാര്യയാണ് മരിച്ച അമ്മുക്കുട്ടി ഇവരുടെ മകൻ അലക്സ് ബേബിആണ് മൃതദേഹം ഓടയിൽ തള്ളിയ സംഭവത്തിൽ അറസ്റ്റിലായത്. പാലാ- തൊടുപുഴ ഹൈവേയിൽ കാർമൽ ആശുപത്രി റോഡിന് എതിർവശത്തെ കലുങ്കിന് സമീപം 5ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്മുക്കുട്ടിയും മകൻ അലക്സും ചിങ്ങവനത്തെ സ്വകാര്യ ലോഡ്ജിലാണ് 3 വർഷമായി താമസിച്ചിരുന്നത്.
പിതാവ് ബേബി 10 വർഷം മുൻപ് മരിച്ചതിനെ തുടർന്ന് സഹോദരനെ വീട്ടിൽ നിന്നുമടിച്ചിറക്കി മാവേലിക്കരയിലെ സ്ഥലം വിറ്റ അലക്സ് അമ്മയ്ക്കൊപ്പം വിവിധ സ്ഥലങ്ങളിൽ താമസിച്ചു വരികയായിരുന്നു.. അവിവാഹിതനായ അലക്സ് വാഹന ബ്രോക്കറാണ്. ബന്ധുക്കളുമായി അടുപ്പം ഉണ്ടായിരുന്നില്ല. അമ്മുക്കുട്ടിയുടെ മറ്റൊരു മകൻ വിദേശത്താണ്. നാലിന് ഉച്ചയ്ക്ക് 12നാണ് അമ്മുക്കുട്ടി മരിച്ചത്. രാത്രി 9ന് മൃതദേഹം ലോഡ്ജ് മുറിയിൽ നിന്നെടുത്ത് അലക്സ് സ്വന്തം കാറിൽ കയറ്റി. അമ്മയ്ക്ക് അസുഖമാണെന്നും ആശുപത്രിയിൽ കൊണ്ടുപോവുകയാണന്നും ലോഡ്ജ് ജീവനക്കാരോടു പറഞ്ഞു. പിന്നീട് വിവിധ സ്ഥലങ്ങളിലൂടെ കറങ്ങി പാലാ-തൊടുപുഴ റോഡിൽ കലുങ്കിനോടു ചേർന്നു കാട്ടുചെടികൾ നിറഞ്ഞ ഓടയിൽ രാത്രി 12 മണിയോടെ തള്ളുകയായിരുന്നു.
പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കാറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് അലക്സിലെത്തിച്ചത്. അന്വേഷണത്തിൽ കെഎൽ 7 എആർ 6690 കാർ പാലായിലെ പേ ആൻഡ് പാർക്കിൽ ഉണ്ടെന്നു വിവരം ലഭിച്ചു. പൊലീസ് സംഘം പാർക്കിങ് മൈതാനിയിലെ ജീവനക്കാരുടെ വേഷത്തിൽ കാത്തു നിന്നു. ഇന്നലെ കാർ എടുക്കാനായി അലക്സ് എത്തിയപ്പോൾ പിടികൂടുകയായിരുന്നു. മൃതദേഹം ഓടയിൽ തള്ളിയശേഷം വിവിധ സ്ഥലങ്ങളിലൂടെ കറങ്ങിയശേഷം അലക്സ് പാലായിലെ മറ്റൊരു ലോഡ്ജിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു.
കോട്ടയം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശത്തെ തുടർന്ന് ഡിവൈഎസ്പി ഷാജിമോൻ ജോസഫ്, സിഐ വി.എ. സുരേഷ്, പൊലീസ് ഉദ്യോഗസ്ഥരായ തോമസ് സേവ്യർ, പി.കെ.മാണി, പി.എ.അബ്ബാസ്, പി.വി.ഷാജിമോൻ, പി.എച്ച് ഹാഷിം, അരുൺ ഛന്ദ്, ഷാജി കുമാർ, ബീനാമ്മ എന്നിവരുടെ സംഘമാണ് അന്വേഷിച്ചത്. അലക്സിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഇന്നു കോടതിയിൽ ഹാജരാക്കും. ഐപിസി 304 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ചികിത്സ നൽകാത്തതിനും മൃതദേഹത്തോട് അനാദരവ് കാണിച്ചതും ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്.
https://www.facebook.com/Malayalivartha























