ആഗ്ര സ്വദേശികളായ മൂന്നുപേര്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കേസില്‍ പ്രതികളെന്ന സംശയിക്കുന്നവരെ പാലക്കാട് നിന്ന് പിടികൂടി

സേലത്ത് മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന സംശയിക്കുന്നവരെ പാലക്കാട് നിന്ന് പിടികൂടി. സേലത്ത് നിന്ന് ട്രെയിനില്‍ കേരളത്തിലേക്ക് രക്ഷപ്പെട്ട നാലുപേരെ പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് കേരള പൊലീസ് പിടികൂടിയത്. ഇവരെ തമിഴ്‌നാട് പൊലീസിന് കൈമാറും. കഴിഞ്ഞ ദിവസം രാത്രിയാണ് സേലം തിരുമലഗിരിയില്‍ ആഗ്ര സ്വദേശികളായ മൂന്നുപേര്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തിരുമലഗിരിയിലെ വെള്ളിയാഭരണ നിര്‍മാണശാലയിലെ തൊഴിലാളികളായ ആകാശ്(23) ഭാര്യ വന്ദനകുമാരി(21) ആകാശിന്റെ സഹോദരീപുത്രന്‍ സന്നി കുമാര്‍(18) എന്നിവരാണ് മരിച്ചത്.
ആകാശിന്റെ പത്തുമാസം പ്രായമുള്ള കുഞ്ഞ് രാത്രി നിര്‍ത്താതെ കരയുന്നത് കേട്ട് അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. വെള്ളിയാഭരണ നിര്‍മാണ ശാലയില്‍ അടുത്തിടെ ജോലിക്കെത്തിയ നാല് ആഗ്ര സ്വദേശികള്‍ ആകാശിന്റെ വീട്ടിലുണ്ടായിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ സംഭവദിവസം ഇവരെ കാണാതായതായും അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു.
നാലുപേരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് നഗരത്തിലെ സിസിടിവികള്‍ വിശദമായി പരിശോധിച്ചു. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവിയില്‍നിന്നാണ് നാലുപേരുടെയും ദൃശ്യങ്ങള്‍ ലഭിച്ചത്. ഇവര്‍ കേരളത്തിലേക്കുള്ള ട്രെയിന്‍ കയറിയതായും കണ്ടെത്തി. ഇതോടെ സേലം പൊലീസ് പാലക്കാട് പൊലീസില്‍ വിവരം അറിയിച്ചു. നാലുപേരെയും പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് പിടികൂടുകയുമായിരുന്നു.
https://www.facebook.com/Malayalivartha























